ഈ സീസണിന്റെ അവസാനത്തോടെ ലയണല്‍ മെസി പി.എസ്.ജി വിടുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. മെസിക്ക് ഒത്ത പകരക്കാരനെ അന്വേഷിക്കുകയാണ് പി.എസ്.ജി എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചെല്‍സി താരം ജോവോ ഫെലിക്സിനെ ക്ലബ്ബിലെത്തിക്കാനാണ് പി.എസ്.ജി പദ്ധതിയിടുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
മുണ്ടോ ഡീപോര്‍ട്ടീവോയുടെ റിപ്പോര്‍ട്ട് പ്രകാരം 100 മില്യണ്‍ യൂറോയാണ് ഫെലിക്സിനായി പി.എസ്.ജി വാഗ്ദാനം ചെയ്തത്. എന്നാല്‍ സ്ഥിരതാരമായി ഫെലിക്സിനെ വിട്ട് നല്‍കാന്‍ ചെല്‍സി തയ്യാറല്ലെന്നും 20 മില്യണ്‍ യൂറോ പാക്കേജില്‍ ലോണ്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് താരത്തെ കളിപ്പിക്കാമെന്നാണ് ചെല്‍സി മുന്നോട്ടുവെച്ച ഓഫര്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അത്ലെറ്റികോ മാഡ്രിഡില്‍ നിന്ന് ആറ് മാസത്തെ ലോണ്‍ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജനുവരിയിലാണ് ജാവോ ഫെലിക്സ് ചെല്‍സിയിലെത്തുന്നത്. ചെല്‍സിക്കായി ഈ സീസണില്‍ കളിച്ച 16 മത്സരങ്ങളില്‍ നിന്ന് രണ്ട് തവണ മാത്രമെ പോര്‍ച്ചുഗീസ് താരത്തിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ 23കാരനായ താരത്തെ വേണ്ട വിധം ഉപയോഗിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പി.എസ്.ജി.
അതേസമയം, വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കുക. തുടര്‍ന്ന് താരം തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
ബാഴ്‌സലോണക്ക് പുറമെ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമി, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ എന്നിവരാണ് മെസിയെ സൈന്‍ ചെയ്യിക്കാന്‍ രംഗത്തുള്ളത്. 400 മില്യണ്‍ യൂറോയുടെ ഞെട്ടിക്കുന്ന ഓഫറാണ് അല്‍ ഹിലാല്‍ മെസിക്ക് മുന്നില്‍ നീട്ടിയിരിക്കുന്നത്. ഇതിനിടെ മെസി അല്‍ ഹിലാലുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും താരത്തിന്റെ പിതാവ് വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നാണ് മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി അറിയിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഉദ്ദരിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.