ആരിഫ് അല്‍വി പാകിസ്താന്റെ പതിമൂന്നാം പ്രസിഡന്റ്
world
ആരിഫ് അല്‍വി പാകിസ്താന്റെ പതിമൂന്നാം പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th September 2018, 8:39 pm
ഇസ്ലാമാബാദ്: പാകിസ്താന്‍ തെഹ്‌റീക്-ഇ-ഇന്‍സാഫ് (പി.റ്റി.ഐ) സ്ഥാപകരില്‍ പ്രധാനിയും നേതാവുമായ ആരിഫ് അല്‍വി പാകിസ്താന്റെ പുതിയ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. പാകിസ്ഥാന്റെ പതിമൂന്നാമത്തെ പ്രസിഡന്റായി ഡോ. ആരിഫ് അല്‍വിയെ തിരഞ്ഞെടുത്തതായി പാകിസ്താന്‍ ദേശീയ ചാനലായ പി.ടി.വിയാണ് റിപ്പോര്‍ട്ടു ചെയ്തത്.

എതിര്‍ സ്ഥാനാര്‍ഥികളായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഐസാസ് അഹ്‌സാന്‍, പാകിസ്താന്‍ മുസ്ലീം ലീഗിന്റെ മൗലാനാ ഫസല്‍ റഹ്മാന്‍ എന്നിവരെ ബഹുദൂരം പിന്നിലാക്കിയാണ് അറുപത്തിയൊമ്പത്കാരനായ ആരിഫ് അല്‍വി വിജയിച്ചത്.



“ഇത് പുതിയ പാക്കിസ്താന്‍ നിര്‍മ്മിക്കുന്നതിനുള്ള തുടക്കമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിഷ്‌ക്രിയരാകാന്‍ പോകാന്‍ എന്റെ പാര്‍ട്ടി എന്നെ തിരഞ്ഞെടുത്തിട്ടില്ല.” തിരഞ്ഞെടുപ്പ് വിജയശേഷം ആരിഫ് അല്‍വി പറഞ്ഞു.

ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള വികസന പ്രോജക്ടുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്നും എല്ലാ ഫെഡറേഷനുകള്‍ക്കും തുല്യ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ ശക്തമായി വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



പാകിസ്താന്‍ ദേശീയ സഭയിലും സെനറ്റിലുമായി ആകെ 430 വോട്ടുകളാണുള്ളത്. ഇതില്‍ 212 ഉം ആരിഫ് അല്‍വി നേടിയപ്പോള്‍ അഹ്‌സാന്‍, ഫസല്‍ റഹ്മാന്‍ എന്നിവര്‍ യഥാക്രമം 81 ഉം 131 ഉം വോട്ടുകളാണ് നേടിയത്.
ദന്ത ഡോക്ടറായിരുന്ന ആരിഫ് അല്‍വി 2006 മുതല്‍ 2013 വരെ പി.റ്റി.ഐയുടെ സെക്രട്ടറി ജനറലായിരുന്നു. 2013ല്‍ ദേശീയ സഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അല്‍വി വിജയിച്ചിരുന്നു. ജൂലായ് 25ന് നടന്ന തിരഞ്ഞെടുപ്പിലും കറാച്ചിയില്‍നിന്ന് ദേശീയ സഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുണ്ട്.
നിലവിലെ രാഷ്ട്രപതിയായ മംമ്‌നൂന്‍ ഹുസൈന്റെ കാലാവധി സെപ്റ്റംബര്‍ 8ന് അവസാനിക്കും.