| Friday, 12th May 2023, 12:38 pm

മെസിക്ക് പകരം 21കാരനെ പി.എസ്.ജിയിലെത്തിക്കും; കന്നി ചാമ്പ്യന്‍സ് ലീഗ് കിരീടത്തിനായി തന്ത്രങ്ങള്‍ മെനഞ്ഞ് പാരീസിയന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. സൂപ്പര്‍താരം ലയണല്‍ മെസി ഈ സീസണിന്റെ അവസാനത്തോടെ ക്ലബ്ബ് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി മികച്ച പ്രകടനം പുറത്തെടുക്കുന്ന മെസിയുടെ അഭാവം ക്ലബ്ബിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക പി.എസ്.ജിയെ വേട്ടയാടുന്നുണ്ട്.

മെസിക്ക് ഒത്ത പകരക്കാരനായുള്ള അന്വേഷണത്തിലാണ് മാനേജ്‌മെന്റ്. പലരെയും ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഈ സീസണിന്റെ അവസാനത്തോടെ അന്തിമ തീരുമാനമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മെസിയുടെ ബൂട്ടുകളിലേക്ക് ക്രിസ്റ്റല്‍ പാലസ് സൂപ്പര്‍താരം മൈക്കല്‍ ഒലീസിനെ എത്തിക്കാന്‍ പാരീസിയന്‍സ് ശ്രമം നടത്തുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

21കാരനായ താരം ക്രിസ്റ്റല്‍ പാലസില്‍ മികച്ച ഫോമില്‍ തുടരുകയാണ്. പി.എസ്.ജിക്ക് പുറമെ മറ്റ് മുന്‍ നിര ക്ലബ്ബുകളും താരത്തെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സീസണില്‍ കളിച്ച 37 മത്സരങ്ങളില്‍ രണ്ട് ഗോളും ഒമ്പത് അസിസ്റ്റുകളുമാണ് ഒലീസിന്റെ സമ്പാദ്യം. താരത്തിന് പി.എസ്.ജിയിലെ 30ാം നമ്പര്‍ ജേഴ്‌സിയുടെ വിടവ് നികത്താനാകുമെന്നാണ് മാനേജ്‌മെന്റിന്റെ വിശ്വാസം.

2021ലാണ് മെസി ബാഴ്‌സലോണ എഫ്.സിയില്‍ നിന്നും പി.എസ്.ജിയിലേക്കെത്തിയത്. ലാ ലിഗയുടെ വേജ് ക്യാപ് റൂള്‍സ് പ്രകാരം ബാഴ്‌സക്ക് മെസിയുടെ കരാര്‍ പുതുക്കാന്‍ സാധിക്കാതെ വരികയായിരുന്നു. ഈ സീസണില്‍ പി.എസ്.ജിക്കായി കളിച്ച 71 മത്സരങ്ങളില്‍ നിന്ന് 31 ഗോളുകളും 34 അസിസ്റ്റുകളുമാണ് മെസി അക്കൗണ്ടിലാക്കിയിരിക്കുന്നത്.

ഇതിനിടെ ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിച്ചതിന് താരത്തെ രണ്ടാഴ്ചത്തേക്ക് പി.എസ്.ജി വിലക്കിയിരുന്നു. തുടര്‍ന്ന് മെസി തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്ക് സഹതാരങ്ങളോട് ക്ഷമാപണം നടത്തി രംഗത്തെത്തുകയും ചെയ്തിരുന്നു.

തൊട്ടുപിന്നാലെ പി.എസ്.ജി താരത്തിന്റെ വിലക്ക് നീക്കുകയും മെസി ക്യാമ്പില്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെക്കുകയും ചെയ്തു.

അതേസമയം, താരം പി.എസ്.ജിയുടെ പടിയിറങ്ങിയാല്‍ ഏത് ക്ലബ്ബില്‍ ജോയിന്‍ ചെയ്യുമെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സീസണിന്റെ അവസാനത്തോടെ മാത്രമെ മെസി തന്റെ തീരുമാനം പുറത്തുവിടുകയുള്ളൂ എന്നാണ് പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Content Highlights: PSG wants to replace Lionel Messi with Michael Olise in the end of the season

We use cookies to give you the best possible experience. Learn more