| Wednesday, 1st March 2023, 7:05 pm

എംബാപ്പെയെ വേണോ? 200 മില്യൺ തരേണ്ടി വരും; പി.എസ്.ജി; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് ക്ലബ്ബ്‌ പി.എസ്.ജിയിൽ മികവോടെ കളിക്കുകയാണ് സൂപ്പർ താരം എംബാപ്പെ. ലോകകപ്പിന് ശേഷം ക്ലബ്ബിൽ ചെറുതായൊന്ന് നിറം മങ്ങിയെങ്കിലും പിന്നീട് തന്റെ പ്രകടന മികവിലേക്ക് തിരിച്ചു വരാൻ എംബാപ്പെക്ക് സാധിച്ചിട്ടുണ്ട്.

ഇത്തവണ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന പി.എസ്.ജി എംബാപ്പെയെ മുൻ നിർത്തിയാണ് തങ്ങളുടെ തന്ത്രങ്ങൾ മെനയുന്നത്. ഇതോടെ റയൽ മാഡ്രിഡ്‌ അടക്കം പല വമ്പൻ ക്ലബ്ബുകളിൽ നിന്നും എംബാപ്പെക്ക് വന്ന ഓഫറുകളെ തടഞ്ഞ് പി.എസ്.ജി വൻ തുക നൽകി താരത്തെ ടീമിൽ പിടിച്ചു നിർത്തുകയായിരുന്നു.

എന്നാലിപ്പോൾ വൻ തുക ലഭിച്ചാൽ എംബാപ്പെയെ വിൽക്കാൻ പി.എസ്.ജി തയ്യാറാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എ.എസ് മൊണോക്കോയിൽ നിന്ന് 180 മില്യൺ നൽകി വാങ്ങിയ താരത്തിനെ 200 മില്യൺ യൂറോക്കാണ് പി.എസ്.ജി വിൽക്കാൻ ശ്രമിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ലെടെൻസ്പോർട്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2021ൽ റയൽ എംബാപ്പെയെ സ്വന്തമാക്കാനായി 160 മില്യണിന്റെയും 180 മില്യണിന്റെയും രണ്ട് ബിഡുകൾ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ പാരിസ് ക്ലബ്ബ് റയലിന്റെ രണ്ട് ബിഡുകളെയും തള്ളിക്കളയുകയായിരുന്നു.

താരത്തിനായി ഇപ്പോഴും റയൽ രംഗത്തുണ്ട്. ഉടൻ ക്ലബ്ബിൽ നിന്നും വിരമിക്കുന്ന ബെൻസെമക്ക് പകരക്കാരനായാണ് എംബാപ്പെയെ ക്ലബ്ബിലെത്തിക്കാൻ റയൽ ശ്രമം നടത്തുന്നത്.

തങ്ങൾ ഇപ്പോഴും എംബാപ്പെക്കായി ശ്രമിക്കുന്നെന്ന് റയൽ പ്രസിഡന്റ്‌ ഫ്ലോറന്റോ പെരസ് അഭിപ്രായപ്പെട്ടിരുന്നു.
“എംബാപ്പെ യുടെ സ്വപ്നം റയലിൽ കളിക്കണമെന്നതാണ്. ഞങ്ങൾ അതിന് ശ്രമവും നടത്തിയിരുന്നു. എന്നാൽ പി.എസ്. ജി എംബാപ്പെയെ വിട്ടില്ല.

ഞങ്ങളുടെ ക്ലബ്ബിൽ കളിക്കണം എന്ന് പറഞ്ഞ എംബാപ്പെ പിന്നീട് പി.എസ്.ജിയിൽ തന്നെ തുടരുകയാണെന്നാണ് ഞങ്ങളോട് പറഞ്ഞത്,’ പെരസ് പറഞ്ഞു.

അതേസമയം ഈ സീസണിൽ 30 ഗോളുകളാണ് എംബാപ്പെ പി.എസ്.ജിക്കായി സ്വന്തമാക്കിയത്.
നിലവിൽ ലീഗ് വണ്ണിൽ 25 മത്സരങ്ങളിൽ നിന്നും 19 വിജയങ്ങളുമായി 60 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി. എസ്.ജി.

മാർച്ച് അഞ്ചിന് നാന്റെസിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:PSG would be open to sell Kylian Mbappe if they receive €200m transfer fee; REPORT

We use cookies to give you the best possible experience. Learn more