| Tuesday, 11th April 2023, 12:55 pm

'മെസി പോയാലെന്താ? മെസിയുടെ പിന്‍ഗാമി വരുമല്ലോ'; അര്‍ജന്റൈന്‍ യുവതാരത്തെ സ്വന്തമാക്കാനൊരുങ്ങി പി.എസ്.ജി

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസിയുടെ പിന്‍ഗാമിയെന്ന വിശേഷണമുള്ള അര്‍ജന്റൈന്‍ യുവതാരം ക്ലോഡിയോ എച്ചവേരിയെ സ്വന്തമാക്കാനൊരുങ്ങി പി.എസ്.ജി. നിലവില്‍ അര്‍ജന്റൈന്‍ ക്ലബ്ബായ റിവര്‍ പ്ലേറ്റിന് വേണ്ടി ബൂട്ടുകെട്ടുന്ന താരം ആല്‍ബിസെലസ്റ്റയുടെ അണ്ടര്‍ 17 ടീമില്‍ 10ാം നമ്പര്‍ ജേഴ്‌സിയിലും കളിക്കുന്നുണ്ട്.

ഫുട്‌ബോള്‍ എസ്പാനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രഗത്ഭരായ യുവ താരങ്ങളെ ക്ലബ്ബിലെത്തിച്ച് ടീമിനെ കൂടുതല്‍ സജ്ജമാക്കാനൊരുങ്ങുന്ന പി.എസ്.ജി എച്ചവേരിയെ ക്ലബ്ബിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. പി.എസ്.ജിക്ക് പുറമെ റയല്‍ മാഡ്രിഡും താരത്തെ നോട്ടമിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇതിനിടെ ലയണല്‍ മെസിയെ നേരിട്ട് കണ്ട് ഇടപഴകിയതിന് ശേഷം എച്ചവേരി തന്റെ സന്തോഷം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. മെസിക്കൊപ്പം ചെലവഴിക്കാന്‍ പറ്റിയ ദിവസം വര്‍ണിക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തോടൊപ്പം പരിശീലനം നടത്താനായത് മറക്കാനാവാത്ത അനുഭവമാണെന്നും താരം പറഞ്ഞു.

‘ലയണല്‍ മെസിയോട് ഇടപഴകാനും അദ്ദേഹത്തോടൊപ്പം പരിശീലനം നടത്താനും സാധിച്ച ദിവസം മറക്കാനാവാത്തതാണ്. മെസിയെ കാണണമെന്ന എന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് എനിക്ക് വിശ്വസിക്കാനാകുന്നില്ല. അദ്ദേഹത്തെ ഞാന്‍ ഒത്തിരി സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം എല്ലാവര്‍ക്കും മാതൃകയാക്കാന്‍ പറ്റിയ താരമാണ്,’ എച്ചവേരി പറഞ്ഞു.

സൗത്ത് അമേരിക്കയുടെ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കാന്‍ എച്ചവേരിക്ക് സാധിച്ചിരുന്നു. മത്സരത്തില്‍ താരത്തിന്റെ പ്രകടനം കണ്ട് ആകൃഷ്ടരായാണ് പി.എസ്.ജി, റയല്‍ മാഡ്രിഡ് തുടങ്ങിയ യൂറോപ്യന്‍ ക്ലബ്ബുകള്‍ എച്ചവേരിയെ നോട്ടമിട്ട് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, മെസിയുടെ ക്ലബ്ബ് ഫുട്ബോള്‍ ഭാവി അനിശ്ചിതത്വത്തിലാണ്. വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുക. കരാര്‍ പുതുക്കുന്നതിനുള്ള കടലാസുകള്‍ പി.എസ്.ജി പലതവണ മേശപ്പുറത്ത് വെച്ചിരുന്നെങ്കിലും മെസി സൈന്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഇതിനകം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ മോഹവില കൊടുത്ത് മെസിയെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നു. 400 മില്യണ്‍ യൂറോയുടെ ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ വെച്ച് നീട്ടിയത്. എന്നാല്‍ താരം ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറായിരുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മെസി തിരിച്ച് പോകാനാണ് സാധ്യതയെന്നാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ ഫുട്ബോളില്‍ തന്നെ തുടരുമെന്നും ബാഴ്സലോണയില്‍ കരിയര്‍ അവസാനിപ്പിക്കാനാണ് മെസി പദ്ധതിയിടുന്നതെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Content Highlights: PSG wants to sign with young Argentine player Claudio Echeverri

We use cookies to give you the best possible experience. Learn more