പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ഇസ്‌ലമാബാദ് യുണൈറ്റഡ് – മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് മത്സരത്തിലെ സൂപ്പര്‍ താരം ഇമാദ് വസീമിന്റെ പുറത്താകലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. പുറത്താകാതിരിക്കാന്‍ ശ്രമിച്ചിട്ടും അതിനാകാതെ നിര്‍ഭാഗ്യകരമായ രീതിയിലാണ് താരം പുറത്തായത്.
മത്സരത്തിന്റെ 15ാം ഓവറിലെ നാലാം പന്തിലായിരുന്നു സംഭവം. അബ്ബാസ് അഫ്രിദിയെറിഞ്ഞ ഗുഡ് ലെങ്ത് ഡെലിവെറി ഡിഫന്‍ഡ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു വസീം. എന്നാല്‍ പന്ത് താരത്തിന്റെ കാലില്‍ തട്ടുകയും വിക്കറ്റിന് നേരെ ഉരുണ്ട് പോവുകയുമായിരുന്നു. പന്ത് തടയാന്‍ താരം ശ്രമിച്ചെങ്കിലും വിക്കറ്റില്‍ കൊള്ളുകയും താരം പുറത്താവുകയുമായിരുന്നു.
അതേസമയം, ടോസ് നഷ്ടടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുണൈറ്റഡ് നിശ്ചിത ഓവറില്‍ 144 റണ്‍സ് നേടി പുറത്തായി. ഓപ്പണര്‍മാരായ കോളിന്‍ മണ്‍റോ 13 പന്തില്‍ എട്ടിനും അലക്‌സ് ഹേല്‍സ് എട്ട് പന്തില്‍ രണ്ടിനും പുറത്തായി.
മുള്‍ട്ടാന് വേണ്ടി മുഹമ്മദ് അലിയും അബ്ബാസ് അഫ്രിദിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ഒസാമ മിര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നസീം ഷാ റണ്‍ ഔട്ടാവുകയും ഡേവിഡ് വില്ലി ശേഷിക്കുന്ന വിക്കറ്റ് നേടുകയും ചെയ്തു.
നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 48ന് ഒന്ന് എന്ന നിലയിലാണ് സുല്‍ത്താന്‍സ്. 26 പന്തില്‍ 32 റണ്‍സുമായി മുഹമ്മദ് റിസ്വാനും 14 പന്തില്‍ പത്ത് റണ്‍സുമായി റീസ ഹെന്‍ഡ്രിക്‌സുമാണ് ക്രീസില്‍.
Content highlight: PSL: Unlucky dismissal of Imad Wasim