ആരംഭിക്കലാമാ ? പി.എസ്.ജിയില്‍ മെസി-നെയ്മര്‍ അഴിഞ്ഞാട്ടം
Football
ആരംഭിക്കലാമാ ? പി.എസ്.ജിയില്‍ മെസി-നെയ്മര്‍ അഴിഞ്ഞാട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st August 2022, 8:22 am

ലീഗ് വണ്‍ ജേതാക്കളായ പി.എസ്.ജിയും കോപ്പ ഡി ഫ്രാന്‍സ് കിരീടം നേടിയ നാന്റസും ഏറ്റുമുട്ടിയ
ട്രോഫി ഡെസ് ചാമ്പ്യന്‍സ് ഫൈനല്‍ മത്സരത്തില്‍ പി.എസ്.ജിക്ക് മികച്ച വിജയം.

നാല് ഗോളിനാണ് പി.എസ്.ജി. വിജയിച്ചത്. സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപെ ഇല്ലാതിരുന്ന മത്സരത്തില്‍ സൂപ്പര്‍താരങ്ങളായ മെസിയും നെയ്മറുമാണ് മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. മെസി ഒരു ഗോള്‍ നേടിയപ്പോള്‍ നെയ്മര്‍ രണ്ട് ഗോള്‍ സ്വന്തമാക്കി. മുന്‍ റയല്‍ നായകനായിരുന്ന സ്പാനിഷ് ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസാണ് നാലാം ഗോള്‍ സ്വന്തമാക്കിയത്.

മെസി നെയ്മര്‍ കൂട്ടിക്കെട്ടിന്റെ മികച്ച പ്രകടനത്തിനാണ് ഇന്നലെ ഇസ്രഈലിലെ ടെല്‍ അവീവ് സ്റ്റേഡിയം സാക്ഷിയായത്. ആദ്യ പകുതിയില്‍ ഇരുവരും ഓരോ ഗോള്‍ സ്വന്തമാക്കിയിരുന്നു. സെക്കന്‍ഡ് ഹാഫില്‍ നെയ്മര്‍ ഒരു പെനാല്‍ട്ടി ഗോള്‍ നേടിയപ്പോള്‍ പി.എസ്.ജിക്കായി കലാശകൊട്ട് നടത്തിയത് റാമോസായിരുന്നു

ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലുള്ളവരാണ് അര്‍ജന്റീനയുടെ മെസിയും ബ്രസീലിന്റെ നെയ്മറും. ബാഴ്‌സയില്‍ ഒരുമിച്ച് കളിച്ചിരുന്ന ഇരുവരും കഴിഞ്ഞ സീസണിലാണ് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയില്‍ ഒരുമിച്ചത്.

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ഒരുപാട് പഴികേട്ട താരങ്ങളാണ് ഇരുവരും. ലോകോത്തര താരങ്ങളായ ഇരുവരെയും ടീമില്‍ നിന്നും പുറത്താക്കണമെന്ന് വരെ ആരാധകര്‍ വിളിച്ചുകൂവിയിരുന്നു. എന്നാല്‍ പുതിയ കോച്ചായ ഗാള്‍ട്ടിയറിന്റെ കീഴില്‍ ഇരുവരും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നതിന്റെ ചെറിയ സൂചന മാത്രമാണിത്.

എംബാപെ ഇല്ലെങ്കില്‍ പി.എസ്.ജി ഇല്ലായെന്ന് വാദിച്ചവര്‍ക്കും ഇതൊരു തിരിച്ചടിയാണ്. കഴിഞ്ഞ മത്സരത്തില്‍ ലഭിച്ച മഞ്ഞ കാര്‍ഡ് കാരണം സസ്‌പെന്‍ഷനിലായിരുന്നു അദ്ദേഹം.

പുതിയ കോച്ച് ഗാള്‍ട്ടിയറിന്റെ കീഴില്‍ ലീഗ് കിരീടങ്ങള്‍ മാത്രമായിരിക്കില്ല പി.എസ്.ജി ലക്ഷ്യം വെക്കുക. ഏറ്റവും വലിയ സ്വപ്‌നമായ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനായി അദ്ദേഹം ടീമിലെ സൂപ്പര്‍ താരങ്ങളെ പര്യാപ്തരാക്കുകയാണ്. ഇത്തവണയെങ്കിലും ആ സ്വപ്‌നം പൂവണിയുമോ എന്ന് കണ്ടറിയാം.

Content Highlights: PSG Won trophy des champions against Nantes in Neymar- Messi Brilliance