| Thursday, 16th April 2020, 5:37 pm

'വാവിട്ട വാക്കും സ്പ്രിംഗ്‌ളറില്‍ പോയ ഡാറ്റയും അന്യന്റെ സ്വത്താണ്'; പിണറായി വിജയന്‍ എന്നത് മാറ്റി പിആര്‍ വിജയന്‍ എന്നാക്കണമെന്ന് പി.ടി തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.ടി തോമസ് എം.എല്‍.എ. ആരോഗ്യ മേഖലയില്‍ മുന്‍ പരിചയം ഇല്ലാതിരുന്നിട്ടും സ്പ്രിംഗ്‌ളര്‍ കമ്പനിക്ക് ഡാറ്റാ അനാലിസിസിന് അനുമതി നല്‍കിയത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഒരു അനുമതിയും ആരില്‍ നിന്നും വാങ്ങിയിട്ടില്ലെന്നും ആരാണ് കമ്പനിയെ പരിചയപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പി.ടി തോമസ് പറഞ്ഞു.

‘കമ്പനിക്കെതിരെ കോടിക്കണക്കിന് രൂപയുടെ മോഷണക്കേസ് ന്യൂയോര്‍ക്കിലുണ്ട്. ജീവനക്കാര്‍ത്തന്നെ പരാതി വെബ്‌സൈറ്റില്‍ രേഖപ്പെടുക്കിയിട്ടുണ്ട്.
ഏപ്രില്‍ രണ്ടിനാണ് കരാര്‍ ഒപ്പിട്ടത്. പക്ഷേ, മാര്‍ച്ച് 27 നു തന്നെ കൈമാറാന്‍ ഉത്തരവിറങ്ങി. ആരുടെ താല്പര്യം സംരക്ഷിക്കാനാണ് ഇതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. പിണറായി വിജയന്‍ എന്ന പേര് പി ആര്‍ വിജയന്‍ എന്നാക്കണം’, പി.ടി തോമസിന്റെ വിമര്‍ശനം ഇങ്ങനെ.

ലാവ്‌ലിന്‍ കമ്പനിയുടെ കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആക്കിയതിന് സമാനമാണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

വാവിട്ട വാക്കും സ്പ്രിംഗ്‌ളറില്‍ പോയ ഡാറ്റയും അന്യന്റെ സ്വത്താണ്. ഇതാര്‍ക്കും സ്വന്തമാക്കാം. രോഗികളുടം വിവരങ്ങളാണ് ഇങ്ങനെ ചോര്‍ത്തയത്. മരുന്ന് കമ്പനികള്‍ക്ക് ഇത് ഉപയോഗപ്പെടുത്താമെന്നും പി.ടി തോമസ് വ്യക്തമാക്കി.

രോഗികളുടെ വിവരങ്ങള്‍പ്പോലും പിണറായി വിജയന്‍ വിറ്റു. മുഖ്യമന്ത്രിയുടെ ഏതെങ്കിലും കുടുംബാംഗങ്ങള്‍ക്കോ അവരുടെ സ്ഥാപനങ്ങള്‍ക്കോ സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി ബന്ധമുണ്ടോയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. അങ്ങനൊരു സംശയം പ്രതിപക്ഷത്തിനുണ്ടെന്നും പി.ടി തോമസ് കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more