'പി.എസ്.ജിയിലെ ഡ്രസിങ് റൂം കലഹങ്ങള്‍ ഉടന്‍ അവസാനിക്കും; ക്ലബ്ബിനെ നയിക്കാന്‍ സൂപ്പര്‍ കോച്ച് എത്തുന്നു; റിപ്പോര്‍ട്ട്
Football
'പി.എസ്.ജിയിലെ ഡ്രസിങ് റൂം കലഹങ്ങള്‍ ഉടന്‍ അവസാനിക്കും; ക്ലബ്ബിനെ നയിക്കാന്‍ സൂപ്പര്‍ കോച്ച് എത്തുന്നു; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th April 2023, 2:20 pm

ക്രിസ്റ്റഫ് ഗാള്‍ട്ടിയറിന് പകരം മറ്റൊരു പരിശീലകനെ ക്ലബ്ബിലെത്തിക്കാന്‍ പി.എസ്.ജി തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഗാള്‍ട്ടിയറിന് പകരക്കാരനായി റയല്‍ മാഡ്രിഡ് ഐക്കണ്‍ സിനദിന്‍ സിദാനെയും മുന്‍ ബയേണ്‍ മ്യൂണിക്ക് കോച്ച് ജൂലിയന്‍ നഗല്‍സ്മാനെയുമാണ് പി.എസ്.ജി നോട്ടമിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗിലെ പി.എസ്.ജിയുടെ പുറത്താകലിന് ശേഷം ഗാള്‍ട്ടിയറുമായി മുന്നോട്ട് പോകാന്‍ ക്ലബ്ബിന് അതൃപ്തിയുണ്ടെന്ന് ആര്‍.എം.സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ചാമ്പ്യന്‍സ് ലീഗിലെ റൗണ്ട് ഓഫ് 16ന്റെ രണ്ടാം പാദ മത്സരത്തില്‍ തോല്‍വി വഴങ്ങിയതോടെയാണ് പി.എസ്.ജി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ബയേണ്‍ മ്യൂണിക്കാണ് മത്സരത്തില്‍ പി.എസ്.ജിയെ തോല്‍പിച്ചത്. തുടര്‍ന്ന് പുതിയ കോച്ചിനെ ക്ലബ്ബിലെത്തിക്കാന്‍ പി.എസ്.ജി തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ 15ന് ലെന്‍സിനെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ പി.എസ്.ജിക്ക് ജയിക്കാനായില്ലെങ്കില്‍ ഗാള്‍ട്ടിയറെ ഡിസ്മിസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കഴിഞ്ഞ കുറച്ച് നാളുകളായി പി.എസ്.ജിയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും താരങ്ങള്‍ക്കിടയിലുള്ള ഡ്രസിങ് റൂം കലഹങ്ങള്‍ കളിയെ ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് താരങ്ങള്‍ക്കിടയിലുള്ള ഭിന്നിപ്പുകള്‍ അവസാനിപ്പിക്കാനും ക്ലബ്ബിനെ വിജയത്തിലേക്ക് നയിക്കാനുമായി ഒത്ത പരിശീലകനെ തേടിയുള്ള അന്വേഷണത്തിലായിരുന്നു പി.എസ്.ജി.

നിലവില്‍ നഗല്‍സ്മാനാണ് പി.എസ്.ജിയുടെ പരിഗണനയില്‍ ഒന്നാമതുള്ളത്. അദ്ദേഹത്തിന്റെ കീഴിലായിരുന്നു ബയേണ്‍ ചാമ്പ്യന്‍സ് ലീഗിലിറങ്ങി പി.എസ്.ജിയെ തോല്‍പ്പിച്ചത്. ക്ലബിനൊപ്പമുള്ള കാലത്ത് ബുണ്ടസ് ലിഗ നേടിയ അദ്ദേഹം യൂറോപ്പിലെ ഏറ്റവും മികച്ച മാനേജര്‍മാരില്‍ ഒരാളാണ്.

അതേസമയം, ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായിരുന്നു ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍. പ്ലെയറായും കോച്ചായും തന്റെ കരിയറില്‍ ഒരുപാട് നേട്ടങ്ങള്‍ സിദാന്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്ലെയിങ് കരിയറില്‍ ഇതിഹാസമായ സിദാന്‍ കോച്ചിങ് കരിയറിലേക്ക് വന്നപ്പോള്‍ മറ്റാര്‍ക്കും സാധിക്കാത്ത ഉയരമാണ് കീഴടക്കിയത്.

റയല്‍ മാഡ്രിഡിന്റെ കോച്ചായിരുന്ന മുന്‍ താരം കഴിഞ്ഞ സീസണിലാണ് പരിശീലക സ്ഥാനമൊഴിയുന്നത്. അദ്ദേഹത്തെ ക്ലബ്ബിലെത്തിക്കാന്‍ കഴിഞ്ഞ സീസണിലും പി.എസ്.ജി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഈ സീസണില്‍ സിദാനെ പാരീസിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് പി.എസ്.ജി.

ഇവര്‍ക്ക് രണ്ടുപേര്‍ക്കും പുറമെ അന്റോണിയോ കോണ്ടെയെയാണ് പി.എസ്.ജി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം കോണ്ടെ ടോട്ടന്‍ഹാം ഹോട്സ്പറിലെ പരിശീലനം അവസാനിപ്പിച്ചിരുന്നു.

Content Highlights: PSG wants to replace coach Cristophe Galtier with Julian Nagalsmann