| Monday, 19th September 2022, 10:50 pm

എംബാപ്പെക്കൊപ്പം മെസിയും നെയ്മറും പോരാഞ്ഞിട്ടാണോ ബാഴ്‌സയുടെ സൂപ്പര്‍ സ്‌ട്രൈക്കറും; ഓ സോറി, നെയ്മര്‍ ഉണ്ടാവില്ലല്ലോ ലേ...

സ്പോര്‍ട്സ് ഡെസ്‌ക്

ഈ സമ്മറില്‍ ബാഴ്‌സലോണയുടെ സ്റ്റാര്‍ സ്‌ട്രൈക്കറും പോളിഷ് ഇന്റര്‍നാഷണലുമായ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയെ ടീമിലെത്തിക്കാന്‍ പാരീസ് സെന്റ് ഷെര്‍മാങ് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ടെന്‍ സ്‌പോര്‍ട്ടാണ് (10Sport) വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബാഴ്‌സലോണയുടെ ഗോളടിയന്ത്രത്തെ ടീമിലെത്തിക്കാന്‍ നെയ്മറിനെ വില്‍ക്കാനും പി.എസ്.ജിക്ക് പ്ലാനുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അറ്റാക്കിങ്ങില്‍ എംബാപ്പെക്കൊപ്പം കളിക്കാനാണ് പി.എസ്.ജി താരത്തെ ടീമിലെത്തിക്കാന്‍ ശ്രമിച്ചത്.

കഴിഞ്ഞ സീസണിലെ താരതമ്യേന മോശം പ്രകടനമാണ് മുന്‍ കറ്റാലന്‍ വിങ്ങറെ ടീമില്‍ നിന്നും നടതള്ളാന്‍ പി.എസ്.ജിയെ ചിന്തിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നെയ്മറിന് പകരം ആ പൊസിഷനിലേക്ക് മികച്ച പകരക്കാരെ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെയാണ് പി.എസ്.ജി ആ ശ്രമം ഉപേക്ഷിച്ചത്.

ബയേണ്‍ മ്യൂണിക്കില്‍ നിന്നും ഫ്രീ ട്രാന്‍സ്ഫര്‍ വഴി ബാഴ്‌സയിലെത്തിയ ലെവന്‍ഡോസ്‌കിയെ ആയിരുന്നു പി.എസ്.ജി അറ്റാക്കിങ്ങില്‍ മെസിക്കും എംബാപ്പെക്കും ഒപ്പം കളിപ്പിക്കാന്‍ മനസില്‍ കണ്ടിരുന്നത്.

എന്നാല്‍ ലെവന്‍ഡോസ്‌കി ബാഴ്‌സയിലെത്തിയതോടെ ആ നിക്കം വെള്ളത്തില്‍ വരച്ച വര പോലെ ആയി.

പി.എസ്.ജിയുടെ പത്താം നമ്പര്‍ ആയ നെയ്മറിനെ പുറത്താക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടായിരുന്നതായുള്ള അവകാശവാദങ്ങള്‍ ടീമിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടറായ ലൂയിസ് കാംപോസ് നിരസിച്ചിരുന്നു.

‘നെയ്മര്‍ ടീം വിടാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. ഈ സമ്മറില്‍ നെയ്മറിനെ കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങളും വ്യാജമായിരുന്നു.

നെയ്മറിനെ വില്‍ക്കാന്‍ എംബാപ്പെ മുന്‍കൈ എടുത്തു എന്നത് അതിലും വലിയ വ്യാജവാര്‍ത്തയാണ്. നെയ്മര്‍ നൂറ് ശതമാനവും ഞങ്ങളുടെ പദ്ധതിയുടെ ഭാഗമാണ്,’ ആര്‍.എം.സി സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തില്‍ കാംപോസ് പറഞ്ഞു.

കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് താരത്തിന് വിനയായതെങ്കില്‍ ഈ സീസണില്‍ നെയ്മറിന്റെ പ്രകടനമാണ് പി.എസ്.ജിയെ മുന്നോട്ട് നയിക്കുന്നതും ടീമിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതും.

ഗോളടിച്ചും അടിപ്പിച്ചും നെയ്മര്‍ മുന്നേറ്റത്തിന്റെ നിര്‍ണായക ഘടകമായി മാറുകയാണ്. ലിയോണിനെതിരായ കഴിഞ്ഞ മത്സരത്തില്‍ നെയ്മറിന്റെ അസിസ്റ്റിലൂടെയായിരുന്നു മെസിയുടെ കാലില്‍ നിന്നും പി.എസ്.ജിയുടെ വിജയ ഗോള്‍ പിറന്നത്.

സീസണില്‍ 11 മത്സരത്തില്‍ നിന്നും 11 ഗോളും എട്ട് അസിസ്റ്റുമാണ് താരം തന്റെ പേരില്‍ കുറിച്ചിരിക്കുന്നത്.

Content Highlight:  PSG wanted to sell Neymar and sign Robert Lewandowski to play alongside Kylian Mbappe

We use cookies to give you the best possible experience. Learn more