തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പി.ടി തോമസ് എം.എല്‍.എ. സ്വര്‍ണ്ണക്കള്ളക്കടത്തുകാരെ താലോലിക്കുന്ന മുഖ്യമന്ത്രീ നിങ്ങളൊരു കമ്യൂണിസ്റ്റാണോ എന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പി.ടി. തോമസ് ചോദിച്ചു. എം.ശിവശങ്കര്‍ വെറുതേ വന്നതല്ലെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രിയുമായുള്ള ബന്ധം ലാവ്‌ലിന്‍ കാലത്ത് തുടങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു.
ലാവ്‌ലിനില്‍ അന്വേഷണം നടക്കുന്ന കാലത്ത് ഫയലുകള്‍ ചോര്‍ത്തി നല്‍കിയതാണ് ശിവശങ്കറും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പത്തിന് കാരണമെന്നും പി.ടി തോമസ് ആരോപിച്ചു.
മുഖ്യമന്ത്രിയുടെ വീട്ടിലെ വിവാഹ തലേന്ന് സ്വപ്ന അവിടെ എത്തിയിരുന്നോ ഇല്ലയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉണ്ടെന്നോ ഇല്ലെന്നോ പറഞ്ഞാല്‍ മതി. മുഖ്യമന്ത്രി പറയുന്നത് തങ്ങള്‍ വിശ്വസിച്ചുകൊള്ളാം. ഇ.എം.എസാണ് ആദ്യ മുഖ്യമന്ത്രിയെങ്കില്‍ ജയിലില്‍ കിടന്ന ആദ്യ മുഖ്യമന്ത്രി എന്ന വിശേഷണമാകും പിണറായിക്ക് ഉണ്ടാകുക എന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയതാരെന്നും മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരില്‍ നിന്ന് കേന്ദ്ര ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയിട്ടുണ്ടോ എന്നും പി.ടി. തോമസ് ചോദിച്ചു. ധൃതരാഷ്ട്രരെപ്പോലെ പുത്രീ വാത്സല്യത്തില്‍ മുഖ്യമന്ത്രി കേരളത്തെ നശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം നവോത്ഥാന നായകനായ മുഖ്യമന്ത്രി അധോലോക നായകനായി മാറരുതെന്നും പി.ടി തോമസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായതും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നതും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: PT Thomas Against Pinaray Vijayan