മെസിക്ക് പകരക്കാരനായി അവനെ വേണമെന്ന് പി.എസ്.ജി; സ്വന്തമായി വിട്ടുനല്‍കില്ല, ലോണില്‍ അയക്കാമെന്ന് ചെല്‍സി
Football
മെസിക്ക് പകരക്കാരനായി അവനെ വേണമെന്ന് പി.എസ്.ജി; സ്വന്തമായി വിട്ടുനല്‍കില്ല, ലോണില്‍ അയക്കാമെന്ന് ചെല്‍സി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th May 2023, 9:06 am

ഈ സീസണിന്റെ അവസാനത്തോടെ ലയണല്‍ മെസി പി.എസ്.ജി വിടുമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന്, മെസിക്ക് ഒത്ത പകരക്കാരനെ അന്വേഷിക്കുകയാണ് പി.എസ്.ജി എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ചെല്‍സി താരം ജോവോ ഫെലിക്‌സിനെ ക്ലബ്ബിലെത്തിക്കാനാണ് പി.എസ്.ജി പദ്ധതിയിടുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മുണ്ടോ ഡീപോര്‍ട്ടീവോയുടെ റിപ്പോര്‍ട്ട് പ്രകാരം 100 മില്യണ്‍ യൂറോയാണ് ഫെലിക്‌സിനായി പി.എസ്.ജി വാഗ്ദാനം ചെയ്തത്. എന്നാല്‍ സ്ഥിര താരമായി ഫെലിക്‌സിനെ വിട്ട് നല്‍കാന്‍ ചെല്‍സി തയ്യാറല്ലെന്നും 20 മില്യണ്‍ യൂറോ പാക്കേജില്‍ ലോണ്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് താരത്തെ കളിപ്പിക്കാമെന്നാണ് ചെല്‍സി മുന്നോട്ടുവെച്ച ഓഫര്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അത്‌ലെറ്റികോ മാഡ്രിഡില്‍ നിന്ന് ആറ് മാസത്തെ ലോണ്‍ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജനുവരിയിലാണ് ജാവോ ഫെലിക്‌സ് ചെല്‍സിയിലെത്തുന്നത്. ചെല്‍സിക്കായി ഈ സീസണില്‍ കളിച്ച 16 മത്സരങ്ങളില്‍ നിന്ന് രണ്ട് തവണ മാത്രമെ പോര്‍ച്ചുഗീസ് താരത്തിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ 23കാരനായ താരത്തെ വേണ്ട വിധം ഉപയോഗിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പി.എസ്.ജി.

അതേസമയം, പി.എസ്.ജിയുടെ അനുമതിയില്ലാത്ത ലയണല്‍ മെസി സൗദി അറേബ്യ സന്ദര്‍ശിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. പി.എസ്.ജിയിലെ പരിശീലനത്തിന് നില്‍ക്കാതെ മെസി രാജ്യം വിട്ടതിന് രണ്ടാഴ്ചത്തേക്ക് താരത്തെ സസ്പെന്‍ഡ് ചെയ്യുകയും വേതനം റദ്ദാക്കുകയുമായിരുന്നു ക്ലബ്ബ് ചെയ്തത്.

ഇതിനുപിന്നാലെ, തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്ക് മെസി സഹതാരങ്ങളോട് ക്ഷമാപണം നടത്തിയിരുന്നു. തന്റെ പ്രവൃത്തിയില്‍ പി.എസ്.ജി പറയുന്നതെന്തും ചെയ്യാന്‍ താന്‍ തയ്യാറാണെന്നും മെസി പറഞ്ഞിരുന്നു. വീഡിയോയിലൂടെയായിരുന്നു മെസി ക്ഷമാപണം നടത്തിയത്.

ഖത്തര്‍ ലോകകപ്പിന് മുമ്പ് തന്നെ മെസിയുടെ കരാര്‍ പുതുക്കുന്നതിനുള്ള കടലാസുകള്‍ പി.എസ്.ജി മേശപ്പുറത്ത് എത്തിച്ചിരുന്നെങ്കിലും താരം ഒപ്പ് വെക്കാന്‍ തയ്യാറായിരുന്നില്ല. ലോകകപ്പിന് ശേഷവും പി.എസ്.ജി താരവുമായി ധാരണയിലെത്താന്‍ ശ്രമിച്ചിരുന്നെങ്കിലും വിഫലമാവുകയായിരുന്നു. ഇതോടെ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തിരികെ പോകുമെന്നുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

വിവാദങ്ങള്‍ക്ക് പിന്നാലെ ഈ സീസണിന്റെ അവസാനത്തോടെ മെസി പി.എസ്.ജി വിടുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി വിവരം പാരീസ് സെന്റ് ഷെര്‍മാങ്ങിനെ അറിയിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രശസ്ത ഫുട്‌ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്‌പേര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ബാഴ്സലോണക്ക് പുറമെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ 400 മില്യണ്‍ യൂറോ വാഗ്ദാനം നല്‍കി താരത്തെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുണ്ട്. അടുത്ത സീസണില്‍ മെസി ഏത് ക്ലബ്ബില്‍ തുടരുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

Content Highlights: PSG wants to replace Lionel Messi with Joao Felix