ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ അനിശ്ചിതത്വം തുടരുകയാണ്. ക്ലബ്ബില്‍ നാളുകളായി നിലനിന്നിരുന്ന ഡ്രസിങ് റൂം തര്‍ക്കങ്ങള്‍ക്ക് പിന്നാലെയാണ് സൂപ്പര്‍താരം ലയണല്‍ മെസിയുടെ കരാറിനെ ചൊല്ലിയുള്ള ആശങ്കകള്‍ ഉടലെടുക്കുന്നത്.
മെസിയുമായുള്ള കരാര്‍ അവസാനിക്കുന്നതിന്റെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്നെ പി.എസ്.ജി താരത്തിന്റെ കോണ്‍ട്രാക്ട് പുതുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഒരു തരത്തിലും മെസി കടലാസുകളില്‍ ഒപ്പുവെക്കാന്‍ തയ്യാറായില്ലെന്ന് മാത്രമല്ല, ക്ലബ്ബില്‍ തുടരുമോ എന്ന കാര്യത്തില്‍ വ്യക്തതയും നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മെസിയുടെ വിടവാങ്ങലോടെ ക്ലബ്ബിന്റെ മുന്നേറ്റ നിരയില്‍ വിള്ളല്‍ സംഭവിക്കുമെന്ന് മനസിലാക്കിയ പി.എസ്.ജി ഒത്ത പകരക്കാരനായുള്ള അന്വേഷണം ആരംഭിച്ചിരുന്നു. താരത്തിന്റെ 30ാം നമ്പര്‍ ജേഴ്‌സിയിലേക്ക് പലരെയും ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് വെച്ചിരുന്നെങ്കിലും അന്തിമ തീരുമാനത്തിലെത്താന്‍ പരിശീലകന്‍ ക്രിസ്റ്റഫ് ഗാള്‍ട്ടിയറിനും സംഘത്തിനും സാധിച്ചിരുന്നില്ല.
മെസിയുടെ സ്ഥാനത്തേക്ക് നാപ്പോളി സ്‌ട്രൈക്കര്‍ വിക്ടര്‍ ഒസിമെനെ എത്തിക്കാന്‍ പി.എസ്.ജി പദ്ധതിയിട്ടിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
യൂറോപ്പിലെ മുന്‍ നിര സ്‌ട്രൈക്കര്‍മാരിലൊരാളായ ഒസിമെന്‍ ഈ സീസണില്‍ ഇതുവരെ കളിച്ച 33 മത്സരങ്ങളില്‍ നിന്ന് 26 ഗോളും അഞ്ച് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയിട്ടുണ്ട്. മെസിയുടെ വിടവാങ്ങലോടെ കിലിയന്‍ എംബാപ്പെക്കൊപ്പം അറ്റാക്കിങ് നിര ശക്തിപ്പെടുത്താന്‍ പി.എസ്.ജി ഒസിമെനെ എത്തിക്കുമെന്ന് സ്പാനിഷ് മാധ്യമമായ എല്‍ നാഷണലാണ് റിപ്പോര്‍ട്ട് ചെയ്തത്.
നൂറ് മില്യണ്‍ യൂറോയുടെ ഓഫറാണ് അല്‍ ഖലൈഫി ഒസിമെന് മുന്നില്‍ വെച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പി.എസ്.ജിക്ക് പുറമെ പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, മെസി പി.എസ്.ജിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. താരം കുടുംബത്തോടൊപ്പം സൗദി അറേബ്യ സന്ദര്‍ശിച്ചതിന് പിന്നാലെ പി.എസ്.ജി താരത്തിന് രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഷന്‍ നല്‍കുകയും വേതനം റദ്ദാക്കുകയുമായിരുന്നു. ഈ കാലയളവില്‍ ക്ലബ്ബില്‍ പരിശീലനം നടത്തുന്നതില്‍ നിന്നും മെസിയെ പി.എസ്.ജി വിലക്കിയിട്ടുണ്ട്.
വരുന്ന ജൂണില്‍ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റാകുന്ന മെസി ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. താരം തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങളും ശക്തമാകുന്നുണ്ട്.
Content Highlights: PSG will replace Lionel Messi with Victor Osimhen in this summer season, report