പാകിസ്ഥാന്റെ സ്വന്തം ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പി.എസ്.എല്‍) ഇന്ത്യയുടെതടക്കം ഏഴ് ജേഴ്‌സികള്‍ ഒരേ സമയം ധരിച്ചെത്തിയ ആരാധകനാണ് ഇപ്പോള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന വിഷയം.
ലോക ക്രിക്കറ്റിലെ തന്നെ സൂപ്പര്‍ ടീമുകളുടെ ജേഴ്‌സികള്‍ ഒന്നിന് മുകളില്‍ ഒന്നായി ധരിച്ചാണ് ആരാധകന്‍ സ്റ്റേഡിയത്തിലെത്തിയത്.
മുള്‍ട്ടാന്‍ സുല്‍ത്താന്‍സും ഇസ്‌ലമാബാദ് യുണൈറ്റഡും തമ്മില്‍ നടന്ന പി.എസ്.എല്‍ 2022ലെ എട്ടാം മത്സരത്തിലാണ് രസകരമായ സംഭവത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.
കഴിഞ്ഞ തവണത്തെ പോലെ സൂപ്പര്‍ താരങ്ങള്‍ ഇത്തവണ ലീഗിനെത്താത്തതിനെ തുടര്‍ന്ന് വരണ്ട രീതിയിലായിരുന്നു ഇത്തവണത്തെ പി.എസ്.എല്‍ അരങ്ങേറിയിരുന്നത്.
ഐ.പി.എല്ലിനെ തുടര്‍ന്നാണ് പി.എസ്.എല്ലിലെ സ്ഥിരം വമ്പന്‍ പേരുകാര്‍ ഇത്തവണത്തെ ടൂര്‍ണമെന്റിനെത്താതിരുന്നത്.
എന്നാല്‍ നമ്മുടെ കഥാനായകനെ ബിഗ് സ്‌ക്രീനില്‍ കാണിച്ചതോടെ കാണികള്‍ ആവേശത്തില്‍ കയ്യടിക്കുകയായിരുന്നു.
ഇംഗ്ലണ്ടിന്റെ ജേഴ്‌സിയായിരുന്നു ആരാധകന്‍ ഏറ്റവും മുകളില്‍ ധരിച്ചിരുന്നത്. പിന്നാലെ ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, വെസ്റ്റ് ഇന്‍ഡീസ്, സൗത്ത് ആഫ്രിക്ക, ഇന്ത്യ ടീമുകളുടെ ജേഴ്‌സിയും ഏറ്റവും അവസാനമായി പാകിസ്ഥാന്റെ ജേഴ്‌സിയുമാണ് ധരിച്ചിരുന്നത്.
അതേസമയം, മുള്‍ട്ടാന്‍ സുല്‍ത്താന്‍ മത്സരത്തില്‍ വിജയിച്ചിരുന്നു. 29 പന്തില്‍ നിന്നും 71 റണ്‍സടിച്ച ടിം ഡേവിഡിന്റെയും 67 റണ്‍സടിച്ച് റൂസോയുടെയും വെടിക്കെട്ടില്‍ മുള്‍ട്ടാന്‍ 20 ഓവറില്‍ 217 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇസ്‌ലമാബാദ് 20 റണ്‍സകലെ കാലിടറി വീഴുകയായിരുന്നു.
മത്സരത്തിലെ ഒരു കളി പോലും തോല്‍ക്കാതെ മുള്‍ട്ടാന്‍ സുല്‍ത്താന്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്.
Content highlight: PSL 2022: Cricket crazy fan dons seven national jerseys at the same time