കോഴിക്കോട്: പുതിയ കാലത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിനേതാക്കള്‍ പൊതുജനങ്ങളില്‍ നിന്നും ചെറിയ തുക പിരിവെടുത്ത് കാര്‍ വാങ്ങുന്നതിനെ എതിര്‍ക്കുന്നത് വന്‍കിട കോര്‍പ്പറേറ്റുകളുടെ പണം വാങ്ങി ശീലിച്ചതുകൊണ്ടാണോയെന്ന് പി.ടി തോമസ് എം.എല്‍.എ.
ആലത്തൂര്‍ എം.എല്‍.എ രമ്യാ ഹരിദാസിന് വാഹനം വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിവ് നടത്തിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പി.ടി തോമസിന്റെ പ്രതികരണം.
ഈ അടുത്ത കാലം വരെ കമ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ അവരുടെ ഉപയോഗത്തിന് കാര്‍ വാങ്ങിയിരുന്നത് പൊതുജനങ്ങളില്‍ നിന്നും പിരിവെടുത്തു തന്നെ ആയിരുന്നെന്നും അഴിമതിക്കാരില്‍ നിന്നും വന്‍തുക വാങ്ങാതിരിക്കാനുള്ള നല്ല നടപടി ആയിരുന്നു അതെന്നും പി.ടി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.
യൂത്ത് കോണ്‍ഗ്രസ്സുകാര്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ചെറിയ തുക പിരിച്ച് രമ്യ ഹരിദാസ് എം. പി ക്ക് ഒരു കാര്‍ വാങ്ങി കൊടുക്കുന്നത് മഹാ അപരാധം ആണെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും അതേ സമയം കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വാഹനം വാങ്ങുന്നത് വിവാദമായ സാഹചര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റിന്റെ അഭിപ്രായം അനുസരിക്കുന്നുവെന്നും തന്റെ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് തന്റെ അവസാന ശ്വാസമെന്നും രമ്യാഹരിദാസ് പറഞ്ഞിരുന്നു.