കൊച്ചി: 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് കിറ്റെക്‌സ് കമ്പനി പിന്‍മാറിയ സംഭവത്തില്‍ പ്രതികരണവുമായി പി.ടി. തോമസ് എം.എല്‍.എ. മോങ്ങാനിരുന്ന നായുടെ തലയില്‍ തേങ്ങാവീണു എന്ന് പറഞ്ഞതുപോലെയാണ് നിക്ഷേപ പദ്ധതിയില്‍നിന്ന് കിറ്റെക്‌സ് കമ്പനി പിന്മാറിയതെന്ന് പി.ടി. തോമസ് പറഞ്ഞു.
നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണെങ്കില്‍ പത്തല്ല ആയിരം അന്വേഷണങ്ങള്‍ വന്നാലും പേടിക്കാനില്ലെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
അതേസമയം കിറ്റെക്‌സില്‍ പരിശോധന നടത്തിയത് രാഷ്ട്രീയ പകപോക്കലാണെന്ന കമ്പനി എം.ഡി. സാബു ജേക്കബിന്റെ ആരോപണം തള്ളി കുന്നത്തുനാട് എം.എല്‍.എ. പി.വി. ശ്രീനിജന്‍ രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിന്റേത് വ്യവസായങ്ങളെ തകര്‍ക്കുന്ന നിലപാടല്ലെന്ന് ശ്രീനിജന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് കിറ്റെക്‌സില്‍ പരിശോധനകള്‍ നടത്തിയതെന്നതാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നെനിക്കറിയില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം ഒരു ജുഡീഷ്യല്‍ ഓഫീസറാണ് അവിടെ പരിശോധന നടത്തിയത്. കൊവിഡ് വ്യാപന സമയത്ത് കിറ്റെക്‌സിലെ തൊഴിലാളികള്‍ അവിടത്തെ രോഗ പ്രതിരോധമാര്‍ഗങ്ങളുടെ അഭാവം സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു. ആ സന്ദേശം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്,’ ശ്രീനിജന്‍ പറഞ്ഞു.
ഏതെങ്കിലും മാധ്യമങ്ങള്‍ അവിടെ വന്നതിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്നും സാബു ജേക്കബിന്റെ ആരോപണത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
’11 തവണ പരിശോധന നടത്തേണ്ടതാണെങ്കില്‍ അങ്ങനെ ചെയ്തുകാണും. പരിശോധനയില്‍ എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കണം. അതില്‍ രാഷ്ട്രീയമില്ല,’ ശ്രീനിജന്‍ പറഞ്ഞു.
ടി-20 എന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനമാണെന്നും കിറ്റെക്‌സ് വ്യവസായ സ്ഥാപനമല്ലേയെന്നും അദ്ദേഹം ചോദിച്ചു.
നേരത്തെ 3500 കോടിയുടെ നിക്ഷേപ പദ്ധതിക്കായി സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുകയാണെന്ന് കിറ്റെക്‌സ് അറിയിച്ചിരുന്നു.
കിറ്റെക്സില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ പ്രതിഷേധിച്ചാണ് വികസന പദ്ധതിയില്‍ നിന്ന് പിന്മാറുന്നതെന്ന് കിറ്റെക്സ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഒരു അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും നിര്‍മ്മിക്കാനായിരുന്നു ധാരണപത്രം. ഒരു മാസത്തിനിടെ കിറ്റെക്സില്‍ 11 പരിശോധനങ്ങള്‍ നടന്നെന്നും എന്നാല്‍ തെറ്റായി ഒന്നും സര്‍ക്കാര്‍ കണ്ടെത്തിയിരുന്നില്ലെന്നും കിറ്റെക്സ് വാര്‍ത്താകുറിപ്പില്‍ പറയുന്നു.
നിലവില്‍ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. സംസ്ഥാനത്ത് വ്യവസായ സൗഹാര്‍ദമല്ലാത്ത അവസ്ഥയാണെന്നും സാബു ജേക്കബ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയും പരിശോധന നടന്നെന്നും ആരാണെന്നും എന്താണെന്നും പരിശോധന എന്ന് പറയുന്നില്ലെന്നും വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൊണ്ടുവന്നാണ് ഡിപ്പാര്‍ട്ടുമെന്റുകള്‍ പരിശോധന നടത്തുന്നതെന്നും സാബു ജേക്കബ് ആരോപിച്ചു.
എല്ലാ ദിവസവും ഇത്തരത്തില്‍ പരിശോധന നടക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയാണെന്നും സാബു ജേക്കബ് എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിശോധനയില്‍ എന്താണ് കണ്ടെത്തിയത് എന്നുപോലും പരിശോധനയ്ക്ക് വന്നവര്‍ പറയുന്നില്ലെന്നും സാബു ജേക്കബ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് ഇത്തരത്തില്‍ പരിശോധന നടത്തിയതെന്നും കമ്പനി ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും സാബു ജേക്കബ് പറഞ്ഞു. രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ട്വന്റി 20 എന്ന തന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് ശേഷമാണ് ഇത്തരം പകപോക്കലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കുന്നത്തുനാട് എം.എല്‍.എയാണ് ഈ പരിശോധനകള്‍ക്ക് പിന്നിലെന്നാണ് താന്‍ മനസിലാക്കിയതെന്നും സാബു ജേക്കബ് പറഞ്ഞു. സര്‍ക്കാരിന്റെ സമ്മതമില്ലാതെ ഇത്തരമൊരു പരിശോധനകള്‍ നടക്കില്ലെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു.