|

ഇമ്രാന്‍ ഖാനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം; രണ്ട് എം.പിമാര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ പി.ടി.ഐ(പാകിസ്ഥാന്‍ തെഹ്‌രീക് ഇന്‍സാഫ്)യുടെ രണ്ട് പാര്‍ലമെന്റ് എം.പിമാരെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഇമ്രാന്‍ ഖാന്റെ മോചനം ആവശ്യപ്പെട്ട് ദിവസങ്ങളായി പാകിസ്ഥാനില്‍ തുടരുന്ന പ്രക്ഷോഭത്തിനിടയിലാണ് എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇവര്‍ക്ക് പുറമെ പാര്‍ട്ടി പ്രസിഡന്റ് ഗോഹര്‍ ഖാനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി വാര്‍ത്താ ഏജന്‍സിയായ എ.പി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എത്രപേര്‍ അറസ്റ്റിലായെന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും വന്നിട്ടില്ല.

2022ല്‍ അവിശ്വാസ വോട്ടെടുപ്പിലൂടെ പ്രധാനമന്ത്രി പദം നഷ്ടപ്പെട്ട മുന്‍ ക്രിക്കറ്റര്‍ കൂടിയായ ഇമ്രാന്‍ ഖാന്റെ പേരില്‍ 150 ലധികം കുറ്റങ്ങള്‍ ആണ് ചുമത്തിയിരിക്കുന്നത്. എന്നാല്‍ ഈ കേസുകള്‍ എല്ലാം വ്യാജമായി കെട്ടിച്ചമച്ചതാണെന്നും അദ്ദേഹത്തെ വെറുതെ വിടണമെന്നും ആവശ്യപ്പെട്ട് പതിനായിരങ്ങളാണ് തെരുവിലിറങ്ങിയിരിക്കുന്നത്.

പ്രതിഷേധം നടന്ന ഇസ്ലാമാബാദിലെ സഞ്ജരാനി പട്ടണത്തില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. ആക്രമണത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

എന്നാല്‍ ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന അദ്ദേഹത്തിന്റെ വക്താവ് എ.പിയോട് പറഞ്ഞിരുന്നു.

നിലവിലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മുഖ്യരാഷ്ട്രീയ എതിരാളിയാണ് ഇമ്രാന്‍ ഖാന്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പി.ടി.ഐ ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും എതിര്‍ക്ഷികളായ നവാസ് ഷെരീഫിന്റെ പി.എം.എല്‍.എന്‍ പാര്‍ട്ടിയും ബിലാവല്‍ ഭൂട്ടോയുടെ പി.പി.പിയും കൂട്ടുകക്ഷികളായി സര്‍ക്കാര്‍ രൂപികരിക്കുകയായിരുന്നു.

ഫലം പ്രഖ്യാപിച്ച 250 സീറ്റുകളില്‍ ഇമ്രാന്റെ പാര്‍ട്ടി 91 സീറ്റുകളും നവാസിന്റെ പി.എംഎല്‍.എല്‍ 71, പി.പി.പി 53 സാറ്റുകളുമാണ് നേടിയത്. കഴിഞ്ഞ ജൂലായില്‍ ഇമ്രാനെതിരെ രാജ്യദ്രോഹക്കുറ്റ പ്രകാരം കേസെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

Content Highlight: PTI protest on release of Imran Khan

Latest Stories