ലയണല്‍ മെസിക്ക് പകരക്കാരനായി പി.എസ്.ജി ബെര്‍ണാഡോ സില്‍വയെ ക്ലബ്ബിലെത്തിക്കുന്നെന്ന് റിപ്പോര്‍ട്ട്.
ക്ലബ്ബുമായുള്ള കരാര്‍ പുതുക്കുന്നതില്‍ മെസി താത്പര്യം പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്നാണ് പി.എസി.ജി പുതിയ തീരുമാനമെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡയറോ സ്‌പോര്‍ടാണ് വിവരം പുറത്തുവിട്ടത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം 80 മില്യണ്‍ യൂറോക്കാണ് സില്‍വയെ പി.എസ്.ജി സൈന്‍ ചെയ്യുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതോടെ ടീമില്‍ വലിയ അഴിച്ചുപണിയാണ് പി.എസ്.ജി നടത്തുന്നത്.
എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്തി മെസിയെയും നെയ്മറിനെയും പി.എസ്.ജി റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ലോകകപ്പിന് മുമ്പ് തന്നെ പി.എസ്.ജി മെസിയുടെ കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വേള്‍ഡ് കപ്പിന് ശേഷം മതിയെന്നായിരുന്നു താരത്തിന്റെ നിലപാട്.
എന്നാല്‍ ലോകകപ്പ് കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും മെസി തന്റെ തീരുമാനം അറിയിച്ചിട്ടില്ല. തുടര്‍ന്നാണ് സില്‍വയെ ക്ലബ്ബിലെത്തിക്കാന്‍ പി.എസ്.ജി പദ്ധതിയിട്ടതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ഇതിനിടെ മെസി മുന്‍ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് തിരിച്ചുപോകുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ബാഴ്‌സ പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ടയുമായി പിരിഞ്ഞാണ് മെസി ക്ലബ്ബ് വിട്ടതെന്നതിനാല്‍ ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: PSG wants Lionel Messi to replace Bernado Silva