മെസിയെയും നെയ്മറെയും വിറ്റ് എംബാപ്പെയെ നിലനിർത്താൻ പി.എസ്.ജി; മൂന്ന് താരങ്ങളെ ക്ലബ്ബ്‌ പുതുതായി കൊണ്ട് വരും; റിപ്പോർട്ട്
football news
മെസിയെയും നെയ്മറെയും വിറ്റ് എംബാപ്പെയെ നിലനിർത്താൻ പി.എസ്.ജി; മൂന്ന് താരങ്ങളെ ക്ലബ്ബ്‌ പുതുതായി കൊണ്ട് വരും; റിപ്പോർട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd February 2023, 10:37 am

ഫ്രഞ്ച് ലീഗിലെ പ്രമുഖ ടീമായ പി.എസ്.ജി എംബാപ്പെയെ നിലനിർത്തി മെസിയേയും നെയ്മറെയും വിൽക്കാനൊരുങ്ങുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. എൽ നാഷണലാണ് പ്രസ്തുത റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

തങ്ങളുടെ ക്ലബ്ബിന്റെ ഭാവി താരമായി കാണുന്ന എംബാപ്പെയെ ദീർഘനാളായി ക്ലബ്ബിൽ നില നിർത്താനും റയൽ മാഡ്രിഡ്‌ താരത്തെ സൈൻ ചെയ്യുമെന്നുള്ള ഭീഷണി ഒഴിവാക്കാനുമാണ് എംബാപ്പെയെ നിലനിർത്തി പി.എസ്.ജി മെസിയെയും നെയ്മറെയും വിൽക്കാനൊരുങ്ങത് എന്നാണ് എൽ നാഷണലിന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

മെസിയുടെ പി.എസ്.ജിയിലെ കരാർ ഈ വർഷം ജൂണിലാണ് അവസാനിക്കുന്നത്. നെയ്മറുമായുള്ള കരാർ ക്ലബ്ബിന് നീട്ടാൻ താത്പര്യമില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. മെസിയെയും നെയ്മറിനെയും വിറ്റതിന് ശേഷം മൂന്ന് സൂപ്പർ താരങ്ങളെ ക്ലബ്ബിലെത്തിക്കാനാണ് പി.എസ്.ജിയുടെ തീരുമാനം.

എൽ നാഷണലിന്റെ റിപ്പോർട്ടുകൾ പ്രകാരം ഫ്രഞ്ച് മുന്നേറ്റ നിര താരങ്ങളായ മാർക്കസ് തുറാം, കോളോ മുവാനി എന്നിവരെയാണ് പി.എസ്.ജി തങ്ങളുടെ ക്യാമ്പിലെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നത് .

ബുന്തസ് ലിഗയിൽ നിന്നാണ് ഇരു താരങ്ങളെയും ഫ്രാൻസിലെത്തിക്കാൻ പി.എസ്.ജി ശ്രമങ്ങൾ നടത്തുന്നത്. കൂടാതെ മാനു കോനെയും പി.എസ്.ജിയുടെ റഡാറിലുണ്ടെന്നും താരത്തെയും റാഞ്ചാൻ ഫ്രഞ്ച് ക്ലബ്ബ് ശ്രമം നടത്തിയേക്കുമെന്നും എൽ നാഷണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നെയ്മർ, മെസി എന്നിവർക്കൊപ്പം പരിശീലകൻ ക്രിസ്റ്റോഫ് ഗാൾട്ടിയറുടെയും പി.എസ്.ജിയിലെ സ്ഥാനം തെറിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

ഇത്തവണയും ഫ്രഞ്ച് ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിച്ചില്ലെങ്കിൽ ഗാൾട്ടിയറെ മാറ്റി പകരം ഫ്രഞ്ച് ഇതിഹാസ താരമായ സിനദിൻ സിദാനെ ക്ലബ്ബ്‌ പരിശീലകനായി ടീമിലെത്തിച്ചേക്കുമെന്ന് മുമ്പ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

അതേസമയം പി.എസ്.ജിയിലെ കരാർ അവസാനിച്ചാൽ മെസിയെ സ്വന്തമാക്കാനായി ഇന്റർ മിയാമി, ബാഴ്സലോണ, അൽ ഹിലാൽ എന്നീ ക്ലബ്ബുകൾ രംഗത്തുണ്ട്.
നെയ്മറെ സൈൻ ചെയ്യാനായി പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയും രംഗത്തുണ്ട്.

ലീഗ് വണ്ണിൽ 24 മത്സരങ്ങളിൽ നിന്നും 18 വിജയങ്ങളുമായി 57 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.

ഫെബ്രുവരി 27ന് ചിരവൈരികളായ മാഴ്സക്കെതിരെയുള്ള ഡെർബി മത്സരമാണ് പി.എസ്.ജിക്ക് അടുത്തതായി കളിക്കാനുള്ളത്.

 

Content Highlights:PSG willing to sell Lionel Messi and Neymar Jr and sign 3 new players reports