ഫ്രഞ്ച് കപ്പില്‍ ഗോള്‍ മഴ പെയ്യിച്ച് പാരീസ് സെയ്ന്റ് ജെര്‍മെന്‍. റെവെലിനെ എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്കാണ് ഫ്രഞ്ച് വമ്പന്മാര്‍ തകര്‍ത്തുവിട്ടത്. മത്സരത്തില്‍ പി.എസ്.ജിക്ക് രണ്ടു ഗോള്‍ കൂടി നേടാന്‍ സാധിച്ചിരുന്നെങ്കില്‍ പാരീസിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം സ്വന്തമാക്കാന്‍ സാധിക്കുമായിരുന്നു. 1994ല്‍ നേടിയ പത്ത് ഗോളുകളുടെ വിജയമാണ് പാരീസിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി രേഖപ്പെടുത്തിയത്.
മത്സരത്തില്‍ പി.എസ്.ജിക്കായി ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ തകര്‍പ്പന്‍ ഹാട്രിക് നേടി പ്രകടനം നടത്തി. പി.എസ്.ജിക്കായി ഫ്രഞ്ച് സൂപ്പര്‍താരം നേടുന്ന പതിമൂന്നാം ഹാട്രിക് ആയിരുന്നു ഇത്.
സ്റ്റേഡ് പിയറെ ഫാബ്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു റെവെല്‍ കളത്തിലിറങ്ങിയത്. അതേസമയം മറുഭാഗത്ത് 3-4-1-2 എന്ന ശൈലിയും ആയിരുന്നു പി.എസ്.ജി പിന്തുടര്‍ന്നത്.
മത്സരത്തിന്റെ 16 മിനിട്ടില്‍ കിലിയന്‍ എംബാപ്പെയാണ് പാരീസിന്റെ ഗോളടിമേളക്ക് തുടക്കം കുറിച്ചത്. എംബാപ്പെ (45, 48), മാക്‌സെന്‍സ് എന്‍ഗെസ്സന്‍ (ഓണ്‍ ഗോള്‍ 38), മാര്‍ക്കോ അസന്‍സിയോ (43), ഗോണ്‍സാലോ റാമോസ്(71), റാന്‍ഡല്‍ കോലോ മുവാനി (76,90), ചെര്‍ എന്‍ഡോര്‍ (87) എന്നിവരാണ് ഫ്രഞ്ച് വമ്പന്‍മാരുടെ മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.
മത്സരത്തില്‍ 29 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് പാരീസ് താരങ്ങള്‍ അടിച്ചു കയറ്റിയത്. 77% ബോള്‍ പോസിഷന്‍ കൈവശം വെച്ച പാരീസ് എതിരാളികള്‍ക്ക് ഒന്ന് പൊരുതാന്‍ പോലും അവസരം കൊടുത്തില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 9-0ത്തിന്റെ കൂറ്റന്‍ വിജയം പാരീസ് സെയ്ന്റ് ജെര്‍മെന്‍ സ്വന്തമാക്കുകയായിരുന്നു.
അതേസമയം ഫ്രഞ്ച് ലീഗില്‍ 17 മത്സരങ്ങളില്‍ നിന്നും 12 വിജയവും നാല് സമനിലയും ഒരു തോല്‍വിയും അടക്കം 40 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പാരീസ് സെയ്ന്റ് ജെര്‍മെന്‍.
ലീഗ് വണ്ണില്‍ ജനുവരി 15ന് ലെന്‍സിനെതിരെയാണ് പാരീസിന്റെ അടുത്ത മത്സരം.
Content Highlight: Psg won in french cup.