ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ക്ലബ്ബ് വിടുമെന്നുറപ്പായതോടെ പി.എസ്.ജിയിലെ കാര്യങ്ങള്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ വിടവ് നികത്താന്‍ പാടുപെടുന്നതിനിടെ ക്ലബ്ബിന്റെ നെടുംതൂണായ എംബാപ്പെയില്‍ നിന്നുള്ള തീരുമാനം പി.എസ്.ജിയെ ഞെട്ടിക്കുകയായിരുന്നു. 2024ന് ശേഷം എംബാപ്പെ ക്ലബ്ബില്‍ തുടരുമെന്ന് കരുതിയിരുന്നെന്നും താരത്തിന്റെ തീരുമാനം തന്നില്‍ ഞെട്ടലും നിരാശയുമാുണ്ടാക്കിയെന്നുമാണ് പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി പറഞ്ഞത്.
എംബാപ്പെ ക്ലബ്ബ് വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ലെങ്കിലും താരത്തിന്റെ പകരക്കാരനായുള്ള അന്വേഷണം പി.എസ്.ജി ആരംഭിച്ച് കഴിഞ്ഞെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലായെ പി.എസ്.ജി നോട്ടമിട്ടിട്ടുണ്ടെന്നും താരത്തെ ക്ലബ്ബിലെത്തിക്കാന്‍ വേണ്ട നടപടികള്‍ മാനേജ്‌മെന്റ് നടത്തുമെന്നുമാണ് സ്‌പോര്‍ട്‌സ് മാധ്യമമായ ഫുട്‌ബോള്‍ ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ലിവര്‍പൂളിലെ നിര്‍ണായക താരങ്ങളിലൊരാളായ സലായെ ക്ലബ്ബ് വിട്ടുനല്‍കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വമ്പന്‍ തുക ലഭിക്കുമെങ്കില്‍ മാത്രമെ സലായെ പോലൊരു താരത്തെ വില്‍ക്കാന്‍ ലിവര്‍പൂള്‍ തയ്യാറാകൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, എംബാപ്പെ പി.എസ്.ജിയില്‍ നിന്ന് 2024ഓടെ പടിയിറങ്ങുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കരാര്‍ അവസാനിച്ച ശേഷവും അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്താനാണ് പി.എസ്.ജി പദ്ധതിയിട്ടിരുന്നതെങ്കിലും താരം തന്റെ തീരുമാനം മാനേജ്മെന്റിന് കത്തെഴുതി അറിയിക്കുകയായിരുന്നു.
എന്നാല്‍ ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി പി.എസ്.ജി താരത്തെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പി.എസ്.ജി വിടുന്നതോടെ എംബാപ്പെ സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനാണ് സാധ്യത. ലോസ് ബ്ലാങ്കോസുമായുള്ള കരാര്‍ നടന്നിട്ടില്ലെങ്കില്‍ താരം പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളിലേക്ക് ചേക്കേറുമെന്നും അഭ്യൂഹങ്ങളുണ്ട്.
എംബാപ്പെ പ്രീമിയര്‍ ലീഗ് ക്ലബ്ബിലേക്കാണ് നീങ്ങുന്നതെങ്കില്‍ അത് ലിവര്‍പൂളിലേക്ക് ആയിരിക്കില്ലെന്നും താരം ആഴ്‌സണലുമായി സൈനിങ് നടത്താനാണ് സാധ്യതയെന്നുമാണ് മീഡിയ ഔട്‌ലെറ്റായ ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ട്.
ആഴ്‌സണലിനോടാണ് എംബാപ്പെക്ക് കൂടുതല്‍ താത്പര്യമെന്നും എന്നാല്‍ ഇതൊരു വിദൂര സാധ്യതയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റയലില്‍ കളിക്കുകയെന്ന ദീര്‍ഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കാനാണ് താരം ശ്രമിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Content Highlights: PSG wants to sign with Mohammed Salah