| Saturday, 3rd June 2023, 11:57 pm

സൂപ്പര്‍താരങ്ങള്‍ കൂടൊഴിയുന്നു; സ്‌ക്വാഡ് ശക്തമാക്കാന്‍ മുന്‍ താരത്തെ തിരിച്ചെത്തിക്കാനൊരുങ്ങി പി.എസ്.ജി

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുടെ മുന്‍ താരം മൈക്ക് മെയ്ഗ്‌നനെ ക്ലബ്ബില്‍ തിരിച്ചെത്തിക്കാന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. നിലവില്‍ എ.സി മിലാനില്‍ കളിക്കുന്ന താരത്തെ 80 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് പി.എസ്.ജി ക്ലബ്ബിലെത്തിക്കുക.

പി.എസ്.ജിയില്‍ നിന്ന് മുന്‍ നിര താരങ്ങള്‍ പുറത്തുപോകുന്ന സാഹചര്യത്തിലാണ് കൂടുതല്‍ താരങ്ങളെ ടീമിലെത്തിച്ച് ക്ലബ്ബിന്റെ ജീവനാഡി നിലനിര്‍ത്താന്‍ പാരീസിയന്‍സ് ശ്രമങ്ങള്‍ നടത്തുന്നത്. സൂപ്പര്‍താരങ്ങളായ ലയണല്‍ മെസിയും സെര്‍ജിയോ റാമോസും ഈ സീസണോടെ പി.എസ്.ജിയില്‍ നിന്ന് പടിയിറങ്ങുകയാണ്. ജൂണ്‍ നാലിനാണ് പാരീസിയന്‍സ് ജേഴ്‌സിയില്‍ മെസിയുടെ അവസാന മത്സരം.

എന്നാല്‍ പി.എസ്.ജിയിലേക്ക് തിരിച്ചുപോകുന്നതിനെ പറ്റി മെയിഗ്‌നന്‍ പോസിറ്റീവ് പ്രതികരണം നല്‍കിയിട്ടില്ല. നിലവില്‍ കളിക്കുന്ന ക്ലബ്ബിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും മറ്റുകാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജി.എഫ്.എന്‍.എഫിനോടാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

‘അഭ്യൂഹങ്ങളെ കുറിച്ച് ഞാന്‍ ബോധവാനല്ല. നിലവില്‍ ഞാന്‍ എ.സി മിലാനിലാണ്. ഇവിടുത്തെ മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഒമ്പത് വര്‍ഷം മുമ്പാണ് ഞാന്‍ പി.എസ്.ജി വിട്ടത്. അവിടേക്ക് തിരിച്ചുപോരുമോ എന്നെനിക്കറിയില്ല,’ അദ്ദേഹം പറഞ്ഞു.

ലീഗ് വണ്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പി.എസ്.ജി. 31 മത്സരങ്ങളില്‍ 23 ജയത്തോടെ 72 പോയിന്റാണ് പി.എസ്.ജിയുടെ അക്കൗണ്ടിലുള്ളത്. ഏപ്രില്‍ 22ന് എയ്ഞ്ചേഴ്സിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

അതേസമയം, ഫ്രഞ്ച് വമ്പന്‍മാരായ പി.എസ്.ജി പതിനൊന്നാം തവണയും ലീഗ് വണ്‍ ടൈറ്റില്‍ പേരിലാക്കിയിരിക്കുകയാണ്. സ്ട്രാസ്‌ബോര്‍ഗിനെതിരെ നടന്ന മത്സരത്തിലാണ് പി.എസ്.ജിയുടെ ജയം. 1-1ന്റെ സമനിലയായ മത്സരത്തില്‍ പാരീസിയന്‍സ് ജയമുറപ്പിക്കുകയായിരുന്നു. ലയണല്‍ മെസിയുടെ തകര്‍പ്പന്‍ ഗോളിലൂടെയായിരുന്നു പി.എസ്.ജി കിരീടം തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.

ലീഗ് വണ്ണില്‍ കളിച്ച 37 മത്സരങ്ങളില്‍ നിന്ന് 27 ജയവും ആറ് തോല്‍വിയും നാല് സമനിലയും വഴങ്ങി 85 പോയിന്റുമായാണ് പി.എസ്.ജി ടൂര്‍ണമെന്റ് പേരിലാക്കിയത്. അത്രത്തന്നെ മത്സരങ്ങളില്‍ നിന്ന് 24 ജയവും നാല് തോല്‍വിയും ഒമ്പത് സമനിലയും വഴങ്ങി നാല് പോയിന്റ് വ്യത്യാസത്തില്‍ ലെന്‍സാണ് രണ്ടാം സ്ഥാനത്ത്.

ജൂണ്‍ നാലിന് ക്ലെര്‍മോണ്ട് ഫൂട്ടിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights: PSG wants to return former player Mike Maignan to the club

We use cookies to give you the best possible experience. Learn more