സ്‌നേഹവീടുകള്‍ നിര്‍മ്മിക്കുന്ന പാഠപുസ്തകം
DISCOURSE
സ്‌നേഹവീടുകള്‍ നിര്‍മ്മിക്കുന്ന പാഠപുസ്തകം
പി.ടി. രാഹേഷ്
Sunday, 2nd June 2024, 4:19 pm
ഒരു ചിത്രം കൊണ്ട് എന്ത് ചെയ്യാന്‍ സാധിക്കും എന്ന്‌ പരിഹസിക്കുന്നവരുണ്ടാകാം. ഒരു ചിത്രത്തിന് നിലവിലുള്ള വ്യവസ്ഥിതിയെ വെല്ലുവിളിക്കാനും, ആധുനിക സമൂഹത്തിന്റെ പുതിയ മാതൃകകള്‍ എളുപ്പത്തില്‍ പഠിപ്പിക്കാനുമാവും. ഓരോ വീടുകളിലും ഈ പാഠഭാഗം പഠിക്കുന്ന കുട്ടികള്‍ മാറ്റത്തിന്റെ പടക്കം പൊട്ടിക്കുമെന്നതില്‍ തര്‍ക്കമില്ല.

ഒരു ജനാധിപത്യ സമൂഹം കെട്ടിപ്പടുക്കുന്നതില്‍ വിദ്യാഭ്യാസ പ്രക്രിയയ്ക്ക് വലിയ പങ്കുണ്ട്. നിലവിലുള്ള വ്യവസ്ഥിതിക്ക് അനുകൂലമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു തലമുറയെ സൃഷ്ടിക്കാനാണ് എപ്പോഴും വിദ്യാഭ്യാസം കൊണ്ട് സാധ്യമാകാറുള്ളത്.

നിലവിലെ സമൂഹത്തിന്റെ ചട്ടങ്ങളും ചട്ടക്കൂടുകളും കുട്ടിയില്‍ നിക്ഷേപിക്കാനുള്ള ശ്രമമാണ് ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടക്കാറുമുള്ളത്. ഇതില്‍ നിന്നെല്ലാം വിരുദ്ധമായി നിലവിലുള്ള വ്യവസ്ഥിതിക്കെ എതിരായി മറ്റെന്തെങ്കിലും പാഠപുസ്തകത്തില്‍ എങ്ങാനും വന്നാല്‍ ഉണ്ടാകുന്ന പുകില് ചെറുതായിരിക്കില്ല.

സ്‌കൂളുകള്‍ പോലെ തന്നെ വിദ്യാഭ്യാസ പ്രവര്‍ത്തനം സാധ്യമാകേണ്ട ഒരു ഇടമാണ് വീടുകള്‍.

പക്ഷേ വീടുകള്‍ ജനാധിപത്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇടങ്ങളായി ഇപ്പോഴും തുടരുകയാണ്. ബഹുഭൂരിപക്ഷം വീടുകള്‍ക്കുള്ളിലും അഭിപ്രായ രൂപീകരണ പ്രവര്‍ത്തനത്തില്‍ കുട്ടികള്‍ക്ക് യാതൊരു പങ്കുമില്ല.

മേധാവിത്വത്തിന്റെയും, വിവേചനത്തിന്റെയും കേന്ദ്രങ്ങളായി വീടുകള്‍ ഇപ്പോഴും പഴയ ജന്മിത്വ കാലത്തെ അനുസ്മരിപ്പിക്കുന്നു. ജെന്‍ഡറിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം, തൊഴിലിന്റെ വിഭജനവും കേന്ദ്രീകരണവുമെല്ലാം വീടുകള്‍ക്കുള്ളില്‍ കാണാനാവും.

സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റായയ വീടുകളില്‍ ജനാധിപത്യം ഇല്ലാതായാല്‍ പിന്നെ ഒരു രാജ്യത്തിനുള്ളില്‍ അതെങ്ങനെ സാധ്യമാകും. കാലത്തിനനുസരിച്ച് സമൂഹത്തില്‍ മാറ്റം വരുമ്പോഴും ഇതൊന്നും തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇടമായി വീടുകള്‍ തുടരുകയാണ്.

ഈ വീടുകള്‍ക്കുള്ളില്‍ നിന്ന് ജനാധിപത്യബോധവും പരസ്പരമുള്ള സ്‌നേഹവും ഉല്പാദിപ്പിക്കാനാവില്ല എന്നുറപ്പാണ്. വീടുകള്‍ ജനാധിപത്യപൂര്‍ണ്ണമാക്കാതെ ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ സമ്പൂര്‍ണ്ണമായി പരിഹരിക്കാനാവില്ല എന്നു കൂടിയാണ് നാം ഇതിലൂടെ കാണേണ്ടത്.

സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റായ കുടുംബങ്ങളെ സ്‌നേഹവീടുകളാക്കി മാറ്റുന്നതിന് വേണ്ടിയുള്ള ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ബോധപൂര്‍വ്വം സംഘടിപ്പിക്കേണ്ടതാണ്. വീടുകള്‍ക്കുള്ളില്‍ സാമ്പ്രദായിക രീതിയെ ചോദ്യം ചെയ്യാവുന്ന വിമര്‍ശനാത്മക ബോധം കുട്ടികളില്‍ രൂപപ്പെടുത്തിയല്ലാതെ ഈ ആധുനിക ലക്ഷ്യം നമുക്ക് നേടിയെടുക്കാനാവില്ല.

‘സ്‌നേഹ വീടുകള്‍’ ആധുനിക സമൂഹത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളില്‍ ഒന്നായി ഭരണകൂടത്തില്‍ തന്നെ മാറണം. സന്തോഷാത്മക സമൂഹമായി നാം മാറാനുള്ള പ്രധാനപ്പെട്ട ശ്രമങ്ങള്‍ നടക്കേണ്ടതും വീടുകള്‍ക്കുള്ളില്‍ വിദ്യാഭ്യാസ ഇടപെടലുകള്‍ നടത്തിക്കൊണ്ടു കൂടിയാണ്.

ഫിന്‍ലാന്റ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി കേരളത്തിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ചപ്പോള്‍

വിദ്യാഭ്യാസ പ്രക്രിയയില്‍ ഇടപെട്ടുകൊണ്ടു തന്നെയാണ് സന്തോഷാത്മകമായ സമൂഹമായി സ്‌കാന്റിനേവിയന്‍ രാജ്യങ്ങള്‍ മാറിയത്. ഫിന്‍ലഡ് അടക്കമുള്ള രാജ്യങ്ങളുടെ വിദ്യാഭ്യാസ മാതൃക പിന്തുടരാന്‍ കേരളം തീരുമാനിച്ചിട്ടുണ്ട്. ഫിന്‍ലന്റുമായി വിദ്യാഭ്യാസ സഹകരണം കേരളം പ്രഖ്യാപിച്ചിട്ടുണ്ട്.

ഫിന്‍ലാന്റ് വിദ്യാഭ്യാസ മന്ത്രിയും കേരള പൊതുവിദ്യാഭ്യാസ മന്ത്രിയും

സന്തോഷസൂചികയില്‍ അടുത്തൊന്നും നേട്ടം കൈവരിക്കാന്‍ കഴിയുന്ന രാജ്യമല്ല ഇന്ത്യ. ജീവിത നിലവാരത്തിന്റെ സാമൂഹിക സൂചികകളിലെല്ലാം മികവോടെ ഉയര്‍ന്നു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഗുണമേന്മയുള്ള വിദ്യാഭ്യാസ ഉറപ്പാക്കിക്കൊണ്ട് ഹാപ്പി സ്‌പോട്ടായി മാറാനുള്ള ലക്ഷ്യത്തിലേക്ക് നടന്നടുക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഏകഭൂപ്രദേശവും കേരളമാണ്.

സ്വാതന്ത്ര്യവും തുല്യതയുമാണ് സന്തോഷത്തിന്റെ അടിസ്ഥാനശിലകള്‍. ഈ മൂല്യങ്ങള്‍ പഠിച്ചു തുടങ്ങേണ്ടത് വീടുകള്‍ക്കുള്ളില്‍ നിന്നു തന്നെയാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ നമ്മുടെ വീടുകള്‍ ഇപ്പോഴും പരമ്പരാഗത രീതിയില്‍ ആധുനിക സമൂഹത്തിന്റെ അടയാളങ്ങള്‍ ഒന്നുമില്ലാതെ നിലനില്‍ക്കുകയാണ്.

വീടുകളില്‍ നിന്ന് സ്വാതന്ത്ര്യത്തെയും തുല്യതയുടെയും സുഗന്ധം കുട്ടികള്‍ക്ക് അനുഭവിക്കാനാകണം.ആധുനിക മൂല്യങ്ങള്‍ അനുഭവിച്ചു പഠിക്കാനുമാവണം.

അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കുറവ്, ജെന്‍ഡറിന്റെ അടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനം, പരിഗണനയിലുള്ള അസമത്വം എന്നിവയെല്ലാം ഇല്ലാതാക്കാനായാല്‍ മാത്രമാണ് വീടുകള്‍ക്കുള്ളില്‍ സന്തോഷം ഉല്പാദിക്കാന്‍ കഴിയുകയുള്ളൂ.

വീടുകള്‍ക്കുള്ളിലെ തൊഴില്‍ വിഭജനം ആരുടെ സൃഷ്ടിയാണെന്ന് വിമര്‍ശനാത്മക ബോധത്തോടെ കുട്ടികള്‍ പരിശോധിക്കുന്ന നിലയുണ്ടാകണം. നമുക്കതിനെ പൊളിച്ചടുക്കേണ്ടതുണ്ട് എന്ന് തിരിച്ചറിയാനും, ഞങ്ങളിലൂടെ അത് സാധ്യമാകുമെന്നും കുട്ടിക്ക് ബോധ്യപ്പെടണം.

പ്രായത്തിന്റെയും, ജെന്‍ഡറിന്റെയും വ്യത്യാസമില്ലാതെ അഭിപ്രായസ്വാതന്ത്ര്യം എല്ലാവരുടെയും അവകാശമാണെന്നും ഇതിലൂടെ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ബോധ്യപ്പെടുത്താനാവണം. ഇതിനെല്ലാം കഴിയുന്ന ഒരു ബദല്‍ പ്രവര്‍ത്തനത്തിന്റെ ആശയം ഒന്നാകെ ഉള്‍ക്കൊള്ളുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ മൂന്നാം ക്ലാസിലെ പുതുക്കിയ മലയാളം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തേങ്ങ ചിരകുന്ന പുരുഷന്റെ ചിത്രമുള്ള മൂന്നാം ക്ലാസ് പാഠപുസ്തകത്തിലെ ഭാഗം

ഒരു ചിത്രം കൊണ്ട് എന്ത് ചെയ്യാന്‍ സാധിക്കും എന്ന്‌ പരിഹസിക്കുന്നവരുണ്ടാകാം. ഒരു ചിത്രത്തിന് നിലവിലുള്ള വ്യവസ്ഥിതിയെ വെല്ലുവിളിക്കാനും, ആധുനിക സമൂഹത്തിന്റെ പുതിയ മാതൃകകള്‍ എളുപ്പത്തില്‍ പഠിപ്പിക്കാനുമാവും. ഓരോ വീടുകളിലും ഈ പാഠഭാഗം പഠിക്കുന്ന കുട്ടികള്‍ മാറ്റത്തിന്റെ പടക്കം പൊട്ടിക്കുമെന്നതില്‍ തര്‍ക്കമില്ല.

എന്റെ വീട് ഇതുപോലൊരു സ്‌നേഹവീട് ആണെന്ന് പറയാന്‍ അച്ഛനെ കൊണ്ട് അവര്‍ ബ്രേക്ഫാസ്റ്റ് തയ്യാറാക്കിപ്പിക്കും. ഇപ്പോഴത്തെ വീടുകളൊക്കെ ഇങ്ങനെയാണെന്ന് ഏതൊരു പ്രാകൃത വീടും മനസ്സിലാക്കും. അങ്ങനെ കുട്ടികളുടെ പാഠപുസ്തകം പുതിയ തിരിച്ചറിവും മാറ്റത്തിനുള്ള പ്രേരക ശക്തിയുമായി മാറും.

കൂട്ടായാണ് ഞങ്ങള്‍ ഭക്ഷണം പാചകം ചെയ്യുന്നതെന്നും അതൊരു ജനാധിപത്യ പ്രക്രിയാണെന്നും കുട്ടികളോടൊപ്പം രക്ഷിതാക്കളും പഠിക്കും. ഇതിലും ഏറെ ഒരു ചിത്രം നിര്‍വഹിക്കേണ്ട ഉത്തരവാദിത്വം എന്താണ്. ഒരു ചിത്രം കൊണ്ട് സാധ്യമാകേണ്ട അറിവു  നിര്‍മ്മാണം എന്താണ് !

സാമൂഹ്യമാറ്റപ്രക്രിയയില്‍ പങ്കാളികളാകാന്‍ കഴിയുന്ന കുട്ടികളെ രൂപപ്പെടുത്താനാണ് വിദ്യാഭ്യാസം കൊണ്ട് കഴിയേണ്ടത് എന്ന ഉത്തരവാദിത്വം നിര്‍വഹിക്കാനും അതിനു തുടക്കം കുറിക്കേണ്ടത് വീടുകളില്‍ നിന്നുമാണെന്നുമാണ് ഈ ഒരൊറ്റ ചിത്രം കൊണ്ട് സാധ്യമാകുന്ന അറിവു നിര്‍മ്മാണം.

ഹരിതകര്‍മസേനയെ കുറിച്ച് ശ്രീജ പള്ളം വരച്ച ചിത്രം ഉള്‍പ്പെടുത്തിയ പാഠപുസ്തകത്തിലെ ഭാഗം

ഓരോ പൗരനും ഈ ഭൂമിയെ തന്നെ നിലനിര്‍ത്താന്‍ വലിയൊരു ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ ഉണ്ടെന്ന അറിവ് നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രവും ഇതേ പാഠപുസ്തകത്തിലുണ്ട്. പ്രശസ്ത ചിത്രകാരി ശ്രീജ പള്ളം വരച്ച ഹരിത കര്‍മ്മ സേനാംഗങ്ങളുടെ മനോഹരമായ ഒരു ചിത്രം പുതിയ തലമുറയെ പഠിപ്പിക്കുന്നത് സാമൂഹ്യ പ്രതിബദ്ധത കൂടിയാണ്.

ഇതെല്ലാം നമ്മുടെ നാട്ടിലുള്ള നിലവിലുള്ള വ്യവസ്ഥിതിയെ തകിടം മറിക്കാനും, പുതുക്കിപ്പണിയാനും കുട്ടികള്‍ക്ക് അറിവും ആവേശവും നല്‍കുന്നതാണ്.

പുതിയ പാഠപുസ്തകത്തിന്റെ ഏടുകളൊന്നും സ്വാഭാവികമായി സംഭവിച്ചതാണെന്ന് കരുതരുത്. ബോധപൂര്‍വ്വമായ ഇടപെടലുകളിലൂടെയാണ് വിദ്യാഭ്യാസത്തെ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം നിര്‍വഹിക്കാന്‍ കഴിയുന്ന ബോധനമാര്‍ഗമാക്കി മാറ്റുന്നത്.

നമ്മുടെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രക്രിയയും ആബാലവൃദ്ധം ജനങ്ങളും പങ്കാളികളായിട്ടുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ അടക്കമുള്ള എല്ലാവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യമായ അവസരം കിട്ടിയിട്ടുണ്ട്. ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തകരായ കൂട്ടുകാരുടെ നേതൃത്വപരമായ പങ്കും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതുക്കിപ്പണിഞ്ഞ ഈ പാഠപുസ്തകം ഒരു ജനകീയ ഉല്‍പ്പന്നം കൂടിയാണ്.

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി

ചട്ടങ്ങളും കീഴ്വഴക്കങ്ങളും പഠിപ്പിച്ചു കൊണ്ട് കുട്ടിയെ അനുസരണയുള്ള പൗരനാക്കി മാറ്റാനല്ല വിദ്യാഭ്യാസം കൊണ്ട് കഴിയേണ്ടത്. നാം ജീവിക്കുന്ന സമൂഹത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കി, പുതുക്കി പണിയാന്‍ ശേഷിയുള്ള കരുത്തെനിക്കുണ്ട് എന്ന തിരിച്ചറിവ് നല്‍കുവാനാണ് വിദ്യാഭ്യാസം കൊണ്ട് സാധ്യമാകേണ്ടത്.

കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രക്രിയ തുടങ്ങിവച്ചത് ജനകീയ അഭിപ്രായ പ്രകടനത്തിനുള്ള അവസരം ഒരുക്കിക്കൊണ്ടാണ്. സ്വന്തം കഴിവുകള്‍ തിരിച്ചറിയാന്‍ ശേഷിയുള്ളവരാക്കി, ആധുനിക സമൂഹ നിര്‍മ്മാണ പ്രക്രിയയില്‍ പങ്കെടുക്കാന്‍ പ്രാപ്തരാക്കി കുട്ടികളെ മാറ്റുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കാന്‍ എനിക്കും ഇതിലൂടെ കഴിഞ്ഞു.

കുട്ടികളെ സാമൂഹ്യ മാറ്റത്തിനുള്ള ചാലകശക്തിയാക്കി രൂപപ്പെടുത്തിയെടുക്കാനുള്ള പിന്തുണയും പ്രോത്സാഹനവും നല്‍കുന്ന ഒന്നാക്കി കേരളത്തിലെ വിദ്യാഭ്യാസ പ്രക്രിയ മാറുന്നു എന്നത് അഭിമാനകരമായാണ് നോക്കിക്കാണുന്നത്. വീടും നാടും സമൂഹവുമെല്ലാം ഇതിലൂടെ ആധുനികമായി കെട്ടിപ്പടുക്കാന്‍ നമ്മുടെ കുട്ടികള്‍ക്ക് ഇതിലൂടെയാവും.

വെല്ലുവിളികളും പോരായ്മകളും ഒട്ടേറെയുണ്ടാവാമെങ്കിലും ലോകത്തെ ഏറ്റവും മെച്ചപ്പെട്ട സമൂഹമായി നമ്മുടെ നാടിനെ മാറ്റാനാവശ്യമായ കരുത്തും കരളുറപ്പമുള്ള തലമുറകളെ വളര്‍ത്തിയെടുക്കാന്‍ പുതുക്കിയ പാഠപുസ്തകങ്ങള്‍ സഹായകരമാകും.

പാഠപുസ്തകങ്ങള്‍ക്ക് ഒരു വീട് നിര്‍മ്മിക്കാന്‍ കഴിയുമോ ! വിദ്യാഭ്യാസ പ്രക്രിയയുടെ ലക്ഷ്യം നിറവേറ്റാനുള്ള ഉപകരണങ്ങളാണ് പാഠപുസ്തകങ്ങള്‍. പാഠപുസ്തകങ്ങള്‍ നിറയെ അറിവുകളാണ്. പുതിയ അറിവുകള്‍ നിര്‍മ്മിക്കാനുള്ള ഉപാധിയുമാണ്.

അറിവുകൊണ്ട് നമുക്ക് നമ്മുടെ ജീവിതം മെച്ചപ്പെടുത്താനാവും. നല്ലൊരു ജോലി കണ്ടെത്താനാവും. അതിലൂടെ വരുമാനം ഉണ്ടാകും, വരുമാനമുണ്ടെങ്കില്‍ വീട് വെക്കാം. പാഠപുസ്തകങ്ങള്‍ പരോക്ഷമായി വീട് നിര്‍മ്മിക്കാനുള്ള ഒരു വഴി കൂടിയായാണ് നാം ധരിച്ചു വെച്ചിട്ടുള്ളത്. പഠിച്ച് പഠിച്ച് എന്റെ കുട്ടിക്കൊരു ജോലി കിട്ടിയിട്ടു വേണം ഞങ്ങള്‍ക്കൊരു വീടു വെക്കാന്‍ ! എന്നു പറയുന്നത് കേട്ടിട്ടില്ലേ…

പക്ഷേ ഇവിടെ പാഠപുസ്തകം നേരിട്ട് ഒരു സ്‌നേഹവീട് നിര്‍മ്മിക്കുകയാണ്. ആധുനിക മൂല്യങ്ങളായ സ്വാതന്ത്ര്യവും തുല്യതയുമുള്ള ജനാധിപത്യം തുളുമ്പുന്ന ഒരു വീട്. സന്തോഷകരമായ ഒരു കുടുംബവും, സ്‌നേഹം നിറഞ്ഞ അവരുടെ വീടും നിര്‍മ്മിക്കാനുള്ള അറിവാണ് ഈ പാഠഭാഗം ലക്ഷ്യം വെക്കുന്നത്. അതെ ഇവിടെ പാഠപുസ്തകം സ്‌നേഹ വീടു നിര്‍മ്മിക്കുന്നു. സന്തോഷമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നു.

content highlights; PT Rahesh writes about curriculum reform and changes in textbooks in Kerala

പി.ടി. രാഹേഷ്
പി.ടി.രാഹേഷ്. പാലക്കാട് ജില്ലയിലെ മുതുതല സ്വദേശി. കോവിഡ് കാല അനുഭവങ്ങളുടെ സമാഹാരമായ 'ബൂസ്റ്റര്‍ഡോസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും എഴുതാറുണ്ട്. കുട്ടികള്‍ക്കിടയില്‍ ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു.