| Friday, 6th July 2018, 8:19 am

ഓര്‍ത്തഡോക്‌സ് വൈദികരുടെ പീഡനം; സാമൂഹിക പ്രത്യാഘാതം പരിശോധിച്ചേ അറസ്റ്റുണ്ടാകുമെന്ന് ഡി.ജി.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് വൈദികര്‍ ഉള്‍പ്പെട്ട പീഡനക്കേസില്‍ സാമൂഹിക പ്രത്യാഘാതം അടക്കം പരിശോധിച്ചു മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിയൂ എന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. കേസിന്റെ പേരില്‍ നിലവില്‍ ക്രമസമാധാന പ്രശ്‌നമൊന്നുമില്ല. യുവതിയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഓരോന്നും പരിശോധിച്ചു തെളിവുകള്‍ ശേഖരിക്കുകയാണ്. മതിയായ തെളിവു ലഭിച്ചാല്‍ മാത്രമേ അറസ്റ്റ് ചെയ്യൂവെന്നും ബെഹ്‌റ പറഞ്ഞു.

ഒന്‍പതു വര്‍ഷം മുന്‍പുണ്ടായ കേസാണിത്, ഇതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാന്‍ സമയം ആവശ്യമാണ്. അന്വേഷണ സംഘം സ്വതന്ത്രമായാണു പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Read Also : ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി; കന്യാസ്ത്രീ മജിസ്‌ട്രേറ്റിനു മുമ്പില്‍ രഹസ്യമൊഴി രേഖപ്പെടുത്തി


അന്വേഷണത്തിനു സഹായകരമാകുമെങ്കില്‍ അറസ്റ്റ് ചെയ്യുന്നതില്‍ തെറ്റില്ല. പ്രതികള്‍ക്കു കോടതിയില്‍ പോകാന്‍ അവസരം നല്‍കുന്നതിനാണ് അറസ്റ്റ് വൈകിക്കുന്നതെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. മതിയായ തെളിവില്ലാതെ അറസ്റ്റ് ചെയ്താലും ഇവര്‍ക്കു കോടതിയില്‍ പോകാം. അപ്പോള്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിട്ടയക്കേണ്ടി വരും. ഡി.ജി.പി വ്യക്തമാക്കി.

അതേസമയം, കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടു വൈദികര്‍ കൂടി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ഫാ. ജോണ്‍സണ്‍ വി. മാത്യു, ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവരാണ് ഹരജിക്കാര്‍.

We use cookies to give you the best possible experience. Learn more