ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ പടിയിറങ്ങാനാരിക്കുകയാണ്. താരത്തിന് പകരക്കാരനായി ബാഴ്സലോണ ടാര്‍ഗെറ്റും അത്ലെറ്റികോ മാഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരവുമായ ജോവാ ഫെലിക്സിനെ പി.എസ്.ജി ക്ലബ്ബിലെത്തിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. പി.എസ്.ജിയുമായുള്ള കരാര്‍ പുതുക്കുന്ന വിഷയത്തില്‍ ജൂലൈ 15 വരെ എംബാപ്പെക്ക് സാവകാശം നല്‍കുകയും അതിനകം തന്റെ അന്തിമ തീരുമാനം അറിയിക്കണമെന്നും പി.എസ്.ജി താരത്തോട് പറഞ്ഞിരുന്നു.
ഡെഡ് ലൈന്‍ കഴിഞ്ഞിട്ടും എംബാപ്പെ തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതിനാല്‍ പി.എസ്.ജി തങ്ങളുടെ നിലപാട് ശക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സീസണിലോ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുന്നതിന് മുമ്പോ എംബാപ്പെയെ വില്‍ക്കാനാണ് പി.എസ്.ജിയുടെ തീരുമാനം. പി.എസ്.ജിയുടെ ജപ്പാനിലേക്കുള്ള പ്രീ സീസണ്‍ ടൂറില്‍ എംബാപ്പെയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രമുഖ ഫുട്ബാള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയുടെ റിപ്പോര്‍ട്ട് പ്രകാരം എംബാപ്പെ കരാറില്‍ സൈന്‍ ചെയ്യാത്ത പക്ഷം ഉടന്‍ തന്നെ താരത്തെ വില്‍ക്കാനാണ് പി.എസ്.ജിയുടെ തീരുമാനം. എംബാപ്പെ തന്റെ ഇഷ്ട ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് പോകുമോ എന്ന് കാത്തിരുന്ന് കാണണമെന്നും റൊമാനോ പറഞ്ഞു.
സ്പാനിഷ് വമ്പന്‍ ക്ലബ്ബായ ബാഴ്‌സലോണക്ക് വേണ്ടി കളിക്കുകയെന്നത് കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നമാണെന്ന് ഫെലിക്‌സ് പറഞ്ഞിരുന്നു. ബാഴ്‌സയില്‍ കളിക്കാന്‍ ഒരുപാടിഷ്ടമാണെന്നും ആഗ്രഹം നിറവേറുകയാണെങ്കില്‍ അത് തന്റെ സ്വപ്ന സാക്ഷാത്കാരമായിരിക്കുമെന്നുമാണ് ഫെലിക്‌സ് പറഞ്ഞത്.
മുണ്ടോ ഡീപോര്‍ട്ടീവോയുടെ റിപ്പോര്‍ട്ട് പ്രകാരം 100 മില്യണ്‍ യൂറോയാണ് ഫെലിക്സിനായി പി.എസ്.ജി വാഗ്ദാനം ചെയ്തത്. ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടത്താനൊരുങ്ങുന്ന പി.എസ്.ജി ടീമില്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഫെലിക്സിനെയടക്കം പല താരങ്ങളെയും പാരീസിയന്‍സ് നോട്ടമിട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം ബെര്‍ണാഡോ സില്‍വയെ നോട്ടമിട്ട് പി.എസ്.ജിയും ബാഴ്‌സലോണയും രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ബാഴ്സ തുടര്‍ച്ചയായി സില്‍വയെ സൈന്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഈ സീസണിന്റെ അവസാനത്തോടെ സിറ്റി വിടാനൊരുങ്ങുന്ന സില്‍വ നിലവില്‍ മറ്റ് ക്ലബ്ബുമായി ഡീലിങ് നടത്തിയിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് താരത്തെ ധൃതിയില്‍ സ്വന്തമാക്കാനുള്ള നീക്കവുമായി വമ്പന്‍ ക്ലബുകള്‍ രംഗത്തെത്തിയത്.
എന്നാല്‍ ക്ലബ്ബ് ട്രാന്‍സ്ഫറിനെ കുറിച്ച് സില്‍വ തന്റെ തീരുമാനം അറിയിച്ചിട്ടില്ല. വരുന്ന ആഴ്ചകള്‍ക്കുള്ളില്‍ വിഷയത്തില്‍ തീരുമാനമറിയിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. മാഞ്ചസ്റ്റര്‍ ഈവനിങ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.