| Wednesday, 3rd May 2023, 4:41 pm

പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചുവെന്ന് ഉഷ; ബ്രിജ് ഭൂഷണ്‍ ജയിലിലാകും വരെ സമരം തുടരുമെന്ന് ഗുസ്തി താരങ്ങള്‍; ചര്‍ച്ചയില്‍ സംഭവിച്ചതിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലൈംഗിക ആരോപണമുയര്‍ത്തി ബ്രിജ് ഭൂഷണ്‍ സിങിനെതിരെ കഴിഞ്ഞ 11 ദിവസമായി പ്രതിഷേധിക്കുകയാണ് ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ ഗുസ്തി താരങ്ങള്‍. ഇതിനിടെ ഇന്ന് താരങ്ങളെ സന്ദര്‍ശിക്കാനായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ എത്തിയിരുന്നു. താരങ്ങള്‍ക്ക് ഉഷ പിന്തുണ അറിയിച്ചതായി ബജ്റംഗ് പുനിയ മാധ്യമങ്ങളോട് പറഞ്ഞു.തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് ഉഷ തങ്ങളോട് പറഞ്ഞതായും പുനിയ കൂട്ടിച്ചേര്‍ത്തു.

‘പി.ടി. ഉഷ ഞങ്ങളെ സന്ദര്‍ശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. താന്‍ ആദ്യമൊരു അത്ലറ്റ് ആണെന്നും പിന്നെയാണ് ഭരണതലത്തിലേക്ക് എത്തിയതെന്നും ഉഷ പറഞ്ഞു. നീതി ഉറപ്പാക്കാന്‍ കൂടെയുണ്ടാമെന്ന് അവര്‍ ഉറപ്പു നല്‍കി. ബ്രിജ് ഭൂഷണ്‍ സിങ് ജയിലിലാകുന്നത് വരെ ഞങ്ങള്‍ സമരം തുടരും’, പുനിയ പറഞ്ഞു.

താരങ്ങളുടെ തെരുവിലെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് പി.ടി. ഉഷ നേരത്തെ പറഞ്ഞിരുന്നു. താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയായിരുന്നു വേണ്ടതെന്നും താരങ്ങളുടെ ആരോപണം പരിശോധിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വരുന്നത് വരെ കാത്തിരിക്കാമായിരുന്നുവെന്നും പി.ടി. ഉഷ പറഞ്ഞിരുന്നു. ഈ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ഉഷയുടെ സന്ദര്‍ശനം. താരങ്ങളുമായി ചര്‍ച്ച നടത്തി മടങ്ങവെ പി.ടി.ഉഷയുടെ വാഹനം സമരക്കാര്‍ക്ക് ഐക്യദാരര്‍ഢ്യം അറിയിക്കാനെത്തിയ വിമുക്തഭടന്‍ തടഞ്ഞു.

മൂന്ന് മാസം മുന്‍പ് ദേശീയ ഒളിമ്പിക് ബോഡിയെ താരങ്ങള്‍ സമീപിച്ചിരുന്നെന്നും എന്നാല്‍ നീതി ലഭിച്ചിട്ടില്ലെന്നും പുനിയ പറഞ്ഞു. ബ്രിജ് ഭൂഷനെതിരായ ലൈംഗിക ആരോപണമന്വേഷിക്കാന്‍ ജനുവരിയില്‍ കായിക മന്ത്രാലയം രൂപീകരിച്ച കമ്മിറ്റിയെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു പുനിയയുടെ പരാമര്‍ശം.

ബ്രിജ് ഭൂഷനെതിരെ രണ്ട് കേസുകളാണ് ദല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ അദ്ദേഹം ജയിലിലാകും വരെ സമരം തുടരാനാണ് താരങ്ങളുടെ തീരുമാനം. ‘സുപ്രീംകോടതിയുടെ ഉത്തരവിനെ ബഹുമാനിക്കുന്നു. എന്നാല്‍ ദല്‍ഹി പൊലീസില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. എഫ്.ഐ.ആറിനെതിരെയല്ല ഞങ്ങളുടെ പോരാട്ടം. ബ്രിജ് ഭൂഷനെ പോലുളള എല്ലാവരും ശിക്ഷിക്കപ്പെടണം. അദ്ദേഹം ജയിലിലാകണം’ താരങ്ങള്‍ പറഞ്ഞു.

Content Highlight: PT Usha Said Comments Misinterpreted Wrestler On “Indiscipline” Remark

We use cookies to give you the best possible experience. Learn more