തന്റെ ബ്രൂട്ടല്‍ ഹാര്‍ഡ് ഹിറ്റിങ് അറ്റാക്കിങ് ക്രിക്കറ്റിന് ഇപ്പോഴും ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയിക്കുകയാണ് വിന്‍ഡീസ് സൂപ്പര്‍ താരം കെയ്‌റോണ്‍ പൊള്ളാര്‍ഡ്. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ പെഷവാര്‍ സാല്‍മി – കറാച്ചി കിങ്‌സ് മത്സരത്തിലാണ് കരീബിയന്‍ കരുത്ത് എന്താണെന്ന് താരം ഒരിക്കല്‍ക്കൂടി ആരാധകര്‍ക്ക് കാണിച്ചുകൊടുത്തത്.
മത്സരത്തില്‍ ടോസ് നേടിയ കറാച്ചി കിങ്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നായകന്‍ ബാബര്‍ അസമിന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ സാല്‍മി മോശമല്ലാത്ത സ്‌കോറിലേക്ക് നടന്നുകയറി.
51 പന്തില്‍ 72 റണ്‍സ് നേടിയാണ് ബാബര്‍ സാല്‍മി നിരയില്‍ നിര്‍ണായകമായത്. ഏഴ് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഈ അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ടി-20യില്‍ 10,000 റണ്‍സ് മാര്‍ക് പിന്നിടാനും ബാബറിനായി.]
25 പന്തില്‍ 39 റണ്‍സ് നേടിയ റോവ്മന്‍ പവല്‍ ബാബര്‍ അസമിന് മികച്ച പിന്തുണ നല്‍കി. ഇവര്‍ക്ക് പുറമെ 23 റണ്ണടിച്ച ആസിഫ് അലിമാത്രമാണ് ടീമില്‍ ഇരട്ടയക്കം കണ്ട ഏക താരം.
ഒടുവില്‍ 19.5 ഓവറില്‍ 154ന് സാല്‍മി ഓള്‍ ഔട്ടായി.
കറാച്ചിക്കായി മിര്‍ ഹംസയും ഹസന്‍ അലിയും മൂന്ന് വിക്കറ്റ് വീതം നേടി. ഡാനിയല്‍ സാംസ് രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ഷോയ്ബ് മാലിക്, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ താരങ്ങളെയും പറഞ്ഞയച്ച് സാല്‍മിയുടെ പതനം പൂര്‍ത്തിയാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കറാച്ചിക്ക് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും കൃത്യമായി ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ബാബറിന്റെ പടയാളികള്‍ മത്സരം അത്രപെട്ടെന്ന് കൈവിടാതെ കാത്തു. ക്യാപ്റ്റന്‍ ഷാന്‍ മസൂദിനെ 12 റണ്‍സിനും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അഖ്‌ലാഖിനെ 24 റണ്‍സിനും ഷോയ്ബ് മാലിക്കിനെ 29 റണ്‍സിനും സാല്‍മി പുറത്താക്കി. എന്നാല്‍ പൊള്ളാര്‍ഡ് ക്രീസിലെത്തിയതോടെ മത്സരം കറാച്ചിയുടെ വരുതിയിലായി.
വെറും 21 പന്ത് നേരിട്ട് പുറത്താകാതെ 49 റണ്‍സാണ് പൊള്ളി നേടിയത്. നാല് വീതം സിക്‌സറും ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ആകെ നേടിയ 49 റണ്‍സിന്റെ പകുതിയിലധികം റണ്‍സും ഒറ്റ ഓവറില്‍ നിന്നാണ് പൊള്ളാര്‍ഡ് അടിച്ചെടുത്തത്. വഖാര്‍ സലാംഖെയ്ല്‍ എറിഞ്ഞ 15ാം ഓവറിലാണ് പൊള്ളാര്‍ഡ് തകര്‍ത്തടിച്ചത്.
ഓവറില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം 27 റണ്‍സാണ് പൊള്ളാര്‍ഡ് സ്വന്തമാക്കിയത്. ഓവറിലെ ആദ്യ പന്ത് ലോങ് ഓഫിലൂടെ ബൗണ്ടറി കടന്നപ്പോള്‍ രണ്ടാം പന്ത് ലോങ് ഓണിലൂടെ ഗ്യാലറിയിലെത്തി.
ഓവറിലെ മൂന്നാം പന്ത് വീണ്ടും ഫോറായപ്പോള്‍ നാലും അഞ്ചും പന്തുകള്‍ ഗ്യാലറിയില്‍ പതിച്ചു. ഓവറിലെ അവസാന പന്തില്‍ സിംഗിള്‍ നേടിയ പൊള്ളാര്‍ഡ് തൊട്ടടുത്ത ഓവറില്‍ സ്‌ട്രൈക്ക് നിലനിര്‍ത്താനും ശ്രദ്ധിച്ചു.
ഈ ഓവറിലേതടക്കം നാല് ഓവറില്‍ നിന്നും 54 റണ്‍സാണ് സലാംഖെയ്ല്‍ വഴങ്ങിയത്. ആദ്യ മൂന്ന് ഓവറില്‍ വഴങ്ങിയ അത്രയും റണ്‍സാണ് തന്റെ അവസാന ഓവറില്‍ മാത്രമായി താരത്തിന് വഴങ്ങേണ്ടി വന്നത്.
തൊട്ടടുത്ത ഓവറില്‍ കറാച്ചി മത്സരം അവസാനിപ്പിക്കുകയും ചെയ്തു.
15ാം ഓവറിലെ വെടിക്കെട്ടിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. പഴയ പൊള്ളാര്‍ഡ് മടങ്ങിയെത്തി, ആ പാവം ബൗളറുടെ പി.എസ്.എല്‍ കരിയര്‍ പോലും അവസാനിപ്പിച്ചു, ഐ.പി.എല്‍ കളിക്കാന്‍ മടങ്ങി വരൂ എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.
സീസണില്‍ കറാച്ചിയുടെ ആദ്യ ജയമാണിത്. രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവുമായി പോയിന്റ് പട്ടികയില്‍ നാലാമതാണ് കറാച്ചി. ഫെബ്രുവരി 24നാണ് കറാച്ചിയുടെ അടുത്ത മത്സരം. ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റെയ്‌നിങ് ചാമ്പ്യന്‍മാരായ ലാഹോര്‍ ഖലന്തേഴ്‌സാണ് എതിരാളികള്‍.
Content highlight: PSL: Keiron Pollard’s brilliant innings against Peshawar Zalmi