തൊഴില്‍ ഉറപ്പുള്ളവരാണ് ഞങ്ങളെന്ന് അഭിമാനപൂര്‍വ്വം പറയാന്‍ കഴിയുന്ന പൗരന്‍മാരുള്ള രാജ്യമായി മാറാന്‍ ഇന്ത്യക്ക് ഇപ്പോഴുമായിട്ടില്ല. സ്വതന്ത്രഇന്ത്യയില്‍ സാധാരണ ജനങ്ങളുടെ തൊഴിലിലുള്ള അവകാശം ഉറപ്പു വരുത്തുന്നതിനും, ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുമായി ആരംഭിച്ച തൊഴില്‍ ദാന പരിപാടിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.
ചൂഷണ അധിഷ്ഠിതമായ തൊഴില്‍ ബന്ധങ്ങളില്‍ നിന്നും തൊഴിലാളികളെ മോചിപ്പിക്കുന്നതിനും ഒരു സംഘടിത ശക്തിയായി ഇന്ത്യയിലെ ഗ്രാമീണരായ തൊഴിലാളികളെ മാറ്റുന്നതിനും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമവും അതിന്റെ അടിസ്ഥാനത്തില്‍ രൂപം നല്‍കിയ തൊഴിലുറപ്പ് പദ്ധതിയും ഏറെ സഹായകരമായിട്ടുണ്ട്.
ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതിനോടൊപ്പം പരിസ്ഥിതി പുനരുജ്ജീവനത്തിനും, കാര്‍ഷിക വികസനത്തിനും തൊഴിലുറപ്പ് പദ്ധതിയുടെ ആസൂത്രണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുന്നതിനും സ്ത്രീശാക്തീകരണത്തിനുമാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ ലക്ഷ്യം വെച്ചത്.
ജനകീയ ആസൂത്രണ പ്രസ്ഥാനത്തിലൂടെയും അധികാര വികേന്ദ്രീകരണത്തിലൂടെയും വളര്‍ത്തിയെടുത്ത ജനകീയ പങ്കാളിത്ത സംവിധാനങ്ങളായ ഗ്രാമസഭകള്‍, കുടുംബശ്രീകള്‍, പാടശേഖരസമിതികള്‍ എന്നിവയിലൂടെ വിപുലമായ ബഹുജന പങ്കാളിത്തം സാധ്യമാക്കി തൊഴിലുറപ്പ് പദ്ധതിയെ കാര്യക്ഷമമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ കേരളത്തിനായിട്ടുണ്ട്.
പതിനെട്ട് വയസ്സിന് മുകളില്‍ കായിക അധ്വാനം ചെയ്യാന്‍ തയ്യാറുള്ള എല്ലാവര്‍ക്കും 100 ദിവസത്തെ തൊഴില്‍ ലഭിക്കുവാനുള്ള അവകാശമാണ് ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ കൈവന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ 41, 42, 43 അനുച്ഛേദങ്ങള്‍ പ്രകാരം എല്ലാ പൗരന്മാര്‍ക്കും ന്യായവും, മനുഷ്യത്വപരമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് അനുശാസിക്കുന്നുണ്ട്.
ഈ ലക്ഷ്യം മുന്‍നിര്‍ത്തി സ്വാതന്ത്ര്യാനന്തരം ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലായെങ്കിലും തൊഴിലായ്മ മൂലമുള്ള പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ ഇപ്പോഴും നമുക്ക് കഴിഞ്ഞിട്ടില്ല. സ്ത്രീക്കും പുരുഷനും തുല്യ ജോലിക്ക് തുല്യ വേതനം, തൊഴിലാളികളുടെ സാമൂഹിക പദവി ഉയര്‍ത്തല്‍, തൊഴിലിന്റെ അഭാവം മൂലം ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് ഉണ്ടാകുന്ന കുടിയേറ്റം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള പരിശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇന്ത്യയില്‍ നിലവില്‍ വന്നത്.
ഇന്ത്യന്‍ ഭരണഘടനയുടെ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിനുള്ള ഒരു നിയമനിര്‍മ്മാണമായിത്തന്നെയാണ് ഇതിനെ കണക്കാക്കേണ്ടത്. ഗ്രാമീണ മേഖലയില്‍ അസംഘടിതരായ അവിദഗ്ധ തൊഴിലാളികളുടെ മനുഷ്യ വിഭവശേഷി ഫലപ്രദമായി ഉപയോഗിക്കുന്നതിനും, അവരുടെ സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനും ഈ നിയമം വഴി അവസരമൊരുങ്ങി.
തുല്യ ജോലിക്ക് തുല്യ വേതനമെന്ന തത്വത്തിലൂടെ ഗ്രാമീണ സ്ത്രീ തൊഴിലാളികളെ ചൂഷണത്തില്‍ നിന്നും മോചിപ്പിക്കാനും അന്തസ്സുയര്‍ത്തുന്ന കായികാദ്ധ്വാനത്തിലൂടെ സാമൂഹിക നീതി കൈവരിക്കാനും തൊഴിലുറപ്പ് പദ്ധതിയിലൂടെ കഴിഞ്ഞു എന്നത് അഭിമാനകരമായ നേട്ടമാണ്.
രാജ്യത്തെ തെരഞ്ഞെടുത്ത 200 ജില്ലകളില്‍ ഗ്രാമീണ തൊഴിലുറപ്പ് നിയമം 2006 ഫെബ്രുവരി രണ്ടു മുതല്‍ പ്രാബല്യത്തില്‍ വരുകയുണ്ടായി. കേരളത്തില്‍ 2006, 2007ല്‍ പാലക്കാട് വയനാട് ജില്ലകളിലാണ് ഈ പദ്ധതി തുടക്കം കുറിച്ചത് 2007 -2008 ല്‍ കാസര്‍കോട്, ഇടുക്കി ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചു. ഇപ്പോള്‍ കേരളത്തിലെമ്പാടും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ബാധകമാവുകയും, തൊഴിലുറപ്പ് പദ്ധതിയില്‍ അഭിമാനപൂര്‍വ്വം അണിനിരക്കുന്ന തൊഴിലാളികളുടെ മുന്നേറ്റം രൂപപ്പെടുകയും ചെയ്തു. പുതിയൊരു തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നേറ്റത്തില്‍ അസ്വസ്ഥരായ കൂട്ടരാണ് ഇപ്പോള്‍ അവര്‍ക്കെതിരായ അധിക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നത്.
ഓരോ പൗരന്റെയും മൗലികാവകാശമായ തൊഴില്‍ ഉറപ്പുവരുത്തുന്നതിന് സഹായകമായ പദ്ധതി എന്ന നിലയില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങളുടെ നിയമമാണ്. തൊഴിലാളികള്‍ക്ക് സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കുന്നതിനുള്ള സാഹചര്യം ഉറപ്പാക്കാനാണ് ഇതിലൂടെ സാധ്യമായത്.
തൊഴില്‍ ലഭിക്കാനുള്ള അവകാശം പ്രാവര്‍ത്തികമാക്കാനുള്ള തൊഴിലാളി സംഘടനകളുടെയും യുവജന സംഘടനകളുടെയും ദീര്‍ഘനാളത്തെ പോരാട്ടത്തിന്റെ സാക്ഷാത്കാരം കൂടിയാണിത്. തൊഴില്‍ ചെയ്യാനുള്ള അവകാശം ജീവിക്കാനുള്ള അവകാശം പോലെ തന്നെ സുപ്രധാനമാണ്. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ തൊഴില്‍ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതും ആരോഗ്യകരവും ചൂഷണ വിമുക്തവുമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇതിലൂടെ ഇന്ത്യയില്‍ ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്.
എങ്കിലും ഇന്ത്യയിലെ സാധാരണക്കാരായ തൊഴിലാളികളും പാവപ്പെട്ടവരും ഇന്നും ചൂഷണത്തില്‍ നിന്ന് മുക്തരല്ല. ഒറ്റപ്പെട്ട അധ്വാനത്തിന്റെ വിരസതയില്‍ നിന്നും സംഘബോധത്തിന്റെ സര്‍ഗാത്മകതയില്‍ തങ്ങളുടെ അധ്വാനം വിനിയോഗിക്കുന്നതിന്റെ ഉത്സാഹവും ഊര്‍ജ്ജസ്വലതയും വളര്‍ത്തി തൊഴിലാളികളെ നാടിന്റെ വികസന പ്രക്രിയയില്‍ സുപ്രധാനമായ ഒരു ചാലകശക്തിയായി മാറ്റുന്നതിനും തൊഴിലുറപ്പ് പദ്ധതിയിലൂടെ കഴിയുന്നു എന്നതാണ് ഈ പദ്ധതിയെ സവിശേഷമാക്കുന്നത്.
1961 മുതല്‍ തന്നെ ഇന്ത്യയില്‍ തൊഴില്‍ദാന പരിപാടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. ജോലിക്ക് കൂലി ഭക്ഷണം പദ്ധതി, ദേശീയ ഗ്രാമീണ തൊഴില്‍ പദ്ധതി, ഗ്രാമീണ ഭൂരഹിതര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള പദ്ധതി, ജവഹര്‍ റോസ്ഗാര്‍ യോജന, സംയോജിത ഗ്രാമീണ വികസന പദ്ധതി എന്നിങ്ങനെ ഒട്ടേറെ പദ്ധതികള്‍ സ്വതന്ത്ര്യ ഇന്ത്യയില്‍ പരീക്ഷിക്കപ്പെട്ടതാണ്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ പിന്‍ബലത്തോടെയാണ് നടപ്പിലാക്കിയത് എന്നതാണ് ഇതിനെ മറ്റു പരാജയപ്പെട്ട പദ്ധതികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ജനങ്ങളുടെ തൊഴിലാവകാശത്തെ അംഗീകരിക്കുകയും, ഒരു വര്‍ഷത്തില്‍ കുടുംബത്തിന് 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുകയും ചെയ്തു എന്നതാണ് പ്രധാന പ്രത്യേകത.
നിശ്ചിത ദിവസം തൊഴില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊഴിലില്ലായ്മ വേതനത്തിനുള്ള അവകാശം അംഗീകരിക്കപ്പെടുന്നു, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ വേതനം ഉറപ്പാക്കുന്നു, ദാരിദ്ര്യത്തിനിടയാക്കുന്ന ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങളെ കണ്ടെത്തി പരിഹാരം കാണുന്നതിനും പ്രകൃതി വിഭവ പരിരക്ഷണത്തിനും പരിഗണന നല്‍കുന്നു, കരാറുകാരോ നോമിനുകളോ ഇല്ലാതെ ഗ്രാമസഭകളുടെ വിപുലമായ അധികാരത്തില്‍ പദ്ധതി നടപ്പിലാക്കുന്നു എന്നതെല്ലാമാണ് ഇതുവരെയുണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഈ പദ്ധതിയെ ജനകീയമാക്കിയത്.
തൊഴില്‍ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും, സാമൂഹ്യ പുരോഗതിക്ക് വേണ്ടിയുള്ളതും ആകണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തൊഴില്‍ദാന പരിപാടി യാഥാര്‍ത്ഥ്യമായത്. ഇടതുപക്ഷത്തിന്റെ നിരുപാധിക പിന്തുണയോടെ അധികാരത്തില്‍ വന്ന ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് ഇത് യാഥാര്‍ത്ഥ്യമായത് എന്ന കാര്യം എടുത്തു പറയേണ്ടതാണ്.
ഇടതുപക്ഷം മുന്നോട്ടുവച്ച പൊതുമിനിമം പരിപാടിയിലെ ഏറ്റവും പ്രധാനപ്പെട്ടതും ദീര്‍ഘവീക്ഷണത്തോടു കൂടിയുള്ളതുമായിരുന്നു തൊഴിലുറപ്പ് പദ്ധതി. പക്ഷേ, രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തന്നെ അതിന്റെ ലക്ഷ്യത്തില്‍ നിന്ന് പുറകോട്ട് പോകുന്നതായി കണ്ടു. ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണ കാലത്ത് പത്തുവര്‍ഷമായി ഈ പദ്ധതിയെ പൂര്‍ണമായും അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി ഫലപ്രദമാക്കാനുള്ള നിയമഭേദഗതി സ്വകാര്യ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത് ഡോ.ജോണ്‍ ബ്രിട്ടാസ് എം.പി.യാണ്. തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള ദിവസക്കൂലി 600 രൂപയെങ്കിലുമാക്കുക, ഉപഭോക്തൃവില സൂചികയനുസരിച്ച് ഇത് കാലാകാലങ്ങളില്‍ കൂട്ടുക, ഒരു കുടുംബത്തില്‍ ഒരാള്‍ക്കുമാത്രം തൊഴില്‍ നല്‍കും എന്ന നിബന്ധന ഉപേക്ഷിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ബില്ലിലുണ്ടായിരുന്നത്.
നിയമം നടപ്പാക്കിയില്ലെങ്കില്‍ ചുമത്തുന്ന പിഴ വര്‍ധിപ്പിക്കണമെന്നും പദ്ധതിയുടെ ചിലവ് മുഴുവന്‍ കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നും ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു. പക്ഷേ തൊഴിലുറപ്പ് പദ്ധതിയെ മെച്ചപ്പെടുന്നതിനും സംരക്ഷിക്കുന്നതിനുമായ ഒരിടപെടലും കോണ്‍ഗ്രസിന്റേയും, കേന്ദ്ര സര്‍ക്കാരിന്റേയും ഭാഗത്തുനിന്ന് കഴിഞ്ഞ 10 വര്‍ഷക്കാലമായി ഉണ്ടായിട്ടില്ല.
ബി.ജെ.പി സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിക്കായുള്ള ബജറ്റ് വിഹിതം ഓരോ വര്‍ഷവും വെട്ടി കുറയ്ക്കുകയാണുണ്ടായത്. ഇന്ത്യയില്‍ ഏറ്റവും മാതൃകാപരമായി പദ്ധതി നടപ്പിലാക്കുന്ന കേരളത്തിനു നല്‍കാനുള്ള കേന്ദ്ര വിഹിതം തരാതെ പിടിച്ചു വെച്ചിരിക്കുകയുമാണ്.
ഇന്ത്യയിലെ സാധാരണ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ദാരിദ്ര നിര്‍മാര്‍ജനത്തിനുമായി ഞങ്ങള്‍ കൊണ്ടുവന്ന പദ്ധതി എന്ന നിലയില്‍ കൊട്ടിഘോഷിക്കുന്ന തൊഴിലുറപ്പ് പദ്ധതിയോട് കോണ്‍ഗ്രസിന് ഉള്ളിലുള്ള വിരോധം ഇപ്പോള്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വടകര നിയോജകമണ്ഡലം സ്ഥാനാര്‍ഥി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതായി പോകുന്ന റാലിയിലാണ് തൊഴിലുറപ്പ് പദ്ധതി വിരുദ്ധ മുദ്രാവാക്യം ഉയര്‍ന്നു കേട്ടത്.
തൊഴിലുറപ്പ് എന്ന മഹത്തായ പദ്ധതിയോടുള്ള വിരോധം മാത്രമല്ല, തൊഴിലുറപ്പ് തൊഴിലാളികളോടുള്ള വിദ്വേഷവും വെറുപ്പുമാണ് ഇതിലൂടെ പുറത്തുവന്നത്. തികച്ചും സാധാരണക്കാരും, ഭൂരിപക്ഷം സ്ത്രീകളും അണിനിരക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അതിന്റെ പിതൃത്വം അവകാശപ്പെടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തെരുവില്‍ അപമാനിക്കുകയാണ് ചെയ്തത്.
ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും ഉറപ്പു നല്‍കുന്ന തൊഴില്‍ ഉറപ്പ് വരുന്നതിന് നിയമംമൂലം പാസാക്കിയ ഒരു പദ്ധതിയില്‍ വിശ്വാസപൂര്‍വ്വം അണിനിരന്ന തൊഴിലാളികളോടുള്ള അധിക്ഷേപമായാണ് ഇതിനെ കാണേണ്ടത്. തൊഴിലാളി വര്‍ഗ്ഗത്തോടുള്ള വലതുപക്ഷ രാഷ്ട്രീയത്തിന്റെ പൊതുസമീപനത്തിന്റെ മുഖംമൂടിയാണ് ഇവിടെ അഴിഞ്ഞു വീണത്.
ജാതി വിരുദ്ധതയും വര്‍ണവറിയും വീണ്ടും തലപൊക്കുന്ന ഇക്കാലത്ത് അതോടൊപ്പം തന്നെ ചേര്‍ത്ത് വായിക്കേണ്ടതാണ് ഈ തൊഴിലാളി വിരുദ്ധ മുദ്രാവാക്യവും. ഞങ്ങള്‍ തൊഴിലുറപ്പിലെ പെണ്ണുങ്ങള്‍ അല്ലെന്ന് വിളിച്ചു പറയുന്ന സ്ത്രീകള്‍ തൊഴിലിന്റെ മഹത്വത്തെ മാത്രമല്ല, തൊഴില്‍ പൗരന്റെ അവകാശമാണെന്ന് പറയുന്ന ഭരണഘടനയെയും വെല്ലുവിളിക്കുകയാണ് ചെയ്യുന്നത്.
തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളെ ഒരു പ്രത്യേക വര്‍ഗമായി കണക്കാക്കുകയും, ജാതി ചിന്തക്ക് സമാനമായി അവരെ നോക്കി കാണുകയും ചെയ്യുന്നു എന്നതാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. വര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യരെ അധിക്ഷേപിക്കുന്ന സത്യഭാമമാരുടെ മറ്റൊരു രൂപമായാണ് തൊഴിലാളി വര്‍ഗ്ഗത്തെ അധിക്ഷേപിക്കുന്ന ഇവരെ കാണേണ്ടത്.
തൊഴിലുറപ്പ് തൊഴിലാളികളേയും, തൊഴിലാളികളായ സ്ത്രീകളെയും തെരുവില്‍ അപമാനിക്കുന്ന മുദ്രാവാക്യം മുഴക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ മൗനം പാലിച്ചു എന്നതാണ് ദൗര്‍ഭാഗ്യകരം. അതുകൊണ്ടുതന്നെ ഇത് മുദ്രാവാക്യം വിളിച്ച ആളുകളുടെയും, ഏറ്റുവിളിച്ചവരുടെയും മാത്രം പ്രശ്‌നമായല്ല കണക്കാക്കേണ്ടത്.
കോണ്‍ഗ്രസും, യു.ഡി.എഫും ബോധപൂര്‍വം തയ്യാറാക്കിയ മുദ്രാവാക്യമാണ് അവിടെ മുഴങ്ങിക്കേട്ടത്. ഒരേസമയം സ്ത്രീവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ ഈ മുദ്രാവാക്യം ഉയര്‍ത്തുന്നതിലൂടെ കോണ്‍ഗ്രസ് ഈ രാജ്യത്തിന് നല്‍കുന്ന സന്ദേശം എന്താണ് എന്നതുകൂടിയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇനി ചര്‍ച്ച ചെയ്യപ്പെടേണ്ടത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ സാമൂഹ്യ മുന്നേറ്റത്തിലും സ്ത്രീ മുന്നേറ്റത്തിനുള്ള ഉപാധിയായാണ് കേരളം കണ്ടത്. ലക്ഷക്കണക്കിന് സ്ത്രീകളാണ് ഇന്ന് കേരളത്തില്‍ മാത്രം ഈ പദ്ധതിയുടെ ഭാഗമായി തൊഴിലെടുക്കുന്നത്. അതുകൊണ്ടുതന്നെ ‘ഞങ്ങള്‍ തൊഴിലുറപ്പ് പെണ്ണുങ്ങളല്ല’ എന്ന മുദ്രാവാക്യത്തേയും അതിലൂടെ അവരെന്തോ മോശ വിഭാഗക്കാരാണെന്ന് തീര്‍ക്കാനുള്ള ശ്രമത്തേയും ഗൗരവകരമായ പ്രശ്‌നമായാണ് കേരളം നോക്കിക്കാണുന്നത്.
ഞങ്ങള്‍ തൊഴിലുറപ്പില്‍ പണിയെടുക്കുന്ന പെണ്ണുങ്ങളാണെന്ന് അഭിമാനപൂര്‍വ്വം പറയുന്ന ലക്ഷക്കണക്കിന് സ്ത്രീകളോടാണ് കോണ്‍ഗ്രസ് മറുപടി പറയേണ്ടത്. കോണ്‍ഗ്രസ്സിന്റെ ഈ തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള അധിക്ഷേപം ജാതിജന്മി നാടുവാഴിത്ത കാലത്തെ ദുര്‍ഗന്ധം ഇപ്പോഴും ഉള്ളില്‍ പേറുന്നതിന്റെ ഭാഗമായാണ്.
അത്തരം ദുര്‍ഗന്ധങ്ങളെയെല്ലാം സംഘടിതമായ സമരമുന്നേറ്റങ്ങളുടെ ചെറുത്തുതോല്‍പ്പിച്ച നാടാണ് നമ്മുടേത്. സ്ത്രീ മുന്നേറ്റത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന്റെയും ചാലകശക്തികളില്‍ ഒന്നായ തൊഴിലുറപ്പ് പദ്ധതിയില്‍ അണിനിരക്കുന്ന സ്ത്രീകളെ അപമാനകരമായ രീതിയില്‍ അധിക്ഷേപിച്ച സാഹചര്യത്തെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല എന്നത് അവരുടെ സംസ്‌കാരത്തിന്റെ അപജയമായാണ് കണക്കാക്കേണ്ടത്.
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഇന്ത്യയില്‍ ഒരേ നിലപാടാണെന്ന് തെളിയുകയാണ്. സമൂഹത്തിലെ സാധാരണ വിഭാഗം ജനങ്ങള്‍ ജീവിതം മെച്ചപ്പെടുത്താനായി തിരഞ്ഞെടുത്ത തൊഴില്‍ മാര്‍ഗ്ഗത്തിനെതിരായ നേരിട്ടും, അല്ലാതെയുമുള്ള കടന്നാക്രമണത്തിന് തൊഴിലാളി വര്‍ഗ്ഗ സമൂഹം ഒരുമിച്ചു നിന്നു കൊണ്ട് മറുപടി നല്‍കുമെന്നുറപ്പാണ്.
തൊഴിലുറപ്പ് പദ്ധതിയെ അപമാനിക്കുന്ന കോണ്‍ഗ്രസിനെയും, ഇന്ത്യയില്‍ തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട ബി.ജെ.പിയെയും ഈ തെരഞ്ഞെടുപ്പില്‍ തൊഴിലാളി സമൂഹം ചോദ്യം ചെയ്യും. തൊഴിലുറപ്പിന്‍ തൊഴിലാളികള്‍ തന്നെയാണ് ഞങ്ങളെന്ന് കരളുറപ്പോടെ അഭിമാനികള്‍ വിളിച്ചു പറയുകയും ചെയ്യും.