ന്യൂദല്‍ഹി: വിനേഷ് ഫോഗട്ടിന്റെ അയോഗ്യത സംബന്ധിച്ച വിഷയത്തില്‍ വിനേഷിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി.ഉഷ. അത്‌ലറ്റിന്റെ ഭാരനിയന്ത്രണത്തിന്റെ പൂര്‍ണ ഉത്തരാവാദിത്തം അവര്‍ക്കും കോച്ചിനും തന്നെയാണെന്ന് പറഞ്ഞ പി.ടി ഉഷ ഈ വിഷയത്തില്‍ ഐ.ഒ.എയുടെ മെഡിക്കല്‍ ടീമിന് വീഴ്ച പറ്റിയിട്ടില്ലെന്നും അറിയിച്ചു.
ഒളിമ്പിക്‌സില്‍ ഗുസ്തി, ഭാരോദ്വാഹനം, ബോക്‌സിങ് , ജൂഡോ എന്നീ മത്സരയിനങ്ങളില്‍ താരങ്ങളുടെ ഭാരം ക്രമീകരിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം കളിക്കാര്‍ക്കാണ്. അതിനാല്‍ ഐ.ഒ.എ യുടെ മെഡിക്കല്‍ ഓഫീസറായ ഡോ. പര്‍ദിവാലയ്‌ക്കെതിരായും അദ്ദേഹത്തിന്റെ ടീമിനെതിരായും ഉയരുന്ന വിദ്വേഷ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും പി.ടി ഉഷ പറഞ്ഞു.
ഐ.ഒ.എയുടെ മെഡിക്കല്‍ ടീമിന് കളിക്കാര്‍ക്ക് എന്തെങ്കിലും പരിക്ക് പറ്റിയാല്‍ ചികിത്സ നല്‍കാനുള്ള ഉത്തരവാദിത്തം മാത്രമെയുള്ളു. പാരിസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഓരോ താരത്തിനും അവരുടെതായ സപ്പോര്‍ട്ടിങ് സ്റ്റാഫ് ഉണ്ട്. അവരെല്ലാവരും വര്‍ഷങ്ങളായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. പ്രസ്താവനയില്‍ പറയുന്നു.
മത്സരത്തില്‍ നിന്ന് അയോഗ്യയായെങ്കിലും വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട കായിക തര്‍ക്ക പരിഹാര കോടതിയില്‍ വിനേഷ് സമര്‍പ്പിച്ച ഹരജിയില്‍ വിധി വരാനിരിക്കെയാണ് പി.ടി ഉഷയുടെ പ്രസ്താവന.
ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ഗുസ്തി താരമെന്ന നേട്ടത്തിനരികെ എത്തി നില്‍ക്കവെയാണ് വിനേഷ് ഫോഗട്ട് അയോഗ്യത നേരിടുന്നത്. 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയിലെ ഫൈനല്‍ മത്സരം നടക്കുന്നതിന് മുന്‍പ് നടത്തിയ ഭാരപരിശോധനയില്‍ വിനേഷിന് 100 ഗ്രാം അധിക ഭാരം കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് മത്സരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട വിനേഷ് അവസാന റാങ്കിങിലേക്ക് തള്ളപ്പെട്ടു. വിനേഷിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയില്‍ ഹാജരാകുന്നത്. ഒരുപക്ഷെ വിനേഷിന്റെ വാദം കോടതി ശെരിവെച്ചാല്‍ ക്യൂബയുടെ ഗുസ്മാന്‍ ലോപസുമായി വെള്ളി പങ്കിടാന്‍ വിനേഷിന് സാധിക്കും.