ഒറ്റ മത്സരം കൊണ്ട് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ ചരിത്ര പുസ്തകത്തില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയ ഷമര്‍ ജോസഫിനെ സ്വന്തമാക്കി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടീമായ പെഷവാര്‍ സാല്‍മി.
സാല്‍മിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട സൂപ്പര്‍ താരത്തെ സ്വന്തമാക്കിയ സന്തോഷം ബാബര്‍ അസമിന്റെ സാല്‍മി ആരാധകരുമായി പങ്കുവെച്ചത്.
തങ്ങളുടെ കോട്ടയെന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ച ഗാബയില്‍ ഓസ്‌ട്രേലിയയെ എട്ട് റണ്‍സിന് പരാജയപ്പെടുത്തിയാണ് വെസ്റ്റ് ഇന്‍ഡീസ് ചരിത്രം കുറിച്ചത്. കരീബിയന്‍സ് മുമ്പില്‍ വെച്ച 216 റണ്‍സ് ചെയ്സ് ചെയ്തിറങ്ങിയ ഓസ്ട്രേലിയ 207 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
1997ന് ശേഷം ഇതാദ്യമായാണ് വെസ്റ്റ് ഇന്‍ഡീസ് ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
വിന്‍ഡീസിന്റെ ഈ ചരിത്ര വിജയത്തിന് കാരണമായത് ഷമര്‍ ജോസഫ് എന്ന വലംകയ്യന്‍ പേസറാണ്. രണ്ടാം ഇന്നിങ്സില്‍ മാത്രം ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഷമര്‍ ജോസഫ് ഓസീസിനെ തകര്‍ത്തെറിഞ്ഞത്.
രണ്ടാം ഇന്നിങ്സില്‍ 11.5 ഓവര്‍ പന്തെറിഞ്ഞാണ് ഷമര്‍ ജോസഫ് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയത്. കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്സല്‍വുഡ് എന്നിവരെയാണ് ജോസഫ് പുറത്താക്കിയത്.
ആദ്യ ഇന്നിങ്സില്‍ ഒരു വിക്കറ്റും താരം നേടിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ ഷമര്‍ ജോസഫ് 13 വിക്കറ്റാണ് പരമ്പരയില്‍ ആകെ വീഴ്ത്തിയത്.
ഈ പ്രകടനത്തിന് പിന്നാലെ മത്സരത്തിന്റെ താരമായും പരമ്പരയുടെ താരമായും തെരഞ്ഞെടുത്തത് ഷമര്‍ ജോസഫിനെ തന്നെയായിരുന്നു.
ഈ നേട്ടത്തിന് പിന്നാലെയാണ് സാല്‍മിയുടെ കണ്ണുകള്‍ ഷമര്‍ ജോസഫില്‍ പതിഞ്ഞതും വിന്‍ഡീസ് കരുത്തിനെ ടീമിലെത്തിച്ചതും. ഷമറും ടീമിലെത്തിയതോടെ സാല്‍മി നിര ഇരട്ട സ്‌ട്രോങ്ങായിരിക്കുകയാണ്.
കഴിഞ്ഞ സീസണില്‍ പത്ത് മത്സരത്തില്‍ നിന്നും അഞ്ച് ജയത്തോടെ പത്ത് പോയിന്റോടെ ടീം പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു. എന്നാല്‍ പ്ലേ ഓഫില്‍ ഷഹീന്‍ ഷാ അഫ്രിദിയുടെ ലാഹോര്‍ ഖലന്തേഴ്‌സിനോട് തോറ്റ് പുറത്താവുകയായിരുന്നു.