| Saturday, 22nd July 2023, 11:24 am

ഒരു താരവും ക്ലബ്ബിന് മുകളിലല്ല; എംബാപ്പെ വിഷയത്തില്‍ നിലപാട് ശക്തമാക്കി പി.എസ്.ജി

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. താരത്തിന് പാരീസിയന്‍സുമായി 2024 വരെയാണ് കരാര്‍ ഉള്ളതെങ്കിലും ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരണമെന്ന് മാനേജ്‌മെന്റ് എംബാപ്പെയെ അറിയിച്ചിരുന്നു.

എന്നാല്‍ 2024ലെ സീസണ്‍ അവസാനിക്കുന്നതോടെ കരാര്‍ പുതുക്കാന്‍ താത്പര്യമില്ലെന്നും താന്‍ ക്ലബ്ബ് വിടുമെന്നും എംബാപ്പെ പി.എസ്.ജിക്ക് കത്തെഴുതി. താരത്തെ ഫ്രീ ഏജന്റായി വിടാന്‍ സാധിക്കില്ലെന്നും ലോകത്തിലെ ഏറ്റവും മൂല്യമുള്ള കളിക്കാരിലൊരാളെ അങ്ങനെ വിടുമ്പോള്‍ അത് തങ്ങള്‍ക്ക് നഷ്ടമാണെന്നുമായിരുന്നു പി.എസ്.ജിയുടെ മറുപടി.

തുടര്‍ന്ന് ജൂലൈ 15 വരെ എംബാപ്പെക്ക് സാവകാശം നല്‍കുകയും അതിനകം കരാര്‍ പുതുക്കുന്ന കാര്യത്തില്‍ തന്റെ അന്തിമ തീരുമാനം അറിയിക്കണമെന്നും പി.എസ്.ജി താരത്തോട് പറയുകയായിരുന്നു.

ഡെഡ് ലൈന്‍ കഴിഞ്ഞിട്ടും എംബാപ്പെ തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതിനാല്‍ പി.എസ്.ജി തങ്ങളുടെ നിലപാട് ശക്തമാക്കിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ സീസണിലോ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കുന്നതിന് മുമ്പോ എംബാപ്പെയെ വില്‍ക്കാനാണ് പി.എസ്.ജിയുടെ തീരുമാനം. പി.എസ്.ജിയുടെ ജപ്പാനിലേക്കുള്ള പ്രീ സീസണ്‍ ടൂറില്‍ എംബാപ്പെയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പ്രമുഖ ഫുട്ബാള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയുടെ റിപ്പോര്‍ട്ട് പ്രകാരം എംബാപ്പെ കരാറില്‍ സൈന്‍ ചെയ്യാത്ത പക്ഷം ഉടന്‍ തന്നെ താരത്തെ വില്‍ക്കാനാണ് പി.എസ്.ജിയുടെ തീരുമാനം. എംബാപ്പെ തന്റെ ഇഷ്ട ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് പോകുമോ എന്ന് കാത്തിരുന്ന് കാണണമെന്നും റൊമാനോ പറഞ്ഞു.

പി.എസ്.ജിയില്‍ നിന്ന് വിടവാങ്ങിയതിന് ശേഷം സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ ചേരാനാണ് എംബാപ്പെയുടെ പദ്ധതിയെന്ന് വിവിധ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും വിഷയത്തില്‍ എംബാപ്പെ തന്റെ തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.

Content Highlights: PSG wants to sell Kylian Mbappe asap

We use cookies to give you the best possible experience. Learn more