ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ പി.ടി.ഐ (പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ്) നടത്തിയ പ്രതിഷേധം പിന്‍വലിച്ചു. നവംബര്‍ 24 ന് രാജ്യ തലസ്ഥാനമായ ഇസ്‌ലാമബാദിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ എട്ട് പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. റെഡ് സോണില്‍ നിന്ന് പ്രതിഷേധക്കാരെ പിരിച്ചുവിട്ട ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ നടപടിയെ തുടര്‍ന്നാണ് പിന്‍മാറ്റം.
‘ ഫെഡറല്‍ തലസ്ഥാനത്ത് വെച്ച് നിരായുധരായ പൗരന്മാരെ ആക്രമിച്ച് അറവുശാലയാക്കി മാറ്റാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായത്. ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നത് സമാധാനപരമായ ഒരു പ്രതിഷേധമായിരുന്നു. ഇമ്രാന്‍ ഖാന്റെ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ തുടര്‍നടപടികള്‍ തീരുമാനിക്കും,’ പി.ടി.ഐ മീഡിയ സെല്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
അതേസമയം പി.ടി.ഐ നടത്തിയ പ്രതിഷേധ സമരങ്ങളെ സര്‍ക്കാര്‍ വ്യാപകമായി അടിച്ചമര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാത്രി നടന്ന ഓപ്പറേഷനില്‍ മാരകായുധങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുക മാത്രമാണുണ്ടായതെന്നും പൊലീസ് പറഞ്ഞു.
അതേസമയം പ്രതിഷേധം അവസാനിച്ചതിന്റെ ഭാഗമായി രാജ്യത്തെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ അധികാരികള്‍ വീണ്ടും തുറന്നു. നാല് ദിവസത്തെ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ നാല് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു.
ഇമ്രാന്‍ ഖാനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പി.ടി.ഐ അനുയായികള്‍ ഇസ്ലാമാബാദിലേക്ക് നടത്തിയ റാലി അക്രമാസക്തമായതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു.
പി.ടി.ഐ അണികള്‍ ഇസ്‌ലാമാബാദിലെ ഡി. ചൗക്കിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. ഇവരെ തടയാന്‍ വേണ്ടി സൈന്യത്തെയും സര്‍ക്കാര്‍ രംഗത്തിറക്കിയിരുന്നു. ദിവസങ്ങളായി തുടരുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് ഇസ്‌ലാമാബാദില്‍ രണ്ട് ദിവസമായി സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. പ്രതിഷേധം തടയാന്‍ വേണ്ടി സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.