ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ക്ലബിലെത്തിക്കാന്‍ സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡ് കഴിഞ്ഞ രണ്ട് സീസണുകളായി രംഗത്തുണ്ട്.
എംബാപ്പെക്ക് ഈ സീസണില്‍ ലോസ് ബ്ലാങ്കോസിനൊപ്പം ചേരാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും പി.എസ്.ജി താരത്തെ വിട്ടുനല്‍കാന്‍ ഒരുക്കമായിരുന്നില്ല. പാരീസിയന്‍സുമായി 2024 വരെയാണ് എംബാപ്പെക്ക് കരാറുള്ളത്. കരാര്‍ അവസാനിക്കാതെ താരത്തെ ഫ്രീ ഏജന്റായ അയക്കാന്‍ പി.എസ്.ജി ഒരുക്കമായിരുന്നില്ല.
എംബാപ്പെയുടെ ആവശ്യം ശക്താമായപ്പോള്‍ താരത്തെ വിട്ടയക്കാന്‍ 250 ദശലക്ഷം യൂറോ പി.എസ്.ജി റയല്‍ മാഡ്രിഡിനോട് ആവശ്യപ്പെടുകയായിരുന്നു. കരാര്‍ സംബന്ധിച്ച് തടസങ്ങള്‍ നേരിട്ടതിനാല്‍ ഒരു വര്‍ഷത്തേക്ക് കൂടി പി.എസ്.ജിയില്‍ തുടരാന്‍ എംബാപ്പെ നിര്‍ബന്ധിതനാവുകയായിരുന്നു.
എന്നാല്‍ കരാര്‍ അവസാനിച്ചതിന് ശേഷവും എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്തുന്നതിനായി പി.എസ്.ജി താരത്തിന്റെ വേതനത്തില്‍ വലിയ വര്‍ധനവുണ്ടാക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്തുന്നതിനായി പി.എസ്.ജി എന്ത് സൗകര്യവും ഒരുക്കാന്‍ തയ്യാറാണെന്നാണ് ഡിഫന്‍സ സെന്‍ട്രല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, എംബാപ്പെക്കായി 120 മില്യണ്‍ യൂറോ മുടക്കാന്‍ റയല്‍ ഡയറക്ടര്‍ ബോര്‍ഡും അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത സീസണിനൊടുവില്‍ എംബാപ്പെ ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമെന്നതിനാല്‍ 120 മില്യണ്‍ യൂറോക്ക് തന്നെ എംബാപ്പെയെ നല്‍കാന്‍ പി.എസ്.ജി നിര്‍ബന്ധിതരാകുമെന്നാണ് റയലിന്റെ കണക്കുകൂട്ടല്‍.
Content Highlights: PSG wants to keep Mbappe at any cost