പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പത്താം എഡിഷന് ആവേശത്തോടെ തുടക്കമായിരിക്കുകയാണ്. ഹാട്രിക് കിരീടം ലക്ഷ്യമിട്ട് ഷഹീന്‍ ഷാ അഫ്രിദിയുടെ ലാഹോര്‍ ഖലന്ദേഴ്‌സ് കളത്തിലിറങ്ങുമ്പോള്‍ ഒരിക്കല്‍ നഷ്ടപ്പെട്ട കിരീടമാണ് മറ്റു ടീമുകള്‍ ലക്ഷ്യമിടുന്നത്.
ഐ.പി.എല്ലിലെന്ന പോലെ പി.എസ്.എല്ലിലൂടെ ശ്രദ്ധിക്കപ്പെട്ട് പാകിസ്ഥാന്‍ ദേശീയ ടീമില്‍ ഇടം നേടിയവര്‍ ഏറെയാണ്. അത്തരത്തില്‍ സമീപ ഭാവിയില്‍ തന്നെ പാക് ദേശീയ ടീമിന്റെ ജേഴ്‌സിയണിയാന്‍ സാധ്യത കല്‍പിക്കുന്ന ഒരു താരത്തിന്റെ പ്രകടനമാണ് സോഷ്യല്‍ മീഡിയിയല്‍ ചര്‍ച്ചയാകുനന്ത്.
പി.എസ്.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സ് – ലാഹോര്‍ ഖലന്ദേഴ്‌സ് മത്സരത്തിലാണ് പ്രൊഫഷണല്‍ തലത്തില്‍ ഒരു പരിചയവുമില്ലാത്ത ഖവാജ നഫേ എന്ന 22 കാരന്‍ തകര്‍ത്തടിച്ചത്.
ഖലന്ദേഴ്‌സ് നായകന്‍ ഷഹീന്‍ ഷാ അഫ്രിദി, ഹാരിസ് റൗഫ് അടക്കമുള്ള സൂപ്പര്‍ താരനിരയെ അടിച്ചൊതുക്കിയാണ് നഫേ കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഗ്ലാഡിയേറ്റേഴ്‌സ് വിജയിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം നടന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ചാറ്റോഗ്രാം ചലഞ്ചേഴ്‌സ് ടീമില്‍ സെലക്ഷന്‍ ലഭിച്ചതോടെയാണ് നഫേയെ ആളുകള്ഡ അറിഞ്ഞുതുടങ്ങിയത്. ഒരു ലിസ്റ്റ് എ മത്സരമോ ഫസ്റ്റ് ക്ലാസ് മത്സരമോ കളിക്കാതെയാണ് താരം ചലഞ്ചേഴ്‌സിന്റെ ഭാഗമായത്.
ഫേസ്ബുക്കില്‍ വൈറലായ വീഡിയോക്ക് പിന്നാലെയാണ് താരം കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഇടം പിടിച്ചത്. എന്നാല്‍ കളത്തിലിറങ്ങാന്‍ താരത്തിന് സാധിച്ചിരുന്നില്ല. പിന്നാലെ ഇത്തവണ പി.എസ്.എല്ലില്‍ മുന്‍ ചാമ്പ്യന്‍മാരായ ഗ്ലാഡിയേറ്റേഴ്‌സ് വലംകയ്യന്‍ ബാറ്ററെ ദത്തെടുക്കുകയായിരുന്നു.
സീസണിലെ ആദ്യ മത്സരത്തില്‍ ബാബര്‍ അസമിന്റെ പെഷവാര്‍ സാല്‍മിക്കെതിരെയാണ് താരം പി.എസ്.എല്ലില്‍ അരങ്ങേറ്റം കുറിച്ചത്. മൂന്ന് പന്ത് നേരിട്ട നഫേ ഒരു ബൗണ്ടറിയടിച്ച് ആറ് റണ്ണുമായി പുറത്താകാതെ നിന്നു.
സാല്‍മി ഇന്നിങ്‌സില്‍ ടീമിന്റെ നെടുംതൂണായി ബാറ്റ് വീശിയ സയീം അയ്യൂബിനെ റണ്‍ ഔട്ടാക്കി മത്സരം ഗ്ലാഡിയേറ്റേഴ്‌സിന് നേടിക്കൊടുക്കാനും താരത്തിനായി.
ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സ് – ലാഹോര്‍ ഖലന്ദേഴ്‌സ് മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഖലന്ദേഴ്‌സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി.
43 പന്തില്‍ 62 റണ്‍സ് നേടിയ സഹീബ്‌സാദ ഫര്‍ഹാനും 17 പന്തില്‍ പുറത്താകാതെ 45 റണ്‍സ് നേടിയ ജഹന്‍ദാദ് ഖാനുമാണ് ഖലന്ദേഴ്‌സിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗ്ലാഡിയേറ്റേഴ്‌സിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ജേസണ്‍ റോയ്‌യും സൗദ് ഷക്കീലും ചേര്‍ന്ന് നല്‍കിയത്. അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും 69 റണ്‍സാണ് ടോട്ടലിലേക്ക് സംഭാവന ചെയ്തത്.
ഷക്കീലിനെ പുറത്താക്കി സമാന്‍ ഖാന്‍ കൂട്ടുകെട്ട് തകര്‍ത്തതിന് പിന്നാലെ ആറാം നമ്പറില്‍ നിന്നും മൂന്നാം നമ്പറിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച നഫേ ക്രീസിലെത്തി.
എന്നാല്‍ നഫേക്കൊപ്പം അടിയുറച്ച് നില്‍ക്കാന്‍ അനുവദിക്കാതെ സിക്കന്ദര്‍ റാസ ജേസണ്‍ റോയ്‌യെ പുറത്താക്കി. ടീം സ്‌കോര്‍ 72 നില്‍ക്കവെ 19 പന്തില്‍ 24 റണ്‍സ് നേടിയാണ് റോയ് പുറത്തായത്.
72ന് രണ്ട് എന്ന നിലയില്‍ നിന്നും നഫേ സ്‌കോര്‍ ഉയര്‍ത്താന്‍ ആരംഭിച്ചു. പിന്നാലെയെത്തിയ സര്‍ഫറാസ് അഹമ്മദ്, റിലി റൂസോ, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് എന്നിവരെ കൂട്ടുപിടിച്ച് ചെറുതും വലുതുമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ നഫായ് ടീമിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
31 പന്തില്‍ നിന്നും നാല് ഫോറും മൂന്ന് സിക്‌സറും അടക്കം പുറത്താകാതെ 60 റണ്‍സാണ് താരം നേടിയത്. ഇതില്‍ രണ്ട് സിക്‌സറും രണ്ട് ഫോറും ഹാരിസ് റൗഫിനെ അടിച്ചുനേടിയതായിരുന്നു.
താരത്തിന്റെ മികവില്‍ അഞ്ച് വിക്കറ്റും അഞ്ച് പന്തും ശേഷിക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
കളിച്ച രണ്ട് മത്സരത്തില്‍ രണ്ടിലും വിജയിച്ച ഗ്ലാഡിയേറ്റേഴ്‌സ് നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. ഫെബ്രുവരി 22നാണ് ടീമിന്റെ അടുത്ത മത്സരം. ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇസ്‌ലമാബാദ് യുണൈറ്റഡാണ് എതിരാളികള്‍.