| Friday, 24th March 2023, 1:17 pm

മെസി പോയാൽ പോർച്ചുഗലിൽ നിന്ന് പി.എസ്.ജി പകരം ആളെയിറക്കും; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോൾ ലോകത്തെ ഇപ്പോഴത്തെ പ്രധാനപ്പെട്ട ചർച്ചാവിഷയമാണ് മെസിയുടെ അടുത്ത ക്ലബ്ബ് പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ. ജൂണിൽ പി.എസ്.ജിയുമായുള്ള കരാർ അവസാനിച്ച ശേഷം ഫ്രീ ഏജന്റായി മാറുന്ന താരം ബാഴ്സയിലേക്ക് മടങ്ങുമോ അതോ പി. എസ്.ജിയിൽ തുടരുമോ എന്നാണ് ആരാധകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

കൂടാതെ ഇന്റർ മിയാമി, അൽ ഹിലാൽ മുതലായ ക്ലബ്ബുകളും മെസിയെ നോട്ടമിട്ട് രംഗത്തുണ്ട്.
എന്നാലിപ്പോൾ മെസി ബാഴ്സയിലേക്ക് മടങ്ങിയാൽ താരത്തിന് പകരക്കാരനായി പോർച്ചുഗലിൽ നിന്നും പ്ലെയറിനെക്കൊണ്ടുവരാൻ പി.എസ്.ജി ശ്രമിക്കുന്നു എന്ന റിപ്പോർട്ടുകളിപ്പോൾ പുറത്ത് വരുന്നുണ്ട്.

ഇറ്റാലിയൻ മാധ്യമമായ കാൽശ്യോ മെർക്കാറ്റോയാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. പോർച്ചുഗൽ സൂപ്പർ താരമായ റാഫേൽ ലിയാവോയെയാണ് മെസിയുടെ പകരക്കാരനായി തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ പി.എസ്.ജി ശ്രമം നടത്തുന്നത്.

അടുത്ത സീസണോടെ എസി മിലാനിലെ കരാർ അവസാനിക്കുന്ന ലിയാവോയെ ക്ലബ്ബിൽ എത്തിക്കുന്നതോടെ മുന്നേറ്റ നിരയിൽ കൂടുതൽ അവസരങ്ങൾ സൃഷ്‌ടിക്കപ്പെടുമെന്നാണ് പി.എസ്.ജി മാനേജ്മെന്റ് കണക്കുകൂട്ടുന്നത്. ഏകദേശം 120 മില്യൺ യൂറോക്കായിരിക്കും താരത്തെ പി.എസ്.ജി സ്വന്തമാക്കുകയെന്നാണ് കാൽശ്യോ മെർക്കാറ്റോയുടെ റിപ്പോർട്ടിൽ പറയുന്നത്.

ഇറ്റാലിയൻ ലീഗിൽ 35 മത്സരങ്ങളിൽ നിന്നും ഒമ്പത് ഗോളുകളും 10 അസിസ്റ്റുകളും നേടിയ താരത്തെ ലോകത്തിലെ തന്നെ മികച്ച മുന്നേറ്റ നിര താരങ്ങളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. സീരി എയിലെ പ്ലെയർ ഓഫ് ദ വീക്കായും താരം തെരഞ്ഞെടുക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതേസമയം ഈ സീസണിൽ 32 മത്സരങ്ങളിൽ നിന്നും 18 ഗോളുകളും 17 അസിസ്റ്റുകളുമാണ് പി.എസ്.ജിക്കായി മെസി സ്വന്തമാക്കിയത്. ഏപ്രിൽ മൂന്നിന് ലിയോണിനെതിരെയാണ് പാരിസ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:PSG want sign Rafael Leao for the replacement of Lionel Messi

We use cookies to give you the best possible experience. Learn more