| Wednesday, 29th July 2020, 2:52 pm

വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ കാതല്‍; ജുഡീഷ്യറി ആത്മപരിശോധനയ്ക്ക് തയ്യാറാവണം; പ്രശാന്ത് ഭൂഷണെ പിന്തുണച്ച് പി.ടി തോമസ്

അളക എസ്. യമുന

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനുള്ള സുപ്രീംകോടതിയുടെ നീക്കത്തില്‍ പ്രതികരണവുമായി പി.ടി തോമസ് എം.എല്‍.എ.

പ്രശാന്ത് ഭൂഷണെതിരെ നടപടി എടുക്കുകയല്ല കോടതി ചെയ്യേണ്ടതെന്നും മറിച്ച് പുനര്‍ വിചിന്തനത്തിനും ആത്മപരിശോധനയ്ക്കും ജുഡീഷ്യറി തയ്യാറാവുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

ക്രിയാത്മകമായ വിമര്‍ശനം കോടതി ഉള്‍ക്കൊള്ളണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.

പ്രശാന്ത് ഭൂഷണെപ്പോലെ വളരെ സമര്‍പ്പിതമായി പ്രവര്‍ത്തിക്കുന്ന ഒരു അഭിഭാഷകന്റെ അഭിപ്രായം എന്നു പറയുന്നത് നമ്മുടെ രാജ്യത്ത് ഉയര്‍ന്നുനില്‍ക്കുന്ന ജുഡീഷ്യറിയെ സംബന്ധിച്ചുള്ള ആശങ്കയുടെ പ്രതിഫലനമായാണ് താന്‍ കാണുന്നതെന്ന് പിടി തോമസ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ കാതലെന്നും അത് മാനിക്കേണ്ടതുണ്ടെന്നും പി.ടി തോമസ് പറഞ്ഞു.

” പ്രശാന്ത് ഭൂഷന്റെ പേരില്‍ നടപടി എടുക്കുകയല്ല വേണ്ടത്. ജുഡീഷ്യറി ഒരു പുനര്‍വിചിന്തനത്തിനും ആത്മ പരിശോധനയ്ക്കും തയ്യാറാവണം,” അദ്ദേഹം പറഞ്ഞു.

അടുത്തകാലത്തായി രൂപം കൊണ്ട് വരുന്ന പല തെറ്റായ പ്രവണതകളെയും തുറന്ന് കാണിക്കുന്നതില്‍ പ്രശാന്ത് ഭൂഷണ്‍ കാണിക്കുന്ന ധീരത ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കുന്നതല്ല മറിച് ജുഡീഷ്യറിയുടെ മാന്യത കാത്തുസൂക്ഷിക്കണമെന്ന ഓര്‍മപ്പെടുത്തലുകളാണെന്ന് പി.ടി തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഒരു വ്യക്തി പാര്‍ലമെന്റ്ററി ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായിത്തീര്‍ന്ന സമീപകാല സംഭവം ജുഡീഷ്യറിയുടെ നിക്ഷ്പക്ഷതയ്ക്ക് യോജിച്ചതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

”കോടതികള്‍ അനിവാര്യമായി പുലര്‍ത്തേണ്ട നിഷ്പക്ഷവും നീതിപൂര്‍വമായ പ്രവര്‍ത്തന ശൈലിയ്ക്ക് മങ്ങലേറ്റെന്ന് തോന്നിയ സന്ദര്‍ഭത്തില്‍ തന്റെ ഉത്തമ വിശ്വാസത്താല്‍ പ്രശാന്ത് ഭൂഷണ്‍ നടത്തിയ ഇടപെടല്‍ സ്വാഗതാര്‍ഹവും
ജനപിന്തുണ ആവശ്യപ്പെടുന്നതുമാണ്,” അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയും മുന്‍ ചീഫ് ജസ്റ്റിസ്മാരേയും സുപ്രീംകോടതിയേയും പ്രശാന്ത് ഭൂഷണ്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് സുപ്രീംകോടതി സ്വമേധയ ഭൂഷണെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.

ചീഫ് ജെസ്റ്റിസ് ബോബ്‌ഡെ ഹെല്‍മറ്റും മാസ്‌കും ഇല്ലാതെ ഡേവിസണ്‍ ആഢംബര ബൈക്കില്‍ കയറിയിരുന്ന നടപടിക്കെതിരെ ഭൂഷണ്‍ ട്വിറ്ററില്‍ വിമര്‍ശിച്ചിരുന്നു.
മുന്‍ ചീഫ് ജസ്റ്റിസ്മാര്‍ക്കെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഔപചാരികമായ അടിയന്തരാവസ്ഥയില്ലാതെ പോലും ഇന്ത്യയില്‍ ജനാധിപത്യം എങ്ങനെ നശിപ്പിക്കപ്പെട്ടുവെന്ന് കാണാന്‍ ചരിത്രകാരന്മാര്‍ കഴിഞ്ഞ 6 വര്‍ഷത്തേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, ഈ നാശത്തില്‍ സുപ്രീം കോടതിയുടെ പങ്ക്, പ്രത്യേകിച്ചും കഴിഞ്ഞ 4 സി.ജെ.ഐകളുടെ പങ്ക് അവര്‍ അടയാളപ്പെടുത്തും എന്നായിരുന്ന ഭൂഷന്‍ ട്വിറ്ററില്‍ കുറിച്ചത്.

ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി ഭൂഷനെതിരെ കോടതിയലക്ഷ്യത്തിന് നടപടികള്‍ എടുക്കുന്നത്. ആദ്യത്തേത് 2009 ല്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കോടതിയുടെ മുന്‍ ജഡ്ജിമാര്‍ക്കെതിരെ ആരോപണം ഉന്നയിച്ചെന്നാരോപിച്ചായിരുന്നു കേസെടുത്തത്.

രാജ്യവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് കുടിയേറ്റ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുപ്രീംകോടതി കൈകാര്യം ചെയ്ത രീതിയെക്കുറിച്ചും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഭീമ-കൊറെഗാവ് കേസില്‍ ജയിലില്‍ കഴിയുന്ന വരവര റാവു, സുധാ ഭരദ്വാജ് തുടങ്ങിയവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കാത്തതിനെതിരെയും അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അളക എസ്. യമുന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more