രാഷ്ട്രീയത്തിനപ്പുറത്ത് പിണറായി വിജയന് പി.ടിയോട് വാത്സല്യമുണ്ടായിരുന്നു; സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും ഉമ
Kerala
രാഷ്ട്രീയത്തിനപ്പുറത്ത് പിണറായി വിജയന് പി.ടിയോട് വാത്സല്യമുണ്ടായിരുന്നു; സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും ഉമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th December 2021, 2:02 pm

കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനെക്കുറിച്ച് നിലവില്‍ ചിന്തിച്ചിട്ടില്ലെന്ന് അന്തരിച്ച പി.ടി. തോമസ് എം.എല്‍.എയുടെ ഭാര്യ ഉമ.

സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും പി.ടി.ക്ക് ശേഷം ഒരു തെരഞ്ഞെടുപ്പ് എന്ന കാര്യം ആലോചിക്കാന്‍ പോലും തോന്നുന്നില്ലെന്നും ഉമ മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിലപാട് സ്വീകരിച്ചതിന്റെ പേരിലുണ്ടായിരുന്ന പ്രതിഷേധങ്ങള്‍ പി.ടിയെ വളരെ ഏറെ വേദനിപ്പിച്ചിരുന്നെന്നും രാഷ്ട്രീയത്തിനപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന് പി.ടിയോട് വാത്സല്യമുണ്ടായിരുന്നുവെന്നും ഉമ പറഞ്ഞു.

തെരഞ്ഞെടുപ്പിനെ കുറിച്ചോ രാഷ്ട്രീയത്തിനെ കുറിച്ചോ ഒന്നും ആലോചിക്കുന്നില്ല. അതിലേക്ക് ഞാന്‍ എത്തിയിട്ടില്ല. എന്റെ നഷ്ടം വലിയൊരു നഷ്ടമാണ്. അതില്‍ നിന്ന് പുറത്തു കടക്കേണ്ടതുണ്ട്, ഉമ പറഞ്ഞു.

പി.ടിയ്ക്ക് ഏറെ ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു ഇടുക്കി. അവിടെ ഉണ്ടായിരുന്ന പ്രതിഷേധങ്ങള്‍ പി.ടിയെ വളരെ ഏറെ വിഷമിപ്പിച്ചിരുന്നു. സഭയില്‍ തന്നെ നാലോ അഞ്ചോ അച്ചന്മാര്‍ പറഞ്ഞ കാര്യം, എന്നാല്‍ അതിലേറെ ആളുകള്‍ പിടിയോട് ഒപ്പമുണ്ടായിരുന്നു, എല്ലാവരും തള്ളിപ്പറഞ്ഞിട്ടില്ല. അന്ന് പി.ടി. പറഞ്ഞ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായ പ്രളയങ്ങളില്‍ കൂടിയും മറ്റു പരിസ്ഥിതി പ്രശ്‌നങ്ങളില്‍ കൂടിയും സത്യമാണെന്ന് പിന്നീട് തെളിഞ്ഞു. തെരഞ്ഞെടുപ്പിന്റെ സമയത്ത് ആളുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. ഇക്കാര്യത്തില്‍ പി.ടി.യ്ക്ക് വിഷമം ഉണ്ടായിരുന്നു.

വ്യക്തികളോട് ഒരിക്കലും പി.ടിയ്ക്ക് വൈരാഗ്യമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്ക് പിടിയോട് വലിയ വാത്സല്യമായിരുന്നു. സ്പീക്കര്‍ എം.ബി രാജേഷ്, രമേശ് ചെന്നിത്തല, കെസി ജോസഫ് തുടങ്ങിയവരൊക്കെ വളരെ ഏറെ സഹായിച്ചു. എല്ലാരും ഒന്നിച്ച് നിന്നാണ് സഹായം ചെയ്ത് തന്നത്. വിലകൂടിയ മരുന്നുകള്‍ എത്തിക്കാന്‍ എല്ലാവരും ഇടപെടുകയും നിരന്തരം വിളിച്ച് അന്വേഷണം നടത്തുകയും ചെയ്തുവെന്ന് ഉമ അഭിമുഖത്തില്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഡിസംബര്‍ 22 നായിരുന്നു പി.ടി. തോമസ് അന്തരിച്ചത്. അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട് വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായിരുന്ന അദ്ദേഹം മുന്‍പ് തൊടുപുഴയില്‍നിന്ന് രണ്ട് തവണ എംഎല്‍എ ആയിരുന്നു. ഇടുക്കി എം.പിയും ആയിരുന്നു.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന പി.ടി. തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നപ്പോഴും അദ്ദേഹം നിലപാടില്‍ത്തന്നെ ഉറച്ചുനിന്നു.

കിറ്റെക്സ് കമ്പനിയുടെ പ്രവര്‍ത്തനം കടമ്പ്രയാര്‍ മലിനപ്പെടുത്തിയെന്ന പി.ടി.തോമസിന്റെ ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം