ജനുവരിയിലെ ട്രാന്‍സ്ഫര്‍ അവസാനിച്ചതിനാല്‍ സമ്മര്‍ ട്രാന്‍സ്ഫറിനായുള്ള കാത്തിരിപ്പിലാണ് യൂറോപ്യന്‍ ക്ലബ്ബുകള്‍. ഇതിനിടെ താരങ്ങളുടെ ക്ലബ്ബ് മാറ്റത്തെ കുറിച്ചുള്ള അഭ്യൂഹങ്ങളും സജീവമാണ്.
സൂപ്പര്‍താരങ്ങളായ ലയണല്‍ മെസിയെയും നെയ്മര്‍ ജൂനിയറിനെയും പി.എസ്.ജി അടുത്ത സമ്മര്‍ ട്രാന്‍സ്ഫറില്‍ വില്‍ക്കാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വാര്‍ത്താ മാധ്യമമായ ഫൂട്ട് മെര്‍ക്കാറ്റോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം ലീഗ് വണ്ണില്‍ മൊണാക്കോക്കെതിരെ നടന്ന മത്സരത്തില്‍ പി.എസ്.ജി തോല്‍വി വഴങ്ങിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മൊണാക്കോ പി.എസ്.ജിയെ കീഴപ്പെടുത്തിയത്. മത്സരത്തില്‍ തോല്‍വി വഴങ്ങിയതിനെ തുടര്‍ന്ന് പി.എസ്.ജിയുടെ സ്‌പോര്‍ടിങ് ഡയറക്ടര്‍ ലൂയിസ് കാമ്പോസുമായി നെയ്മര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
മാത്രമല്ല കഴിഞ്ഞ കുറെ നാളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയും നെയ്മര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. ഖത്തര്‍ ലോകകപ്പിന് ശേഷം നടന്ന പി.എസ്.ജിയുടെ മത്സരങ്ങളില്‍ നെയ്മര്‍ ഒരു ഗോള്‍ മാത്രമാണ് അക്കൗണ്ടിലാക്കിയത്.
അതുകൊണ്ട് വരാനിരിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പി.എസ്.ജി നെയ്മറിന്റെ ഭാവി നിശ്ചയിക്കുകയെന്നും ഫൂട്ട് മെര്‍ക്കാറ്റോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഈ സീസണില്‍ മെസിയുടെ കരാര്‍ അവസാനിക്കാനിരിക്കേ താരം കരാര്‍ പുതുക്കുന്ന കാര്യത്തില്‍ തന്റെ തീരുമാനം അറിയിച്ചിട്ടില്ല.
ഈ സീസണിനൊടുവില്‍ മെസി വിടണമെന്ന് പി.എസ്.ജി ആവശ്യപ്പെടുകയാണെങ്കില്‍ ക്ലബ്ബ് എതിര് നില്‍ക്കില്ലെന്ന് കാമ്പോസ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. പി.എസ്.ജി വിടുകയാണെങ്കില്‍ ഡേവിഡ് ബെക്കാമിന്റെ കീഴിലുള്ള ഇന്റര്‍ മിയാമിയിലേക്ക് മെസി ചേക്കേറുമെന്ന അഭൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
എന്നാല്‍ ബാഴ്‌സലോണ പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ടയുമായി രമ്യതയിലല്ലാതിരിക്കെ മെസി ബാഴ്‌സയിലേക്ക് ഒരിക്കലും തിരിച്ചുപോകില്ലെന്ന് മെസിയുടെ സഹോദരന്‍ മതിയാസ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
എന്നിരുന്നാലും ഫെബ്രുവരി 14ന് ചാമ്പ്യന്‍സ് ലീഗ് ആരംഭിക്കാനിരിക്കേ പി.എസ്.ജി കിരീടം നേടുമോ എന്നതിനെ ആശ്രിയിച്ചായിരിക്കും ടീമില്‍ മെസിയുടെയും നെയ്മറുടെയും ഭാവി എന്നാണ് സൂചന.
Content Highlights: PSG will rfelease Lionel Messi and Neymar in Summer transfer