മെസിയുടെ പകരക്കാരനായി സില്‍വ പി.എസ്.ജിയിലേക്ക്? റിപ്പോര്‍ട്ട്
Football
മെസിയുടെ പകരക്കാരനായി സില്‍വ പി.എസ്.ജിയിലേക്ക്? റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 29th April 2023, 12:42 pm

ലയണല്‍ മെസിക്ക് പകരം മാഞ്ചസ്റ്റര്‍ സിറ്റി താരം ബെര്‍ണാഡോ സില്‍വയെ പി.എസ്.ജി ക്ലബ്ബിലെത്തിക്കുന്നെന്ന് റിപ്പോര്‍ട്ട്. 80 മില്യണ്‍ യൂറോക്ക് സില്‍വയെ പി.എസ്.ജി സൈന്‍ ചെയ്യിക്കുമെന്ന് ഡയറോ സ്പോര്‍ടാണ് റിപ്പോര്‍ട്ട് ചെയ്തത്. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതോടെ ടീമില്‍ വലിയ അഴിച്ചുപണിയാണ് പി.എസ്.ജി നടത്തുന്നത്.

എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്തി മെസിയെയും നെയ്മറിനെയും പി.എസ്.ജി റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വരുന്ന ജൂണില്‍ കരാര്‍ അവസാനിക്കാനിരിക്കെ പി.എസ്.ജിയുമായുള്ള കരാര്‍ പുതുക്കാന്‍ മെസി താത്പര്യം പ്രകടപ്പിക്കാത്തതിനാലാണ് താരത്തിന് പകരക്കാരനെ ക്ലബ്ബിലെത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകകപ്പിന് മുമ്പ് തന്നെ പി.എസ്.ജി മെസിയുടെ കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വേള്‍ഡ് കപ്പിന് ശേഷം മതിയെന്നായിരുന്നു താരത്തിന്റെ നിലപാട്. എന്നാല്‍ ലോകകപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും മെസി തന്റെ തീരുമാനം അറിയിച്ചിട്ടില്ല. തുടര്‍ന്നാണ് സില്‍വയെ ക്ലബ്ബിലെത്തിക്കാന്‍ പി.എസ്.ജി പദ്ധതിയിട്ടതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഇതിനകം മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് തിരികെ പോകുമെന്നും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ബാഴ്‌സയിലെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് സൈനിങ്ങുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കാത്തതെന്നും ബ്ലൂഗ്രാനയിലെ ചില താരങ്ങളെ വരുന്ന സമ്മര്‍ ട്രാന്‍സ്ഫറില്‍ വിറ്റുകിട്ടുന്ന പണം കൊണ്ട് മെസിയെ ക്ലബ്ബിലെത്തിക്കാനാണ് മാനേജ്‌മെന്റ് പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫര്‍ മെസിക്ക് മുന്നില്‍ വെച്ചുനീട്ടിയിരുന്നെന്നും എന്നാല്‍ താരം അത് നിരസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. കരിയറിന്റെ അവസാന കാലഘട്ടം യൂറോപ്പില്‍ തന്നെ ചെലവഴിച്ച് വിരമിക്കാനാണ് മെസിയുടെ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇതോടൊപ്പം എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍മിയാമിയിലേക്ക് ഡേവിഡ് ബെക്കാം മെസിയെ ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും മെസി വിഷയത്തില്‍ ഇതുവരെ തന്റെ തീരുമാനം അറിയിച്ചിട്ടില്ല.

Content Highlights: PSG wants to replace Lionel Messi with Bernado Silva, report