ഫ്രഞ്ച് ടോപ്പ് ടയർ ഫുട്ബോൾ ലീഗായ ലീഗ് വണ്ണിൽ തങ്ങളുടെ വിജയ വഴിയിലൂടെ തന്നെ മുന്നോട്ട് പോവുകയാണ് പി.എസ്.ജി.
ഞായറാഴ്ച നടന്ന മത്സരത്തിൽ ഫ്രഞ്ച് ക്ലബ്ബ് ബ്രെസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ചിര വൈരികളായ മാഴ്സെയുമായുള്ള പോയിന്റ് വ്യത്യാസം പത്തിലേറെയായി വർധിപ്പിക്കാൻ പാരിസ് ക്ലബ്ബിന് സാധിച്ചു.
മത്സരത്തിന്റെ അവസാന മിനിട്ടിൽ കിലിയൻ എംബാപ്പെ നേടിയ ഗോളിലാണ് ബ്രെസ്റ്റിനെതിരെ പി.എസ്.ജി ജയിച്ചു കയറിയത്.
എന്നാൽ ക്ലബ്ബിൽ നിന്നും സൂപ്പർ താരം എംബാപ്പെ കളം വിടുകയാണെങ്കിൽ പ്രീമിയർ ലീഗിൽ നിന്നും എംബാപ്പെയുടെ എതിരാളി എന്നറിയപ്പെടുന്ന താരത്തെ ക്ലബ്ബിലെത്തിക്കാൻ പി.എസ്.ജി ശ്രമം തുടരും എന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്.
എംബാപ്പെ പോയാൽ താരത്തിന്റെ എതിരാളി എന്നറിയപ്പെടുന്ന എർലിങ് ഹാലണ്ടിനെ പി.എസ്.ജിയിലെത്തിക്കാനാണ് ഫ്രഞ്ച് ക്ലബ്ബ് ശ്രമിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഡാനിയൽ റയോലൊയാണ് ആർ.എം.സി സ്‌പോർട്സിലൂടെ ഹാലണ്ടിനെ ക്ലബ്ബിലെത്തിക്കാനുള്ള പാരിസ് ക്ലബ്ബിന്റെ പദ്ധതികളെക്കുറിച്ച് പ്രസ്താവിച്ചത്.
ഈ സീസണിൽ ഇതുവരെ മാൻ സിറ്റിക്കായി 33 ഗോളുകൾ സ്വന്തമാക്കാൻ സാധിച്ച ഹാലണ്ട് സിറ്റിയിലെ അന്തരീക്ഷവുമായി സ്വരച്ചേർച്ചയിലല്ലെന്നും അതിനാൽ തന്നെ ഏകദേശം 200 മില്യൺ യൂറോക്ക് താരം പി. എസ്.ജിയിലേക്ക് എത്താൻ സാധ്യതയുണ്ടെന്നുമാണ് റയോലൊ പറയുന്നത്.
ഹാലണ്ടിന്റെ ഗോളടി മികവിൽ സിറ്റി മാനേജ്മെന്റ് തൃപ്ത്തരാണെങ്കിലും ടീമുമായി ഒത്തുചേർന്ന് കളി മെനയുന്നതിന് സാധിക്കാത്തതിനാൽ നോർവീജിയൻ താരം ക്ലബ്ബ് വിടുന്നത് സിറ്റിക്ക് വലിയ തിരിച്ചടിയാകില്ലെന്നും റയോലൊ തന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
എന്നാൽ നിലവിൽ യുവേഫയുടെ സാമ്പത്തിക അച്ചടക്ക മാനദണ്ഡങ്ങൾ മറികടന്നതിനാൽ ഫണ്ട് ചിലവഴിക്കുന്നതിൽ നിയന്ത്രണമുള്ള ക്ലബ്ബിന് നിലവിൽ സ്‌ക്വാഡിലുള്ള ഏതെങ്കിലും സൂപ്പർ താരത്തെ വിറ്റാൽ മാത്രമേ ഹാലണ്ടിനെ പി.എസ്.ജിയിലേക്ക് എത്തിക്കാൻ സാധിക്കുകയുള്ളൂ.
അതേസമയം ലീഗ് വണ്ണിൽ 27 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളുമായി നിലവിൽ 66 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പി.എസ്.ജി.