| Friday, 14th October 2022, 9:19 am

ഇതെന്താ പിള്ളേര് കളിയാണോ, അവന്മാരെ പുറത്താക്കണമെങ്കില്‍ കോടികള്‍ അങ്ങോട്ട് കൊടുക്കണം, അതൊന്നും നടപ്പുള്ള കാര്യമല്ല മോനേ; എംബാപ്പെയോട് പി.എസ്.ജി

സ്പോര്‍ട്സ് ഡെസ്‌ക്

സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ പി.എസ്.ജി വിടുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ താരത്തെ കുറിച്ചുള്ള നിരവധി വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

സഹതാരങ്ങളായ നെയ്മറിനോടും മെസിയോടും എംബാപ്പെക്ക് ഉണ്ടായിരുന്ന സ്വരചേര്‍ച്ചകള്‍ നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. നെയ്മറിനെ ടീമില്‍ നിന്നും പുറത്താക്കാനുള്ള ശ്രമങ്ങളും ഫ്രഞ്ച് താരം നടത്തിയിരുന്നതായി പി.എസ്.ജി വൃത്തങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ഈ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരും സ്‌പോര്‍ട്‌സ് മാധ്യമങ്ങളുമാണ് പല വിവരങ്ങളും പുറത്തുവിടുന്നത് എന്നത് ഇതുവരെ പുറത്തുവന്ന പല വിവരങ്ങളുടെയും ആധികാരികത വര്‍ധിപ്പിക്കുന്നുണ്ട്.

നെയ്മറും മെസിയും പി.എസ്.ജിയില്‍ വരുന്നതിന് മുമ്പ് എംബാപ്പെയായിരുന്നു കളിക്കളത്തിലും ഡ്രസിങ് റൂമിലും ക്ലബിനെ നയിച്ചിരുന്നത്. എന്നാല്‍ ലാറ്റിനമേരിക്കന്‍ താരങ്ങളുടെ വരവോടെ കളിക്കളത്തില്‍ എം.എന്‍.എം ത്രയമാവുകയായിരുന്നു. ഡ്രസിങ് റൂമിലും നെയ്മറിനും മെസിക്കും വലിയ സ്വാധീനമുണ്ടായിരുന്നു.

ഇതില്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ച എംബാപ്പെ ക്ലബുമായുള്ള കരാര്‍ പുതുക്കണമെങ്കില്‍ ഈ സ്ഥിതിക്ക് മാറ്റം വരണമെന്ന് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ഈ ഡിമാന്‍ഡ് ക്ലബ് അംഗീകരിച്ചിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് എംബാപ്പെ കരാര്‍ മൂന്ന് വര്‍ഷത്തേക്ക് നീട്ടിയതെന്നും പറയപ്പെടുന്നു.

താന്‍ മാത്രമേ പി.എസ്.ജിയുടെ പ്രധാന താരമായി ഉണ്ടാകാന്‍ പാടുള്ളുവെന്നതായിരുന്നു എംബാപ്പെയുടെ ആവശ്യം. എന്നാല്‍ നെയ്മറിനെയും മെസിയെയും ഒഴിവാക്കുന്നത് അത്ര എളുപ്പമാകില്ലെന്ന് പിന്നീട് ക്ലബ് അറിയിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ എംബാപ്പ ക്ലബ് വിടുന്ന ആലോചനകളിലേക്ക് കടക്കാന്‍ കാരണമായത്.

നെയ്മറും മെസിയുമായുള്ള കരാറുകള്‍ റദ്ദാക്കണമെങ്കില്‍ 500 മില്യണ്‍ യൂറോ നല്‍കേണ്ടി വരുമെന്നും അത് ബുദ്ധിമുട്ടാണെന്നും പാരിസ് സെന്റ് ഷെര്‍മാങ് എംബാപ്പെയെ അറിയിച്ചുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്നത്. മാര്‍കയാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചരിക്കുന്നത്.

നേരത്തെ തന്നെ ക്ലബില്‍ പ്രത്യേക അധികാരങ്ങളുണ്ടായിരുന്ന എംബാപ്പെക്ക് കരാര്‍ പുതുക്കലിന്റെ ഭാഗമായി കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിരുന്നു. അവ ഉപയോഗിച്ചായിരുന്നു നെയ്മറിനെ പുറത്താക്കാന്‍ നീക്കങ്ങള്‍ നടത്തിയത്.

പക്ഷെ നെയ്മറിനെ വാങ്ങാന്‍ തയ്യാറായവരെ കണ്ടെത്താന്‍ പി.എസ്.ജിക്കായില്ല. ഇങ്ങനെ വെട്ടിലായ ക്ലബിന് മുന്നില്‍ തന്റെ ക്ലബിലെ കരിയര്‍ സുരക്ഷിതമാക്കാനുള്ള നിബന്ധന കൂടി വെച്ചുകൊണ്ടായിരുന്നു നെയ്മര്‍ കരാര്‍ നീട്ടിയത്.

അതേസമയം താരം പി.എസ്.ജി വിടുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായിക്കൊണ്ടിരിക്കെ എംബാപ്പെയുടെ ആറ്റിറ്റിയൂഡിനെതിരെ ക്ലബ്ബിലെ സാധാരണ സ്റ്റാഫുകള്‍ പോലും അതൃപ്തിയറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ സമ്മറില്‍ കരാര്‍ പുതുക്കുമ്പോള്‍ എംബാപ്പെക്ക് നല്‍കിയ പ്രത്യേക അധികാരത്തെയായിരുന്നു സ്റ്റാഫുകളും എതിര്‍ത്തത്. എല്‍ എക്വിപ്പെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്.

Content Highlight: PSG told Mbappe that they can’s terminate the contracts with Messi and Neymar that easily

We use cookies to give you the best possible experience. Learn more