| Thursday, 11th May 2023, 4:54 pm

പി.എസ്.ജിയുടെ ഭാവി അവതാളത്തില്‍; ജീവനാഡി നിലനിര്‍ത്താന്‍ മുന്‍ താരത്തെ ക്ലബ്ബിലെത്തിക്കാനൊരുങ്ങി പാരീസിയന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ ലയണല്‍ മെസിയടക്കം മുന്‍ നിര താരങ്ങളില്‍ പലരും ക്ലബ്ബ് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ താരങ്ങളെ ടീമിലെത്തിച്ച് ക്ലബ്ബിന്റെ ജീവനാഡി നിലനിര്‍ത്താന്‍ പി.എസ്.ജി ശ്രമങ്ങള്‍ നടത്തുന്നതായാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

മുന്‍ താരം മൈക്ക് മെയ്ഗ്‌നനെ ക്ലബ്ബില്‍ തിരിച്ചെത്തിക്കാന്‍ പി.എസ്.ജി പദ്ധതിയിട്ടതായി റിപ്പോര്‍ട്ടുണ്ട്. നിലവില്‍ എ.സി മിലാനെ ക്ലബ്ബില്‍ കളിക്കുന്ന താരത്തെ 80 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് പി.എസ്.ജി ക്ലബ്ബിലെത്തിക്കുക.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളുടെ കന്നി കിരീടം നേടണമെന്നാഗ്രഹിച്ചിറങ്ങിയ പി.എസ്.ജി റൗണ്ട് ഓഫ് 16ല്‍ തന്നെ ബയേണിനെതിരെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ വലിയ തിരിച്ചടി നേരിട്ടതോടെ നിരാശരായ പി.എസ്.ജി ക്ലബ്ബില്‍ വമ്പന്‍ അഴിച്ചുപണി നടത്താനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ പി.എസ്.ജിയിലേക്ക് തിരിച്ചുപോകുന്നതിനെ പറ്റി മെയിഗ്‌നന്‍ അനുകൂല പ്രതികരണം നല്‍കിയിട്ടില്ല. നിലവില്‍ കളിക്കുന്ന ക്ലബ്ബിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മറ്റുകാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജി.എഫ്.എന്‍.എഫിനോടാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

‘അഭ്യൂഹങ്ങളെ കുറിച്ച് ഞാന്‍ ബോധവാനല്ല. നിലവില്‍ ഞാന്‍ എ.സി മിലാനിലാണ്. ഇവിടുത്തെ മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഒമ്പത് വര്‍ഷം മുമ്പാണ് ഞാന്‍ പി.എസ്.ജി വിട്ടത്. അവിടേക്ക് തിരിച്ചുപോരുമോ എന്നെനിക്കറിയില്ല,’ അദ്ദേഹം പറഞ്ഞു.

ഇതിനിടെ ക്ലബ്ബിന്റെ അനുമതിയില്ലാതെ മെസി രാജ്യം വിട്ടതിന് പി.എസ്.ജി താരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് താരം തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്ക് സഹതാരങ്ങളോട് ക്ഷമാപണം നടത്തുകയും പി.എസ്.ജി താരത്തിന്റെ വിലക്ക് നീക്കുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ മെസി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

എന്നാല്‍ ക്ലബ്ബ് മാറ്റത്തിന്റെ കാര്യത്തില്‍ മെസി തീരുമാനം എടുത്തിട്ടില്ലെന്നും ഈ സീസണ്‍ അവസാനിക്കുമ്പോള്‍ മാത്രമെ ട്രാന്‍സ്ഫറിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നും താരത്തിന്റെ പിതാവും ഏജന്റുമായി ജോര്‍ജ് മെസി നിലപാട് അറിയിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് അറുതി വീഴുകയായിരുന്നു.

ലീഗ് വണ്ണില്‍ ഇതുവരെ കളിച്ച 34 മത്സരങ്ങളില്‍ നിന്ന് 25 ജയവും 78 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി.എസ്.ജി. മെയ് 14ന് അജാസിയോക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: PSG wants to sign with new players in this summer season

We use cookies to give you the best possible experience. Learn more