തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ മാംഗോ മൊബൈല്‍ ഉദ്ഘാടന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പി.ടി. തോമസ് എം.എല്‍എ. കുപ്രസിദ്ധ കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തുനില്‍ക്കുന്ന ചിത്രം കണ്ടിട്ട്, താനാണോ മാപ്പ് പറയേണ്ടതെന്ന് പി.ടി. തോമസ് ചോദിച്ചു.
പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിട്ടുകൊണ്ടായിരുന്നു പി.ടി. തോമസിന്റെ പ്രതികരണം. പി.ടി തോമസ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മാപ്പു പറയണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
2017 ജനുവരി 22ലെ മാംഗോ മൊബൈലിന്റെ വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മാറ്റിവെച്ചതിന് ശേഷം, പാര്‍ട്ടി മുഖപത്രത്തില്‍ പരസ്യം വന്നതിന് ശേഷം ഇങ്ങനെ ഒരാള്‍ക്ക് സൗഹാര്‍ദപരമായി കൈ കൊടുക്കുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ എന്ന് കേരളം തീരുമാനിക്കട്ടെയെന്നും പി.ടി. തോമസ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ പി.ടി തോമസിന്റെ ആരോപണത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. 2016 ഫെബ്രുവരി 29 നാണ് മാംഗോ ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റിലായത്.