പൊന്നുമോനേ നീ പോകല്ലേ... വേണേല്‍ വമ്പന്‍മാരെ തന്നെ കൂട്ടിന് കൊണ്ട് തരാം; എംബാപ്പെയെ നിലനിര്‍ത്താന്‍ റയലില്‍ നിന്നും സൂപ്പര്‍ താരത്തെ പൊക്കാനൊരുങ്ങി പി.എസ്.ജി
സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ടീമില്‍ നിലനിര്‍ത്തുന്നതിനായി റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സെമയെ ടീമിലെത്തിക്കാന്‍ പദ്ധതികളിട്ട് പാരീസ് സെന്റ് ഷെര്‍മാങ്.
ബെന്‍സെമക്കായി പടുകൂറ്റന്‍ പ്രതിഫലം വെച്ചുനീട്ടിയാണ് പി.എസ്.ജി താരത്തെ ടീമിലെത്തിക്കാന്‍ ഒരുങ്ങുന്നതെന്നാണ് എല്‍ നാഷണല്‍ (El Nacional) റിപ്പോര്‍ട്ട് ചെയ്യുന്നത്.
ടീമിന്റെ ഇപ്പോഴുള്ള അന്തരീക്ഷത്തില്‍ ഒട്ടും തൃപ്തനല്ലാത്തതിനാല്‍ പി.എസ്.ജി വിടണമെന്ന് എംബാപ്പെ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. തനിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും താരം ആരോപിക്കുന്നു.
എന്നാല്‍ എംബാപ്പെയെ ടീമില്‍ നിലനിര്‍ത്തുന്നതിനായുള്ള വഴികളാണ് പി.എസ്.ജി തേടുന്നത്. ഇതിനായി റയലിന്റെ സൂപ്പര്‍ താരവും ഫ്രഞ്ച് ഇന്റര്‍നാഷണലുമായ കരീം ബെന്‍സെമയെ തന്നെ പൊക്കാനാണ് ലീഗ് വണ്‍ വമ്പന്‍മാര്‍ പ്ലാനിടുന്നത്.
20 മില്യണ്‍ പൗണ്ടാണ് പി.എസ്.ജി ബെന്‍സെമക്ക് മുമ്പില്‍ വെച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബെന്‍സെമക്ക് റയലില്‍ നിന്നും ലഭിക്കുന്നതിന്റെ ഏകദേശം ഇരട്ടി തുകയാണിത്.
റയലില്‍ നിന്നും തട്ടകം മാറ്റണമെന്ന് ബെന്‍സെമ നേരത്തെ പറഞ്ഞിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പി.എസ്.ജി തന്ത്രങ്ങള്‍ മെനയുന്നത്.
ഒരു ദശാബ്ദത്തിലധികമായി സ്പാനിഷ് വന്‍മാരുടെ മുന്നേറ്റ നിരയിലെ പ്രധാനിയാണ് കരീം ബെന്‍സെമ. 2009ല്‍ റയലിനൊപ്പം ചേര്‍ന്ന താരം ലോസ് ബ്ലാങ്കോസിന്റെ നിരവധി കിരീട നേട്ടങ്ങളില്‍ പങ്കാളിയായിരുന്നു.
റയലിനായി കളിച്ച 614 മത്സരത്തില്‍ നിന്നും 327 ഗോളും 160 അസിസ്റ്റുമാണ് താരത്തിന്റെ പേരിലുള്ളത്.
ദേശീയ ടീമില്‍ ഒരുമിച്ച് കളിക്കുന്നതിനാല്‍ ഇരുവരും തമ്മില്‍ മികച്ച ബന്ധമാണുള്ളത്. ഫ്രാന്‍സിലേതെന്ന പോലെ ക്ലബ്ബ് തലത്തിലും എംബാപ്പെയുമായി ഡ്രസിങ് റൂം പങ്കിടാന്‍ ബെന്‍സെമക്ക് താത്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ, താരം ലീഗ് വണ്ണില്‍ കളിച്ചിരുന്നു. ഒളിംപിക്വെ ലിയോണിന് വേണ്ടിയായിരുന്നു താരം ഫ്രഞ്ച് ലീഗില്‍ കളിച്ചത്. ലിയോണിനായി 148 മത്സരം കളിച്ച ബെന്‍സെമ 66 ഗോളും 27 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു എംബാപ്പെ ടീം വിടണമെന്ന് ക്ലബ്ബിനോടാവശ്യപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. ജനുവരിയില്‍ ക്ലബ്ബ് വിടുമെന്നായിരുന്നു താരം പി.എസ്.ജി മാനേജ്‌മെന്റിനെ അറിയിച്ചത്.
എംബാപ്പെ ജൂലൈയില്‍ തന്നെ ക്ലബ്ബ് വിടാന്‍ തീരുമാനിച്ചിരുന്നെങ്കിലും ടീം സെലക്ഷനിലടക്കം ഇടപെടാനുള്ള പ്രത്യേക അധികാരങ്ങള്‍ നല്‍കി പി.എസ്.ജി താരത്തെ പിടിച്ചുനിര്‍ത്തുകയായിരുന്നു.
പി.എസ്.ജി വിവിധ വാഗ്ദാനങ്ങള്‍ ചെയ്ത് തന്നെ പറ്റിക്കുകയായിരുന്നുവെന്നും കരാര്‍ പുതുക്കുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും എംബാപ്പെ പറയുന്നു.
എന്നാല്‍ എന്ത് വില നല്‍കിയും എംബാപ്പെയെ നിലനിര്‍ത്താനാണ് പി.എസ്.ജി ശ്രമിക്കുന്നത്.
Content Highlight: PSG to sign Real Madrid star Karim Benzema to keep Mbappe in team