വരാനിരിക്കുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വിട്ട് നല്‍കാന്‍ തയ്യാറല്ലാത്ത ഏഴ് താരങ്ങളുടെ പട്ടിക പി.എസ്.ജി പുറത്തിറക്കിയതായി റിപ്പോര്‍ട്ട്. ലിസ്റ്റില്‍ ലയണല്‍ മെസിയും നെയ്മറുമില്ല. ഫ്രഞ്ച് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത ചാമ്പ്യന്‍സ് ലീഗിന് മുന്നോടിയായി ക്ലബ്ബില്‍ വന്‍ അഴിച്ചുപണി നടത്താനാണ് പി.എസ്.ജി പദ്ധതിയിടുന്നത്.
കിലിയന്‍ എംബാപ്പെ, ഡോണറുമ്മ, നുനോ മെന്‍ഡസ്, അഷ്‌റഫ് ഹക്കിമി, ഡാനിലോ പെരേര, മാര്‍ക്കോ വെരാട്ടി മാര്‍ക്വിഞ്ഞോസ് എന്നീ ഏഴ് താരങ്ങളെയാണ് പി.എസ്.ജി നോണ്‍ ട്രാന്‍സ്ഫറബിള്‍ താരങ്ങളായി നിലനിര്‍ത്തിയിരിക്കുന്നത്.
പി.എസ്.ജിയുമായി രണ്ട് വര്‍ഷത്തെ കരാര്‍ ബാക്കിയുണ്ടെങ്കിലും പരിക്കുകളെ തുടര്‍ന്ന് താരത്തിന് ഈ സീസണ്‍ നഷ്ടമായിരിക്കുകയാണ്. 2017ല്‍ താരം പി.എസ്.ജിയില്‍ ജോയിന്‍ ചെയ്തതിന് ശേഷം 173 മത്സരങ്ങളില്‍ നിന്ന് 118 ഗോളും 77 അസിസ്റ്റുമാണ് താരം അക്കൗണ്ടിലാക്കിയത്.
അതേസമയം, വരുന്ന ജൂണില്‍ കരാര്‍ അവസാനിക്കാനിരിക്കെ മെസിയെ നിലനിര്‍ത്താന്‍ പി.എസ്.ജി ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും കോണ്‍ട്രാക്ടില്‍ സൈന്‍ ചെയ്യാന്‍ താരം തയ്യാറായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
വരുന്ന ജൂണിലാണ് പി.എസ്.ജിയുമായുള്ള താരത്തിന്റെ കരാര്‍ അവസാനിക്കുക. പി.എസ്.ജി പലതവണ മെസിയുമായുള്ള കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ക്ലബ്ബ് ഫുട്ബോളിലെ ഭാവി പദ്ധതികളെക്കുറിച്ച് മെസി ഇതുവരെ തന്റെ തീരുമാനം വ്യക്തമാക്കിയിട്ടില്ല.
സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാല്‍ മോഹവില കൊടുത്ത് താരത്തെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും മെസി ഓഫര്‍ നിരസിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തന്റെ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങാനാണ് മെസിയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.