ഈ സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിടണമെന്ന് സൂപ്പര്‍താരം നെയമറോട് പി.എസ്.ജി ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അദ്ദേഹം അതിന് തയ്യാറല്ലെന്നും റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യുവേഫ ചാമ്പ്യന്‍സ് ലീഗിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെ ക്ലബ്ബില്‍ വലിയ അഴിച്ചുപണി നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അതിന്റെ ഭാഗമായാണ് നെയ്മറെ വില്‍ക്കാന്‍ പി.എസ്.ജി തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2017ല്‍ 223 മില്യണ്‍ യൂറോയുടെ ലോക റെക്കോഡ് ട്രാന്‍സ്ഫര്‍ നടത്തിയാണ് പി.എസ്.ജി നെയ്മറെ ക്ലബ്ബിലെത്തിച്ചത്. എന്നാല്‍ പരിക്കുകള്‍ തുടര്‍ച്ചയായി വേട്ടയാടാന്‍ തുടങ്ങിയതോടെ താരത്തിന് പി.എസ്.ജിയില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ഇഞ്ച്വറി കാരണം 100ലധികം മത്സരങ്ങളാണ് നെയ്മര്‍ക്ക് പി.എസ്.ജിയില്‍ നഷ്ടമായത്. അടുത്തിടെ കണങ്കാലിന് പരിക്ക് പറ്റിയ താരം ശസ്ത്രക്രിയക്ക് വിധേയനാവുകയും മതിയായ വിശ്രമം ആവശ്യമുള്ളതിനാല്‍ ഈ സീസണില്‍ നിന്ന് പുറത്തായിരിക്കുകയുമാണ്.
അടുത്ത ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റിലെങ്കിലും തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെ നെയ്മറെയടക്കം പല താരങ്ങളെയും വില്‍ക്കാന്‍ പി.എസ്.ജി പദ്ധതിയിട്ടിട്ടുണ്ട്.
അതേസമയം, വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക. കരാര്‍ പുതുക്കുന്നതിനുള്ള കടലാസുകള്‍ പി.എസ്.ജി പലതവണ മേശപ്പുറത്ത് വെച്ചിരുന്നെങ്കിലും മെസി സൈന്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നിലവില്‍ തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മെസി തിരിച്ച് പോകാനാണ് സാധ്യതയെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ ഫുട്ബോളില്‍ തന്നെ തുടരുമെന്നും ബാഴ്സലോണയില്‍ കരിയര്‍ അവസാനിപ്പിക്കാനാണ് മെസി പദ്ധതിയിടുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
എന്നാല്‍ നെയ്മറിന്റെ കാര്യങ്ങളില്‍ മറ്റ് തീരുമാനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഈ സീസണ്‍ അവസാനത്തോടെ നെയ്മര്‍ മറ്റേതെങ്കിലും ക്ലബ്ബ് അന്വേഷിക്കേണ്ടിവരുമെന്നും പി.എസ്.ജിയില്‍ അദ്ദേഹത്തിന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആണെന്നുമാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
Content Highlights: PSG will sell Neymar in the end of the season