പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ എട്ടാമത് എഡിഷന് അടുത്ത മാസം തുടക്കമാകും. ഫെബ്രുവരി 13നാണ് പി.എസ്.എല്‍ 2023ന്റെ ആദ്യ മത്സരം. മാര്‍ച്ച് 19നാണ് ഫൈനല്‍ മത്സരം അരങ്ങേറുന്നത്.
പാകിസ്ഥാനിലെ ഏറ്റവും പോപ്പുലറായ ഫ്രാഞ്ചൈസി ലീഗാണ് പി.എസ്.എല്‍. ലോക ക്രിക്കറ്റില്‍ ഏറ്റവും സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്ന മൂന്നാമത് ക്രിക്കറ്റ് ലീഗും പി.എസ്.എല്‍ തന്നെയാണ്.
ഒരാഴ്ച മുമ്പ് വരെ ഐ.പി.എല്ലിന് ശേഷം രണ്ടാമതായി പട്ടികയില്‍ ഇടം പിടിച്ച പി.എസ്.എല്‍, വനിതാ ഐ.പി.എല്ലിന്റെ വരവോടെ മൂന്നാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു.
2016ലായിരുന്നു പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണ്‍ ആരംഭിച്ചത്. ആദ്യ സീസണില്‍ ക്വേറ്റ ഗ്ലാഡിയേറ്റേഴ്‌സിനെ പരാജയപ്പെടുത്തി ഇസ്‌ലമാബാദ് യുണൈറ്റഡായിരുന്നു ഇനോഗറല്‍ ചാമ്പ്യന്‍മാരായത്.
തുടര്‍ന്നങ്ങോട്ട് ഐ.പി.എല്ലും ഓസ്‌ട്രേലിയന്‍ ഫ്രാഞ്ചൈസി ലീഗായ ബി.ബി.എല്ലും വെസ്റ്റ് ഇന്‍ഡീസ് ലീഗായ കരീബിയന്‍ പ്രീമിയര്‍ ലീഗും ഇടം പിടിച്ചിരുന്ന ക്രിക്കറ്റ് മൈതാനത്തേക്ക് പി.എസ്.എല്ലിലൂടെ പാകിസ്ഥാനും ചുവടുവെക്കുകയായിരുന്നു.
മുന്‍ സീസണുകളിലേതിന് സമാനമായി ആറ് ടീമുകളാണ് പി.എസ്.എല്‍ 2023ല്‍ മാറ്റുരക്കുന്നത്. സൂപ്പര്‍ താരം ഷഹീന്‍ ഷാ അഫ്രിദിയുടെ നേതൃത്വത്തില്‍ ലാഹോര്‍ ഖലന്തേഴ്‌സായിരുന്നു കഴിഞ്ഞ സീസണില്‍ കപ്പുയര്‍ത്തിയത്. മുള്‍ട്ടാന്‍ സുല്‍ത്താനെയായിരുന്നു ഖലന്തേഴ്‌സ് ഫൈനലില്‍ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ തമ്മിലാണ് പി.എസ്.എല്‍ 2023ലെ ആദ്യ മത്സരം. മുള്‍ട്ടാന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് ഹോം ടീമായ മുള്‍ട്ടാന്‍ സുല്‍ത്താനും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ലാഹോര്‍ ഖലന്തേഴ്‌സും ഫെബ്രുവരി 13ന് കൊമ്പുകോര്‍ക്കും.