|

0, 1, 2! ഇങ്ങനെയാണെങ്കില്‍ അടുത്ത കളിയില്‍ മൂന്ന് റണ്‍സ് തന്നെ; ഇതാ 'പാകിസ്ഥാനിലെ റിഷബ് പന്ത്'

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ബാബര്‍ അസമിന്‍രെ കഷ്ടകാലം അവസാനിക്കുന്നില്ല. ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരായ ആദ്യ മത്സരത്തില്‍ സില്‍വര്‍ ഡക്കായി പുറത്തായ താരം ഇസ്‌ലമാബാദ് യുണൈറ്റഡിനെതിരെ മൂന്ന് പന്തില്‍ ഒരു റണ്‍സിനും പുറത്തായി.

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരെ നടക്കുന്ന മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയാണ് ബാബര്‍ ആരാധകരില്‍ നിന്നും വിമര്‍ശനങ്ങളേറ്റുവാങ്ങുന്നത്. സുല്‍ത്താന്‍സിനെതിരെ അഞ്ച് പന്ത് നേരിട്ട് രണ്ട് റണ്‍സാണ് താരം നേടിയത്.

ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരത്തിലും ടീം പരാജയപ്പെട്ടിട്ടും ക്യാപ്റ്റന്റെ നിരുത്തരവാദിത്തപരമായ ബാറ്റിങ് ആരാധകരിലും നിരാശയുണര്‍ത്തുന്നുണ്ട്.

സുല്‍ത്താന്‍സിനെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സാല്‍മിക്ക് തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ മൂന്നില്‍ നില്‍ക്കവെ യുവതാരം സയീം അയ്യൂബ് രണ്ട് റണ്‍സ് നേടി മടങ്ങി. മൈക്കല്‍ ബ്രേസ്വെല്ലാണ് വിക്കറ്റ് നേടിയത്.

രണ്ടാം ഓവറില്‍ തന്നെ വിക്കറ്റ് വീഴുകയും ടീം സമ്മര്‍ദത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ക്യാപ്റ്റന്‍സ് ഇന്നിങ്‌സ് പുറത്തെടുക്കേണ്ടിയിരുന്ന ബാബര്‍ പാടെ നിരാശപ്പെടുത്തി. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയാണ് താരം മടങ്ങിയത്.

ഇതിന് പിന്നാലെ ബാബര്‍ അസമിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. പരിചയസമ്പന്നനായ ബാബറിനെ പോലെ ഒരു താരം തിരിച്ചുവരണമെന്നും ടീമിന്റെ വിജയത്തില്‍ ബാബറിന്റെ പ്രകടനം നിര്‍ണായകമാണെന്നും ആരാധകര്‍ പറയുന്നു.

അതേസമയം, മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരായ മത്സരത്തില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 106 എന്ന നിലയിലാണ് പെഷവാര്‍. 22 പന്തില്‍ 40 റണ്‍സുമായി മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ടോം കോലര്‍ കാഡ്‌മോറും 10 പന്തില്‍ 14 റണ്‍സുമായി ഹുസൈന്‍ തലാതുമാണ് ക്രീസില്‍.

പെഷവാര്‍ സാല്‍മി പ്ലെയിങ് ഇലവന്‍

സയീം അയ്യൂബ്, ബാബര്‍ അസം (ക്യാപ്റ്റന്‍), ടോം കോലര്‍ കാഡ്‌മോര്‍, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), ഹുസൈന്‍ തലാത്, മിച്ചല്‍ ഓവന്‍, അബ്ദുള്‍ സമദ്, ലൂക് വുഡ്, അല്‍സാരി ജോസഫ്, ആരിഫ് യാക്കൂബ്, അലി റാസ.

മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് പ്ലെയിങ് ഇലവന്‍

മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍), ഷായ് ഹോപ് (വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ ഖാന്‍, മക്രാന്‍ ഘുലാം, ആഷ്ടണ്‍ ടര്‍ണര്‍, മൈക്കല്‍ ബ്രേസ്വെല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഡേവിഡ് വില്ലി, ഉസാമ മിര്‍, ആകിഫ് ജാവേദ്, ഉബൈദ് ഖാന്‍.

Content Highlight: PSL 2025: Babar Azam’s poor form continues