| Wednesday, 28th February 2024, 7:46 am

എന്തൊരു ഗതികേട്, ഒരു ചാമ്പ്യന്‍മാര്‍ക്കും ഈ അവസ്ഥ വരുത്തല്ലേ... ഹാട്രിക് കിരീടം ലക്ഷ്യമിട്ടവന് ആദ്യ ജയം ഇനിയുമകലെ

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ലാഹോര്‍ ഖലന്ദേഴ്‌സിന് വീണ്ടും തോല്‍വി. കഴിഞ്ഞ ദിവസം ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനോടാണ് ഖലന്ദേഴ്‌സിന് തോല്‍വി വഴങ്ങേണ്ടി വന്നത്. 60 റണ്‍സിനായിരുന്നു ഷഹീന്‍ ഷാ അഫ്രിദിയുടെയും സംഘത്തിന്റെ പരാജയം.

ഇതോടെ സീസണില്‍ കളിച്ച എല്ലാ മത്സരത്തലും തോറ്റ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഖലന്ദേഴ്‌സ്. സീസണില്‍ ഒറ്റ മത്സരം പോലും വിജയിക്കാത്ത ഏക ടീമും ലാഹോര്‍ മാത്രമാണ്.

സുല്‍ത്താന്‍സ് ഉയര്‍ത്തിയ 215 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലാഹോര്‍ 154ന് ഓള്‍ ഔട്ടാവുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സുല്‍ത്താന്‍സ് ഉസ്മാന്‍ ഖാനിന്റെ സെഞ്ച്വറിയോളം പോന്ന അര്‍ധ സെഞ്ച്വറി കരുത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. 55 പന്തില്‍ 96 റണ്‍സാണ് ഖാന്‍ സ്വന്തമാക്കിയത്. 11 ഫോറും രണ്ട് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഇതിന് പുറമെ 18 പന്തില്‍ നിന്നും പുറത്താകാതെ 40 റണ്‍സ് നേടിയ ഇഫ്തിഖര്‍ അഹമ്മദും 27 പന്തില്‍ 40 റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്‌സുമാണ് സുല്‍ത്താന്‍സ് നിരയില്‍ കരുത്തായ മറ്റ് താരങ്ങള്‍.

അഞ്ച് പന്തില്‍ പൂജ്യത്തിന് പുറത്തായ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ മാത്രമാണ് മുള്‍ട്ടാന്‍ നിരയില്‍ നിരാശപ്പെടുത്തിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 214 എന്ന നിലയില്‍ മുള്‍ട്ടാന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ലാഹോറിനായി ക്യാപ്റ്റന്‍ ഷഹീന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റും സിക്കന്ദര്‍ റാസയും ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലാഹോറിന് തകര്‍പ്പന്‍ തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. ഓപ്പണര്‍മാര്‍ ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയെങ്കിലും ആറ് പന്തുകളുടെ ഇടവേളയില്‍ രണ്ട് പേരും വീണതോടെ ഖലന്ദേഴ്‌സ് പരുങ്ങി.

ഫഖര്‍ സമാന്‍ 16 പന്തില്‍ 21ന് പുറത്തായപ്പോള്‍ സഹിബ്‌സാദ ഫര്‍ഹാന്‍ 21 പന്തില്‍ 31 റണ്‍സും നേടി. മൂന്നാം നമ്പറിലിറങ്ങിയ റാസി വാന്‍ ഡെര്‍ ഡസനാണ് അല്പമെങ്കിലും ചെറുത്തുനിന്നത്. 22 പന്തില്‍ 30 റണ്‍സുമായി ആര്‍.വി.ഡിയും മടങ്ങി.

പിന്നാലെയെത്തിയവരില്‍ മൂന്ന് പേര്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. കൃത്യമായ ഇടവേളകളില്‍ മുള്‍ട്ടാന്‍ ബൗളര്‍മാര്‍ വിക്കറ്റും നേടിയതോടെ ലാഹോര്‍ 17 ഓവറില്‍ 154ന് പുറത്തായി.

ലാഹോറിനായി ഒസാമ മിര്‍ ആറ് വിക്കറ്റ് നേടി കരുത്ത് കാട്ടി. നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങിയാണ് ഒസാമ ആറ് പേരെ മടക്കിയത്.

ഫൈസല്‍ അക്രം രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അഫ്താബ് ഇബ്രാഹിം കുഷ്ദില്‍ ഷാ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഈ തോല്‍വിക്ക് പിന്നാല ഷഹീന്‍ ഷാ അഫ്രിദിക്കും മോശം റെക്കോഡുകളാണ് സമ്മാനിച്ചത്. ബാബറിന് ശേഷം പാകിസ്ഥാന്റെ ക്യാപ്റ്റസിയേറ്റെടുത്തതിന് പിന്നാലെ ഇത് പത്താം ടി-20 മാച്ചിലാണ് ഷഹീന്‍ തോല്‍വി വഴങ്ങുന്നത്. ഒറ്റ മത്സരത്തില്‍ മാത്രമാണ് ഷഹീനിന് ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചത്.

പി.എസ്.എല്ലില്‍ ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഖലന്ദേഴ്‌സ് ആദ്യ വിജയം നേടിയെടുക്കാനായി ചക്രശ്വാസം വലിക്കുകയാണ്.

മാര്‍ച്ച് രണ്ടിനാണ് ലാഹോറിന്റെ അടുത്ത മത്സരം. ബാബര്‍ അസമിന്റെ പെഷവാര്‍ സാല്‍മിയാണ് എതിരാളികള്‍. സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ എട്ട് വിക്കറ്റിനാണ് സാല്‍മി വിജയം സ്വന്തമാക്കിയത്.

Content highlight: PSL, Lahore Qalandars lost their 6 matches in a row

Latest Stories

We use cookies to give you the best possible experience. Learn more