| Saturday, 18th April 2020, 1:28 pm

സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയ്ക്കുള്ള ബന്ധമെന്ത്? പുതിയ ആരോപണങ്ങളുമായി പി.ടി തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ ആരോപണവുമായി പി.ടി തോമസ് എം.എല്‍.എ. സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി വീണാ വിജയന്റെ കമ്പനിയ്ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പി.ടി തോമസ് ആവശ്യപ്പെട്ടു.

എക്‌സാലോജിക് കമ്പനിയുടെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകള്‍ ഡയറക്ടറായ കമ്പനിയാണ് എക്‌സാലോജിക്.

ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്പ്രിംഗ്‌ളറിന്റെ വെബ്‌സൈറ്റ് മാസ്‌ക് ചെയ്തിരിക്കുന്നതെന്തിനാണെന്ന് വ്യക്തമാക്കണം.

നേരത്തെ കരാറുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് കമ്പനിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമാക്കണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും ഈ കമ്പനിയുമായി അടുത്തോ അകന്നോ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഉടനെ വ്യക്തമാക്കണം.

ലാവലിന്‍ കമ്പനിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആക്കിയതിന് സമാനമാണ് സ്പ്രിംഗ്‌ളര്‍ പര്‍ച്ചേസ് എഗ്രിമെന്റ്. കേന്ദ്ര സര്‍ക്കാരിന്റെയോ നിയമ-ധനകാര്യ വകുപ്പുകളുടെയോ അനുമതി തേടിയിട്ടില്ല. മന്ത്രിസഭാ തീരുമാനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിന്റെ കോവിഡ് ദുരിതം വിറ്റ് കാശു മേടിക്കുകയാണ് ചെയ്തിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ഞെട്ടിപ്പിക്കുന്ന അഴിമതിയാണിത്. ഈ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം-പി.ടി.തോമസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more